JHL

JHL

മൊഗ്രാൽ ദേശീയവേദി നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന് റെയിൽവേയുടെ മറുപട;: ബാരിക്കേഡുകൾ ജനങ്ങളുടെ സുരക്ഷയ്ക്ക്, എടുത്തുമാറ്റാനാവില്ല, റെയിൽപ്പാളം മുറിച്ചു കിടക്കുന്നത് നിയമ വിരുദ്ധം


മൊഗ്രാൽ(www.truenewsmalayalam.com) :  മൊഗ്രാൽ പടിഞ്ഞാറ് പ്രദേശത്തെ വിദ്യാർത്ഥികളും, വയോജനങ്ങളുമുൾ പ്പടെയുള്ള പ്രദേശവാസികൾക്ക് റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ റെയിൽവേയുടെ നടപടിക്കെതിരെ മൊഗ്രാൽ ദേശീയവേദി മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ വിശദീകരണവുമായി പാലക്കാട് റെയിൽവേ ഡിവിഷൻ കാര്യാലയം.

 മൊഗ്രാൽ കൊപ്പളം, മീലാദ് നഗർ എന്നിവിടങ്ങളിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഈ വർഷമാദ്യം റെയിൽവേ ബാരിക്കേഡുകൾ കെട്ടി വഴിയടച്ചത്. റെയിൽപ്പാളം മുറിച്ചുകിടക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു നടപടി.

 ഇത് മൊഗ്രാൽ പടിഞ്ഞാർ പ്രദേശത്തുള്ള നൂറുകണക്കിന് വിദ്യാർത്ഥികളുടെ സ്കൂൾ പഠനത്തിന് പോലും തടസ്സമാവുന്നുവെന്ന് കാണിച്ചായിരുന്നു മൊഗ്രാൽ ദേശീയവേദി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

 മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് പരിസരത്ത് നിന്ന് 500 മീറ്റർ അകലെയും, മൊഗ്രാൽ നാങ്കി, ഗാന്ധിനഗർ കടപ്പുറത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയുമുള്ള കൊപ്പളം അടിപ്പാത പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നാണ് റെയിൽവേ കാര്യാലയം പറയുന്നത്. 

മംഗലാപുരം- കാസറഗോഡ് റൂട്ടിൽ വേഗതയിലുള്ള ട്രെയിനുകൾ സർവീസ് തുടങ്ങിയതിനാൽ സ്കൂൾ കുട്ടികൾക്കും, വയോജനങ്ങൾക്കുമുള്ള അപകടസാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് റെയിൽവേ നടപടി സ്വീകരിച്ചതെന്ന് വിശദീകരണത്തിൽ വ്യക്തമാക്കുന്നുണ്ട്. 

റെയിൽപ്പാളം മുറിച്ചു കടക്കുന്നത് ഇന്ത്യൻ റെയിൽവേ ആക്ടിലെ സെക്ഷൻ 147 പ്രകാരം ശിക്ഷാർഹമാണെന്നും, പാളം അതിക്രമിച്ചു കടക്കുന്നവർക്ക് 500 മുതൽ 1000 രൂപ വരെ പിഴ ഈടാക്കുമെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. 

സുരക്ഷാ മുൻനിർത്തി ബാരിക്കേഡുകൾ സ്ഥാപിച്ചത് മൊഗ്രാലിൽ മാത്രമല്ലെന്നും,പാലക്കാട് ഡിവിഷനിലുടനീളം അനധികൃത ട്രാക്ക് ക്രോസിങ് സ്ഥലങ്ങൾ കണ്ടെത്തി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പാലക്കാട് റെയിൽവേ ഡിവിഷൻ വിഷൻ എൻജിനീയറുടെ വിശദീകരണ കത്തിൽ പറയുന്നുണ്ട്.

 അതിനിടെ റെയിൽവേയുടെ വിശദീകരണത്തിൽ പരാതിയിൽ മേൽ തുടർനടപടികളുണ്ടെങ്കിൽ ഈ മാസം ഇരുപതാം തീയതി കാസർഗോഡ് ഗവ: ഗസ്റ്റ്ഹൗസിൽ വെച്ച് നടത്തുന്ന മനുഷ്യാവകാശ കമ്മീഷന്റെ ക്യാമ്പ് സിറ്റിങ്ങിൽ പരിഗണിക്കാമെന്നും, ഇതിൽ ദേശീയവേദി ഭാരവാഹികൾ ഹാജരാകണമെന്നും മനുഷ്യാവകാശ കമ്മീഷൻ ദേശീയവേദി ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.

 നാങ്കി കടപ്പുറത്ത് നിന്ന് കിലോമീറ്റർ അകലെയുള്ള റെയിൽവേ അടിപ്പാതയിലൂടെ നടന്നുപോകാൻ വിദ്യാർത്ഥികൾക്ക് ദുരിതമാവുമെന്നതിനാൽ നാങ്കി, മീലാദ് നഗർ, കൊപ്പളം ജുമാമസ്ജിദിന് മുൻവശം എന്നിവിടങ്ങളിൽ നടപ്പാതക്കുള്ള റെയിൽവേ സബ്-വേ അനുവദിച്ചു തരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നാട്ടുകാരുടെ ഈ ആവശ്യം മറ്റെന്നാൾ (വ്യാഴാഴ്ച)നടക്കുന്ന മനുഷ്യവകാശ സിറ്റിങ്ങിൽ രേഖാമൂലം അറിയിക്കുമെന്ന് ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.


ഫോട്ടോ: മൊഗ്രാൽ കൊപ്പളത്ത് പാളം മുറിച്ച് കടക്കുന്നത് തടയാൻ റെയിൽവേ സ്ഥാപിച്ച ബാരിക്കേഡു കൾ.

No comments