JHL

JHL

സഹകരണ സംഘം തട്ടിപ്പ് കേസിലെ മുഖ്യപ്രതി രതീശനെയും കൂട്ടാളി അബ്ദുൽ ജബ്ബാറിനെയും പിടികൂടാൻ പൊലീസിനു സഹായകരമായത് സുഹൃത്തിന്റെ ഫോണിലേക്കുള്ള വിളി

 

കാസർകോട്(www.truenewsmalayalam.com) : ‌‌കാറഡുക്ക അഗ്രികൾചറിസ്റ്റ് സഹകരണ സംഘം തട്ടിപ്പ് കേസിലെ മുഖ്യപ്രതി രതീശനെയും കൂട്ടാളി അബ്ദുൽ ജബ്ബാറിനെയും പിടികൂടാൻ പൊലീസിനു സഹായകരമായത് സുഹൃത്തിന്റെ ഫോണിലേക്കുള്ള വിളി. പൊലീസ് പിടിക്കാതിരിക്കാൻ പഴയ ഫോൺ സ്വിച്ച് ഓഫാക്കി പുതിയ ഫോണും സിം കണക്‌ഷനും എടുത്തെങ്കിലും ഒടുവിൽ പിടിവീണു. ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നില്ലെന്ന വിമർശനത്തിൽ നിന്നു പൊലീസ് രക്ഷപ്പെടുകയും ചെയ്തു.ഒളിവിൽ പോയ ശേഷം സമൂഹമാധ്യമങ്ങളിലൂടെയും വാട്സാപ്പിലൂടെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും രതീശൻ ബന്ധപ്പെടുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

‌മൊബൈൽഫോൺ സിഗ്നൽ പിന്തുടർന്നായിരുന്നു പൊലീസിന്റെ അന്വേഷണവും. എന്നാൽ കഴിഞ്ഞ മാസം 28 മുതൽ രതീശന്റെ അതുവരെ ഉപയോഗിച്ചിരുന്ന ഫോൺ സ്വിച്ച് ഓഫായി. ഇതോടെ അന്വേഷണവും വഴിമുട്ടുന്ന സാഹചര്യമുണ്ടായി. അതിനിടയിലാണ് പ്രതികളെ പിടികൂടാൻ ബേക്കൽ ഡിവൈഎസ്പി ജയൻ ഡൊമിനിക്, ആദൂർ ഇൻസ്പെക്ടർ പി.സി.സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചത്. അതിനു ശേഷം പൊലീസ് രതീശനുമായി ബന്ധപ്പെട്ട കുറെ പേരുടെ ഫോൺ നമ്പറുകൾ നിരീക്ഷിക്കുകയായിരുന്നു. ഫോൺ‌ മാറ്റിയിട്ടുണ്ടാകുമെന്ന് ഇവർ ഉറപ്പിച്ചു.അതിനിടെയാണ് വോട്ടെണ്ണൽ ദിവസം ഒരു സുഹൃത്തിനെ രതീശൻ വിളിക്കുന്നത്. അതു പിന്തുടർന്ന് പൊലീസ് പോവുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഈറോഡിലെ ഒരു ലോഡ്ജിലാണ് രതീശനും ജബ്ബാറും ഉണ്ടായിരുന്നത്. ബേക്കൽ ഡിവൈഎസ്പി ജയൻ ഡൊമിനിക്, ആദൂർ ഇൻസ്പെക്ടർ പി.സി.സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. രതീശനെ പിടിക്കാൻ വൈകുന്നതിൽ പ്രതിഷേധമുയർന്നിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷിബു പാപ്പച്ചനാണ് കേസ് അന്വേഷിക്കുന്നത്.

∙ രതീശനെ ചോദ്യം ചെയ്യുന്നതോടെ തട്ടിയെടുത്ത പണം എവിടെയാണു നിക്ഷേപിച്ചതെന്നു കണ്ടെത്താൻ സാധിക്കും. റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചു എന്ന ആദ്യവിവരം തെറ്റാണെന്നു സൂചനയുണ്ട്. ഇതിനു വേണ്ടി ഇരുവരെയും ക്രൈംബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്യുകയാണ്.
നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കുകയെന്നതാണ് ഇനി അന്വേഷണ സംഘത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. രതീശൻ തട്ടിയെടുത്ത് വിവിധ ബാങ്കുകളിൽ പണയംവച്ച 199 പവൻ സ്വർണം ഇതിനകം പിടിച്ചെടുത്തിരുന്നു. കുറച്ച് സ്വർണം ഇനിയും പിടികൂടാനുണ്ട്.

No comments