JHL

JHL

ദേശീയ കാര്‍റാലി ചാമ്പ്യന്‍ഷിപ്പ് 2024; മൂസാ ഷരീഫ് - കർണ കദൂർ സഖ്യത്തിന് രണ്ടാം റൗണ്ടില്‍ ഓവറോൾ ജയം


കാസറഗോഡ്(www.truenewsmalayalam.com) :മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന 2024- ദേശീയ കാര്‍ റാലിചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടായ ബ്ലൂ-ബാൻഡ് മഹാരാഷ്ട്ര റാലിയിൽ മൂസാ ഷരീഫ് കർണ കദൂർ സഖ്യത്തിന് മികച്ച ജയം. പരുപരുക്കന്‍ പാതയിലൂടെയുള്ള 120 കിലോ മീറ്റര്‍ അടക്കം 380 കിലോ മീറ്റർ ദൈര്‍ഘ്യമുള്ളതായിരുന്നു രണ്ടു ദിവസങ്ങളിലായി നടന്ന രണ്ടാം റൗണ്ട്. 11 സ്‌പെഷ്യല്‍ സ്റ്റേജുകൾ 1 മണിക്കൂർ 47 മിനുട്ടും 52 സെക്കന്റും കൊണ്ട് പൂര്‍ത്തീകരിച്ചാണ് മൂസാ ഷരീഫ് - കദൂർ സഖ്യം ഓവറോൾ വിജയം നേടിയത്.

എട്ടാം കിരീടം ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ കോ-ഡ്രൈവർ ആയ മൂസാ ഷരീഫ് സഖ്യത്തിന് ചെന്നൈയിൽ നടന്ന ആദ്യ റൗണ്ടിൽ സാങ്കേതിക തകരാർ മൂലം മത്സരം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. 

മൊത്തം ആറ് റൗണ്ടുകൾ അടങ്ങിയതാണ് ഈ വർഷത്തെ ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പ്. അതിനാല്‍ അടുത്ത നാല് റൗണ്ടുകൾ ഈ സഖ്യത്തിന് നിർണ്ണായകമാണ്. ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ട് ജൂലൈ 26 മുതൽ 28 വരെയായി കോയമ്പത്തൂരിൽ വെച്ച് നടക്കും. ബാക്കി റൗണ്ടുകൾ ഹൈദരാബാദ്, കൂർഗ്, ബാംഗ്‌ളൂരു എന്നിവിടങ്ങളി ലാണ് നടക്കുക.

എം ആർ എഫിന്റെ പിന്തുണയോടെ ടീം അർകാ മോട്ടോർ സ്പോർട്ടിന് വേണ്ടി വി ഡബ്ലിയു പോളോ കാര്‍ ഉപയോഗിച്ചാണ് മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ ഷരീഫും കർണാടക സ്വദേശിയായ കർണാ കദൂറും രണ്ടാം റൗണ്ടില്‍ നേട്ടം കൊയ്തത്. ദേശീയ കാർ റാലിയിൽ മൂസാ ഷരീഫിഫിന്റെ 38th ഓവറോൾ വിജയയും മഹാരാഷ്ട്ര റാലിയിലെ എട്ടാം വിജയവുമാണിത്. 

ഇതിനകം 317 റാലികളില്‍ കളത്തിലിറങ്ങി ചരിത്രം രചിച്ച മൂസാ ഷരീഫിന് , ഈ കിരീടത്തില്‍ കൂടി മുത്തമിട്ടാല്‍ എട്ട് തവണ ദേശീയ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ നാവിഗേറ്റര്‍ എന്ന ബഹുമതി കൂടി സ്വന്തം പേരിലാക്കാം.

No comments