മതിലിടിഞ്ഞ് വീണ് കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം; മൂത്ത മകൾ രക്ഷപ്പെട്ടത് തലേദിവസം ഭർതൃവീട്ടിലേക്ക് തിരിച്ചു പോയതിനാൽ
മംഗളൂരു(www.truenewsmalayalam.com) : മതിലിടിഞ്ഞ് വീണ് കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം; മൂത്ത മകൾ രക്ഷപ്പെട്ടത് തലേദിവസം ഭർതൃവീട്ടിലേക്ക് തിരിച്ചു പോയതിനാൽ.
മരിച്ച യാസിറിൻ്റെ മൂത്ത മകൾ റഷീന,പെരുന്നാളിന് വീട് സന്ദർശിച്ച് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഭർതൃ വീട്ടിലേക്ക് മടങ്ങിയത്.
ഉള്ളാൾ മദനി നഗറിൽ ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം, ഭിത്തിയോട് ചേർന്ന് വളർന്നുനിന്ന രണ്ട് അടയ്ക്ക മരങ്ങൾക്ക് ചുറ്റുമുള്ള മണ്ണ് ഇളകിയതാണ് തകർച്ചയ്ക്ക് കാരണം. മഴവെള്ളം കുമിഞ്ഞുകൂടിയതോടെ കോമ്പൗണ്ട് ഭിത്തി ദുർബലമാകുകയും ചെയ്തിരുന്നു.
സംഭവത്തിൽ യാസിർ കാട്ടിപ്പള്ള (45), ഭാര്യ മറിയാമ്മ കണ്ടക് (40), മക്കളായ റിഫാന (17), റിയാന (11) എന്നിവരാണ് മരിച്ചത്.
അഗ്നിശമന സേനയും പോലീസും എത്തുന്നതിന് മുമ്പ് പ്രദേശവാസികൾ ചേർന്ന് നാല് മണിക്കൂറോളമെടുത്ത് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
"പുലർച്ചെ 6 മണിയോടെ വലിയ ശബ്ദം കേട്ട് ഞങ്ങൾ പുറത്തേക്ക് ഓടിയപ്പോൾ വീടിന് മുകളിലേക്ക് മതിൽ വീണതായി കാണപ്പെടുകയായിരുന്നു, ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വാതിൽ തകർത്ത് അകത്ത് കയറുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.
മൂന്ന് പേർ ഹാളിലും, ഒരാൾ കിടപ്പുമുറിയിലുമായിരുന്നു. ഞങ്ങൾ ആദ്യം പുറത്തെടുത്ത മൂന്ന് പേരിൽ ഒരു പെൺകുട്ടിക്ക് ചലനമുണ്ടായിരുന്നു എന്നാൽ ഇടുങ്ങിയ റോഡായതിനാൽ ആംബുലൻസിന് കൃത്യ സമയത്ത് എത്താൻ സാധിച്ചില്ല." നാട്ടുകാർ പറഞ്ഞു.
ഇതേ മതിൽ മുമ്പും ഇടിഞ്ഞു വീണിരുന്നു, എന്നാൽ വീട്ടുകാർ മംഗലാപുരത്തായിരുന്നതിനാൽ ആളപായമുണ്ടായിരുന്നില്ല.
Post a Comment