JHL

JHL

വിധി ഇന്ന്, കാത്തിരിപ്പ് തീരുന്നു ; വോട്ടെണ്ണൽ ആരംഭിച്ചു

 narendra modi- rahul gandhi Lok Sabha Elections 2024 India

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. ഏപ്രില്‍ 19 ന് ആരംഭിച്ച വോട്ടെടുപ്പിന്റെ ഫലമാണ് ഇന്നു പുറത്തുവരുന്നത്. ഏഴു ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്. അരുണാചല്‍ പ്രദേശ്, ആന്ധ്ര പ്രദേശ്, ഒഡിഷ, സിക്കിം സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം പൂര്‍ത്തിയായി. അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ ഫലം ഞായറാഴ്ച പുറത്തുവന്നിരുന്നു. ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്നു പുറത്തുവരും. ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം. ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിനു ഭൂരിപക്ഷം നഷ്ടമാകും.

വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണല്‍ ആദ്യം ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പോസ്റ്റല്‍ ബാലറ്റ് എണ്ണി അരമണിക്കൂര്‍ കഴിഞ്ഞാല്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ട്രെന്‍ഡ് വ്യക്തമാകും. പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ ആദ്യം ആരംഭിക്കണമെന്നും പോസ്റ്റല്‍ ബാലറ്റുകളുടെ ഫലം ആദ്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘം കമ്മിഷനെ കണ്ടിരുന്നു. ആ ആവശ്യം തള്ളി.

ലോക്‌സഭയിലെ 543 അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായി ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ് നടന്നത്. ലീഡ് നിലയും ഫലങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ്‌ലൈന് ആപ്പിലും ലഭ്യമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

കേരളത്തിലെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ ഹാളിലേക്ക് പ്രവേശനമുള്ളത്. വോട്ടെണ്ണല്‍ മുറിക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അധികാരമുണ്ടായിരിക്കില്ല.

ഒരു ഹാളില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടുകളായിരിക്കും എണ്ണുക. ഓരോ ഹാളിലും പരമാവധി 14 മേശകളുണ്ടായിരിക്കും.
വോട്ടെണ്ണല്‍ തുടങ്ങുന്ന സമയമാകുമ്പോഴായിരിക്കും സ്‌ട്രോങ് റൂമുകള്‍ തുറക്കുക. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ്ങ് റൂം തുറക്കുക. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.

ആദ്യമെണ്ണുക ഇലക്രേ്ടാണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും, പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കണ്‍ട്രോള്‍ യൂണിറ്റുമാണ് വോട്ടെണ്ണല്‍ മേശപ്പുറത്തുണ്ടാകുക.

കൗണ്ടിങ് ടേബിളില്‍ കണ്‍ട്രോള്‍ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷമേ സീല്‍പൊട്ടിക്കുകയുള്ളു. തുടര്‍ന്ന് ഏജന്റുമാരുടെ നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് ഡിസ്‌പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും. എല്ലാ വോട്ടിങ് യന്ത്രങ്ങളും എണ്ണിത്തീര്‍ന്ന ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ അതില്‍ നിന്നും ഏതെങ്കിലും രണ്ടു മെഷീന്‍ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും. അത് കഴിഞ്ഞാല്‍ ആ റൗണ്ടിന്റെ ടാബുലേഷന്‍ നടത്തി ആ റൗണ്ടിന്റെ റിസള്‍ട്ട് റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തും.

എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തുകയുള്ളൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാന്‍ഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിങ് സ്‌റ്റേഷനിലെ വി.വി. പാറ്റ് സ്ലിപ്പുകളാണ് എണ്ണുക. ഒരു വി.വി.പാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണിത്തീരാന്‍ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിന് ശേഷമാവും അന്തിമവിധി പ്രഖ്യാപനം. വോട്ടെണ്ണല്‍ ദിനം ഡ്രൈ ഡേ ആയിരിക്കും.

പോസ്റ്റല്‍ ബാലറ്റിന് പ്രത്യേക ക്രമീകരണം

കൗണ്ടിങ് ഹാളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേകം മേശ ഒരുക്കിയിരിക്കും. ഒരു ടേബിളില്‍ പരമാവധി 500 വോട്ട് ആണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റ് റിട്ടേണിങ് ഓഫീസറുടെ മേശയിലായിരിക്കും എണ്ണുന്നത്. സര്‍വീസ് വോട്ടര്‍മാരുടെ ഇ.ടി.പി.ബി.എം.എസ് വോട്ടുകളും തപാല്‍ വോട്ടുകള്‍ പോലെ റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വരെ ലഭിച്ച ഇ.ടി.പി.ബി.എം.എസുകള്‍ വോട്ടെണ്ണലിന് പരിഗണിക്കും. ക്യു ആര്‍ കോഡ് റീഡര്‍ ഉപയോഗിച്ച് വോട്ടുകള്‍ റീഡ് ചെയ്യുന്ന അസിസ്റ്റന്റ് കൂടാതെ ഒരുസൂപ്പര്‍വൈസറും 10 ക്യു ആര്‍ കോഡ് റീഡിങ് ടീമിന് ഒരാള്‍ എന്ന തോതില്‍ എ.ആര്‍.ഒമാരും ഇതിനായുണ്ടാവും.

ക്യു ആര്‍ കോഡ് റീഡിങ്ങിന് ശേഷം കവറുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് ഒരുക്കിയ മേശകളിലേക്ക് എണ്ണുന്നതിന് കൈമാറും. ലഭിച്ച തപാല്‍ വോട്ടുകളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സാധുവായ തപാല്‍ വോട്ടുകള്‍ തരംതിരിച്ച ശേഷം ഓരോ സ്ഥാനാര്‍ഥിക്കും എത്ര ലഭിച്ചുവെന്ന് പരിശോധിച്ച് എണ്ണിത്തിട്ടപ്പെടുത്തി ഫോം 20 ലുള്ള റിസള്‍ട്ട് ഷീറ്റില്‍ രേഖപ്പെടുത്തിയ ശേഷം ഫലം പ്രഖ്യാപിക്കുകയാണ് ചെയ്യുക.

വിജയിച്ച സ്ഥാനാര്‍ഥിക്ക് ലഭിച്ച ഭൂരിപക്ഷം വോട്ടെണ്ണല്‍ സമയത്ത് അസാധുവാണെന്ന് കണ്ടെത്തി തിരസ്‌കരിച്ച തപാല്‍വോട്ടുകളേക്കാള്‍ കുറവാണെങ്കില്‍ ഫലപ്രഖ്യാപനത്തിന് മുമ്പ് റിട്ടേണിങ് ഓഫീസര്‍ അസാധുവായ മുഴുവന്‍ വോട്ടുകളും വീണ്ടും പരിശോധിക്കും. ഇൗ പുനഃപരിശോധന മുഴുവന്‍ വീഡിയോ റെക്കോഡ് ചെയ്യുകയും ചെയ്യും.


No comments