JHL

JHL

വായനാപക്ഷാചരണം; ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു


ജില്ലാ ഭരണ സംവിധാനവും ജില്ലാ ഇൻഫർമേഷൻ ഓഫീസും അക്ഷര ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെയും പി എൻ പണിക്കർ അനുസ്മരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ എഡിഎം കെ വി ശ്രുതി നിർവഹിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ ജയ്സൺ മാത്യു അധ്യക്ഷത വഹിച്ചു. കവി ദിവാകരൻ വിഷ്ണുമംഗലം മുഖ്യപ്രഭാഷണം നടത്തി. കാസർഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ ജനാർദ്ദനൻ പി എൻ പണിക്കർ അനുസ്മരണ പ്രസംഗം നടത്തി. ശിരസ്തദാർ  ആർ.രാജേഷ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന വി.ദിനേശ   വായനാദിനസന്ദേശം നൽകി.

സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പി എൻ ബാബു, അക്ഷര ലൈബ്രറി പ്രസിഡണ്ട് ആശാലത എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സ്വാഗതവും അക്ഷര ലൈബ്രറി സെക്രട്ടറി കെ. മുകുന്ദൻ നന്ദിയും പറഞ്ഞു.

ഉത്തമ സാഹിത്യകൃതികൾ സത്യത്തെയും നീതിയെയും സ്നേഹത്തേയും  സഹവർത്തിത്വത്തേയും ഉയർത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള വഴിവിളക്കാണെന്ന് കവി ദിവാകരൻ വിഷ്ണുമംഗലം പറഞ്ഞു.

 കാസർകോട് ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും  അക്ഷര ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച വായന പക്ഷാചരണ ജില്ലാ തല  പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ദിവാകരൻ വിഷ്ണുമംഗലം.

 കലയുടെയും സാഹിത്യത്തിൻ്റെയും അനുശീലനം നമ്മെ വിശുദ്ധരാക്കുന്നു.കലാപകലുഷിതമായ വർത്തമാനകാല അസ്വാസ്ഥ്യങ്ങൾക്ക് മറുമരുന്നാണ് കലയും സാഹിത്യവുമെല്ലാം, അവ സമാധാനത്തിനായുള്ള നിതാന്തമായ പ്രാർത്ഥനകളാണ്. അത് എക്കാലത്തേക്കുമായുള്ള മാനവകുലത്തിൻ്റേയും സ്വാതന്ത്ര്യഗീതമാണ്.

 സ്നേഹവും നന്മയും കാരുണ്യവും ജീവിതത്തിൽ പുലർത്താൻ ജൈവനീതിയുടെ പാഠങ്ങൾ അവ നമുക്ക് പറഞ്ഞു തരുന്നു.വിദ്യാഭ്യാസം നമ്മുടെ ബോധമണ്ഡലത്തിലേക്ക് അറിവിൻ്റെ വെളിച്ചം പകരുന്നു. അപരനെ സ്നേഹിക്കുവാനും സമൂഹത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കാനും അങ്ങനെ നല്ല പൗരൻമാരായി വളരാനും വിദ്യാഭ്യാസം കൊണ്ട് സാധ്യമാവണം.അറിവ് അനുഭവമാവണം

അറിവിൻ്റെ പ്രായോഗികതയിലൂന്നിയ വിദ്യാഭ്യാസമാണ് ഉത്തമമായത്.അത് ഉദാത്തമായ ജീവിതവഴി തന്നെയാണ്. സാമൂഹികവും പാരിസ്ഥിതികവുമായ രാഷ്ട്രീയജാഗ്രത ഏറെ അനിവാര്യമായ കാലമാണിത്.ദേശീയത എന്നത് ഏകശിലാ നിർമ്മിതമായ ഒന്നല്ല. അത് പലമയുടെ പുണരലാണ്, ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നീതിയും  അനുഭവിക്കാൻ  രാജ്യത്തിലെ ഓരോ പൗരനുമുള്ള അവകാശം സംരക്ഷിക്കപ്പെടണം. ദരിദ്രരുടെയും ദളിതരുടെയും സ്ത്രീകളുടെയും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയും നേർക്കുള്ള അവകാശനിഷേധങ്ങൾ കാണാതെ പോകരുത്. നമ്മെ നാമാക്കിത്തീർത്ത ചരിത്രത്തെക്കുറിച്ചും സാമൂഹത്തെക്കുറിച്ചുമുള്ള അവബോധം നമുക്കുണ്ടാവണം.പാഠപുസ്തകവായനയോടൊപ്പം പത്രവായനയിലൂടെ ദൈനംദിന ലോകഗതിവിഗതികൾ അറിയുവാനാവും.സാഹിത്യ കൃതികളുടെ വായന നമ്മെ പലദേശകാല ജീവിതസത്യങ്ങൾ അനുഭവിപ്പിക്കുന്നു. അത് ജൈവനീതിയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ബോധവെളിച്ചം നമുക്ക് പകർന്നു തരുന്നു. സമത്വത്തിൻ്റെ സ്നേഹാക്ഷരങ്ങളാണ് മഹത്തായ സാഹിത്യ കൃതികൾ. സർക്കാർ ജീവനക്കാർ തൻ്റെ മുന്നിലെത്തുന്ന പൗരൻ്റെ ജീവൽപ്രശ്നങ്ങളെ കരുണയോടെയും ആർദ്രതയോടെയും സമീപിക്കാൻ മികച്ച സാഹിത്യകൃതികൾ വായിക്കേണ്ടത് അനിവാര്യമാണെന്ന് ദിവാകരൻ വിഷ്ണുമംഗലം പറഞ്ഞു.

No comments