JHL

JHL

ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്നുള്ള ആഹ്ലാദ പ്രകടനത്തിന് നിയന്ത്രണം.; ജൂണ്‍ നാലിന് രാവിലെ നാല് മുതല്‍ ജൂണ്‍ അഞ്ച് രാവിലെ ആറ് വരെ വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിൽ നിരോധനാജ്ഞ


 കാസർകോട്(www.truenewsmalayalam.com) : ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്നുള്ള ആഹ്ലാദ പ്രകടനത്തിന് നിയന്ത്രണം.

 അന്നേ ദിവസം വൈകീട്ട് ആറുമണിയോടെ ആഹ്ലാദ പ്രകടനങ്ങൾ അവസാനിപ്പിക്കണമെന്ന് കലക്ടർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

 വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലിന് രാവിലെ നാല് മുതല്‍ ജൂണ്‍ അഞ്ച് രാവിലെ ആറ് വരെ വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്ത് അഞ്ചിൽ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാനോ ഒന്നിച്ച് നടക്കാനോ പാടില്ല. മെഡിക്കല്‍ എമര്‍ജന്‍സി, ക്രമസമാധാന പരിപാലനം, അഗ്നിരക്ഷ സേവനം, ഗവണ്‍മെന്റ് നടപടികൾ എന്നിവക്ക് തടസ്സമില്ല. 

നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.സി നിഷ്‌കര്‍ഷിക്കുന്ന നിയമ നടപടികള്‍ സ്വീകരിക്കും.ഉപവരണാധികളുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍.

 സബര്‍മതി ബ്ലോക്കില്‍ വരണാധികാരി കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണി തിട്ടപ്പെടുത്തും.

വരണാധികാരിയുടെ ജീവനക്കാര്‍ രാവിലെ നാലിന് പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് സെന്ററായ സബര്‍മതി ബ്ലോക്കിലെത്തും. ഗംഗോത്രി ബ്ലോക്കില്‍ രാവിലെ നാലിന് പോസ്റ്റല്‍ ബാലറ്റ് സ്‌ട്രോങ് റൂം തുറക്കും.

 കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല

കൗണ്ടിങ് ഹാളില്‍ മൊബൈൽ ഫോൺ, സ്മാര്‍ട്ട് വാച്ചുകള്‍, കാൽകുലേറ്റർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും അനുവദിക്കില്ല.

യമുന ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെന്ററില്‍ മാത്രമേ മൊബൈല്‍ ഫോണിന് അനുവാദമുള്ളു.

 കാമ്പസിനകത്ത് പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും വാഹന പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

മുഴുവന്‍ ജീവനക്കാരും വരണാധികാരി നല്‍കുന്ന ക്യു.ആര്‍.കോഡ് ഐ.ഡി കാര്‍ഡ് കരുതണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് വരുന്ന വാഹനങ്ങൾക്ക് പാസ് നിർബന്ധമാണ്.

കൗണ്ടിങ് റൂമുകള്‍

മഞ്ചേശ്വരം- റൂം നമ്പര്‍ 113, ഗംഗോത്രി ബ്ലോക്ക്

കാസര്‍കോട് - റൂം നമ്പര്‍ 220, ഗംഗോത്രി ബ്ലോക്ക്

ഉദുമ- റൂം നമ്പര്‍ 214, ഗംഗോത്രി ബ്ലോക്ക്

കാഞ്ഞങ്ങാട്- റൂം നമ്പര്‍ 111 കാവേരി ബ്ലോക്ക്

തൃക്കരിപ്പൂര്‍- റൂം നമ്പര്‍ 119 കാവേരി ബ്ലോക്ക്

പയ്യന്നൂര്‍- റൂം നമ്പര്‍ 211 കാവേരി ബ്ലോക്ക്

കല്ല്യാശ്ശേരി- റൂം നമ്പര്‍ 219 കാവേരി ബ്ലോക്ക്


വോട്ടെണ്ണൽ ദിവസം ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് 1200 ഓളം പേരുൾപ്പെടുന്ന പൊലീസ് സേനയെ വിന്യസിക്കുമെന്ന് ജില്ല പൊലീസ് മേധാവി പി. ബിജോയി പറഞ്ഞു.

 ആഹ്ലാദപ്രകടനങ്ങൾ വൈകീട്ട് ആറ് മണിക്കകം അവസാനിപ്പിക്കണമെന്നാണ് നിർദേശം.

അഹ്ലാദപ്രകടനം നടത്തുന്ന കേന്ദ്രങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച ചെയ്ത് സുരക്ഷ ഉറപ്പാക്കും. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങൾ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. 

ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി. അഖിൽ മീഡിയ നോഡൽ ഓഫീസറായ ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

No comments