JHL

JHL

വെള്ളാപ്പള്ളിയുടെ പ്രസ്താവന; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം - റസാഖ് പാലേരി


കാസർഗോഡ്(www.truenewsmalayalam.com) : കേരളത്തിലെ മുസ്‌ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന സർക്കാറിൻ്റെ സംവിധാനമായ നവോത്ഥാന സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിൽ നിജസ്തിതി വ്യക്തമാക്കാൻ സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കും ബാധ്യതയുണ്ടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി.

വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കൺ വെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാന സർക്കാരിന്റെ മുൻകൈയിൽ രൂപീകരിക്കപ്പെട്ട പൊതുവേദിയാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതി. അതിന്റെ സുപ്രധാന പദവിയിൽ ഇരിക്കുന്ന വ്യക്തിയാണ് വിഭാഗിയ പ്രസ്ഥാവനയുമായി ദിവസങ്ങൾ പിന്നാടുട്ടും ഇടതു സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഈ പ്രസ്താവനയിൽ പ്രതിഷേധിച്ച് വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. ഹുസൈൻ മടവൂർ രാജി വെച്ചതിനെ ഗൗരവത്തിൽ കാണുവാൻ സംസ്ഥാന സർക്കാരിന് സാധിക്കണമായിരുന്നു. തെറ്റ് തിരുത്തുന്നതിന് പകരം ഇസ്‌ലാമിക പണ്ഡിതനും മുജാഹിദ് നേതാവുമായ ഡോ. ഹുസൈൻ മടവൂരിനെ തീവ്രവാദ ചാപ്പ കുത്തി അപമാനിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തിരിക്കുന്നത്. കേരളത്തോട് മാപ്പു പറഞ്ഞ് വെള്ളാപള്ളി പ്രസ്ഥാവന പിൻവലിക്കണം.

കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ സംഘ്പരിവാർ ഉയർത്തി വിട്ട വ്യാജ ആരോപണമാണ് വെള്ളാപ്പള്ളിയും ആവർത്തിച്ചിരിക്കുന്നത്. 

ആ കള്ളപ്രചാരണത്തിലെ പൊള്ളത്തരങ്ങൾ വ്യക്തമാക്കുന്ന കണക്കുകളും വിശദാംശങ്ങളും പലവുരു ഇവിടെ പുറത്തു വന്നിട്ടുള്ളതുമാണ്. 

പൊതുസാമൂഹിക നന്മയും പുരോഗമനാത്മകതയും ലക്ഷ്യം വെച്ച് ഇടതു സർക്കാർ രൂപീകരിച്ച ഒരു പൊതുവേദിയുടെ അധ്യക്ഷനിൽ നിന്ന് സമൂഹത്തിൽ വിഭാഗീയതയും അപര മതവിദ്വേഷവും വളർത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ നിരന്തരം പുറത്തു വരുമ്പോഴും സംസ്ഥാന /സർക്കാരും മുഖ്യമന്ത്രിയും പുലർത്തുന്ന മൗനം കുറ്റകരവും നിരുത്തരവാദപരവുമാണ്. പിഴവുകളെ തിരുത്താൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. 

ആ ധീരത അദ്ദേഹം കാണിക്കാതിരുന്നാൽ സമൂഹത്തിൽ അത് കൂടുതൽ ഛിദ്രതയ്ക്ക് വഴി തെളിയിക്കും. അതിന് തടയിടാനും തെറ്റിദ്ധാരണകൾ പരത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളെ നിയന്ത്രിക്കുവാനും സംസ്ഥാന സർക്കാറിൻ്റെ സത്വര ഇടപെടൽ വിഷയത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ബീരാൻ മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര, ജില്ലാ സെക്രട്ടറി സി എച്ച് ബാലകൃഷ്ണൻ, സി എച്ച് മുത്തലിബ്, ഹമീദ് കക്കണ്ടം, അബ്ദുല്ലത്തീഫ് കുമ്പള , നഹാറുദ്ദീൻ, സഹീറ അബ്ദുല്ലത്തീഫ്, അസൈനാർ ഉപ്പള തുടങ്ങിയവർ സംസാരിച്ചു. ഇസ്മാഈൽ മൂസ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സമാപന പ്രസംഗം നടത്തി.


No comments