JHL

JHL

ഇടതുകോട്ടകളായ തൃക്കരിപ്പൂർ, കല്യാശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലടക്കം വൻതിരിച്ചടി നേരിട്ടതോടെ തോൽവിക്കൊപ്പം വോട്ട് ചോർച്ചയ്ക്കും സിപിഎം നേതൃത്വം ഉത്തരം പറയേണ്ടിവരും


കാസർകോട്(www.truenewsmalayalam.com) : ഇടതുകോട്ടകളായ തൃക്കരിപ്പൂർ, കല്യാശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലടക്കം വൻതിരിച്ചടി നേരിട്ടതോടെ തോൽവിക്കൊപ്പം വോട്ട് ചോർച്ചയ്ക്കും സിപിഎം നേതൃത്വം ഉത്തരം പറയേണ്ടിവരും. 2019ൽ നേടിയതിനേക്കാൾ 44,213 വോട്ടുകളാണ് എൽഡിഎഫിന് കുറഞ്ഞത്.മഞ്ചേശ്വരം–2640, കാസർകോട്–2405, ഉദുമ–2898, കാഞ്ഞങ്ങാട്–7670, തൃക്കരിപ്പൂർ–11208, പയ്യന്നൂർ–11420, കല്യാശ്ശേരി–8137 എന്നിങ്ങനെയും വോട്ടുകൾ എൽഡിഎഫിന് കുറഞ്ഞു.എം.വി.ബാലകൃഷ്ണന്റെ പഞ്ചായത്തായ കയ്യൂർ ചീമേനി ഉൾപ്പെടുന്ന തൃക്കരിപ്പൂരിൽ പോലും വൻതോതിൽ വോട്ടുകൾ ചേർന്നത് സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടിയായി. തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് ഭൂരിപക്ഷം നേടുന്നതും ആദ്യമായാണ്.സ്ഥാനാർഥി നിർണയത്തിൽ ഉയർന്ന പരാതികൾക്ക് ഇനി നേതൃത്വം ചെവി കൊടുക്കേണ്ടി വരും. റിയാസ് മൗലവി വധക്കേസിൽ പ്രതികളെ കോടതി വിട്ടയച്ചതിലെ പൊലീസ് വീഴ്ചയും തിരിച്ചടിയായി. മതന്യൂനപക്ഷങ്ങൾ പൂർണമായും കൈവിട്ടു എന്നത് പരാജയ കാരണമായി ചൂണ്ടിക്കാട്ടുന്നത് തള്ളിക്കളയാനാവില്ലെന്നാണ് സിപിഎം നേതൃത്വം തന്നെ പറയുന്നത്.ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമത്തിനിടെ ഭൂരിപക്ഷ വോട്ടുകൾ ബിജെപിയിലേക്കു പോവുകയും ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ബിജെപി അധികമായി നേടിയ 43,509 വോട്ടുകളിൽ 43,032 വോട്ടുകളും നേടിയത് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിൽ നിന്നാണ്.
കാഞ്ഞങ്ങാടാണ് ഏറ്റവും കൂടുതൽ ബിജെപിക്ക് വോട്ട് വർധിച്ചത്–9,255. പയ്യന്നൂരിൽ 9,198 വോട്ടുകളും കൂടി. ഉദുമ (7,459), തൃക്കരിപ്പൂർ (8,433) കല്യാശ്ശേരി (7834) എന്നിവിടങ്ങളിലും ബിജെപി വോട്ട് വർധിപ്പിച്ചു. ഇവിടങ്ങളിലൊക്കെ സിപിഎമ്മിനു വോട്ട് കുറയുകയും ചെയ്തു.എയിംസ് സമര രംഗത്ത് യുഡിഎഫും ബിജെപിയും സജീവമായി രംഗത്തിറങ്ങിയപ്പോൾ ഇതിനോട് മുഖം തിരിഞ്ഞു നിന്ന സിപിഎം നിലപാട് ജനങ്ങൾക്കിടയിൽ അതൃപ്തിക്കിടയാക്കി. കാസർകോട് എയിംസ് സ്ഥാപിക്കണമെന്ന് സമരം ആരംഭിച്ചപ്പോൾ അത്തരം ചർച്ചകൾ പോലും ഇല്ലെന്നും എയിംസ് കോഴിക്കോട്ടാണ് സ്ഥാപിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തു. ഇതോടെ ജില്ലയിലെ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയുടെ നിലപാടിന് എതിരു നിൽക്കാനാവാതെ കുഴ‍ഞ്ഞു.
ഗവ.മെഡിക്കൽ കോളജ് പണി  മുടങ്ങിക്കിടക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ നടന്നിട്ടും വിഷയം ഗൗരവപൂർവം പരിഗണിക്കാൻ സർക്കാരും സിപിഎമ്മും തയാറായില്ല. ക്ഷേമപെൻഷനുകളും എൻഡോസൾഫാൻ ഇരകളുടെ ആനുകൂല്യങ്ങളും തടഞ്ഞതും ഇടതു കോട്ടയിലെ വോട്ടുചോർച്ച പൂർണമാക്കി.ചെറുവത്തൂരിലെയും കയ്യൂർ–ചീമേനി പഞ്ചായത്തിലെയും ഇടത് കേന്ദ്രങ്ങളിൽ വോട്ട് കുത്തനെ കുറഞ്ഞു. യുഡിഎഫിനും ബിജെപിക്കും വോട്ട്  കൂടി. എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണന്റെ ബൂത്തിലും ഇടതിനു പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചെറുവത്തൂർ ടൗണിലെ  കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപനശാല ഒറ്റദിവസം കൊണ്ട് അടച്ചിട്ടതും വോട്ട് കുത്തനെ ഇടിയാൻ കാരണമെന്ന ചർച്ച സജീവം.
സ്ഥാനാർഥി എം.വി ബാലകൃഷ്ണന്റെ തട്ടകമായ ക്ലായിക്കോട്ടെ 34 മുതൽ 42 വരെയുളള ബൂത്തുകളിൽ പ്രതീക്ഷിച്ച വോട്ട് ഇടതിനു ലഭിച്ചില്ല. ഈ ബൂത്തുകളിൽ നിന്നായി 977 വോട്ടാണ് ഇടത് നേതൃത്വം പ്രതീക്ഷിച്ചതെങ്കിലും 815 വോട്ട് മാത്രമാണ് ലഭിച്ചതെന്നാണു വിവരം.കാസർകോട് ∙ ‌രാജ്മോഹൻ‌ ഉണ്ണിത്താന്റെ ജയം അനായാസമാക്കിയത് മുസ്‌ലിംലീഗ് കേന്ദ്രങ്ങളിൽ നിന്നു ലഭിച്ച വൻലീഡ്. കാസർകോട്, മഞ്ചേശ്വരം മണ്ഡ‍ലങ്ങളിൽ നിന്നായി എൽഡിഎഫിനേക്കാൾ 90,949 വോട്ടുകളാണ് ഉണ്ണിത്താൻ അധികം നേടിയത്. ‌2019ലെ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് 76,644 വോട്ടുകളാണ് ഉണ്ണിത്താന് ലീഡ് നൽകിയത്. ഇത്തവണ 14305 വോട്ടുകൾ കൂടി വർധിപ്പിച്ചു.ഉണ്ണിത്താന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമ്പോൾ ഏറ്റവും നിർണായകമായതും ഈ വോട്ടുകളാണ്.

മുസ്‌ലിം ലീഗിനു സ്വാധീനമുള്ള ഉദുമ, ചെമ്മനാട്, മുളിയാർ പഞ്ചായത്തുകളിലെ ലീഡാണ് ഉദുമയിൽ രണ്ടാംതവണയും ഭൂരിപക്ഷം ഉറപ്പിക്കാൻ യുഡിഎഫിനു സാധിച്ചത്. കാഞ്ഞങ്ങാട് നഗരസഭ, തൃക്കരിപ്പൂർ, പടന്ന തുടങ്ങിയ പഞ്ചായത്തുകളിലും ഉണ്ണിത്താൻ കുതിച്ചത് ലീഗിന്റെ തോളിലേറിയാണ്. 2019ലും യുഡിഎഫ് വിജയത്തിൽ‌ ലീഗിന്റെ റോൾ വലുതായിരുന്നു. പൗരത്വഭേദഗതി നിയമം വലിയ പ്രചാരണായുധമാക്കിയാണ് സിപിഎം ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ന്യൂനപക്ഷ വോട്ടുകൾ പരമാവധി അനുകൂലമാക്കാനുള്ള നീക്കമായിരുന്നു ഇത്. എന്നാൽ മുസ്‌ലിംലീഗ് കൃത്യമായി ഇതിനെ പ്രതിരോധിച്ചു.
സിപിഎം ന്യൂനപക്ഷ കേന്ദ്രങ്ങളിൽ നൈറ്റ് മാർച്ചുകൾ നടത്തിയപ്പോൾ മുസ്‌ലിംലീഗ് ഇതിനെതിരെ കൃത്യമായ പ്രചാരണം നടത്തി. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ തുടങ്ങിയവർ ഓരോ കാര്യങ്ങളും കൃത്യമായി വിലയിരുത്തുകയും സംഘടനാ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കുകയും ചെയ്തു.റിയാസ് മൗലവി വധക്കേസിലെ പ്രതികളെ കോടതി വിട്ടയച്ചതു തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാനും അതുവഴി വോട്ടുകൾ അനുകൂലമാക്കാനും ലീഗിനു സാധിച്ചു.

No comments