JHL

JHL

കാഞ്ഞങ്ങാട് –കാസർകോട് സംസ്ഥാനപാതയിലെ ചന്ദ്രഗിരിപ്പാലം പുലിക്കുന്നിലെ മരണക്കുഴികൾ നികത്താൻ മാത്രമായി 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയായി


കാസർകോട്(www.truenewsmalayalam.com) : കാഞ്ഞങ്ങാട് –കാസർകോട് സംസ്ഥാനപാതയിലെ ചന്ദ്രഗിരിപ്പാലം പുലിക്കുന്നിലെ മരണക്കുഴികൾ നികത്താൻ മാത്രമായി 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയായി. സാങ്കേതികാനുമതി ഇന്നു ലഭിക്കുന്നതോടെ ടെൻഡർ നടപടികളിലൂടെ നീങ്ങി കുഴി നികത്തൽ തുടങ്ങാനാകുമെന്ന് മരാമത്ത് റോഡ് വിഭാഗം അധികൃതർ അറിയിച്ചു. 

ചന്ദ്രഗിരി ജംക‍്ഷൻ മുതൽ ഉദുമ നമ്പ്യാർക്കീച്ച് വരെയുള്ള 2 റീച്ചുകളിലുള്ള അറ്റക്കുറ്റപ്പണികൾക്കായി 2 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർക്കു സമർപ്പിച്ചിട്ട് ആഴ്ചകളായി. 

വലിയ തുക അനുവദിക്കാൻ കാലതാമസം നേരിട്ടതോടെ ‘അപകടക്കുഴി’ മാത്രം നികത്താൻ നൽകിയ 25 ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതിയായത്.

പുലിക്കുന്നിലുള്ള മരണക്കുഴികളിൽ വാഹനം വീഴാതിരിക്കാൻ കോൺക്രീറ്റ് റിങ്ങിൽ മണ്ണിട്ട് തടസ്സം തീർത്തിട്ടുണ്ട്. മഴ തുടങ്ങിയശേഷം ഒന്നിലേറെത്തവണ ചന്ദ്രഗിരിപ്പാലത്തിനു സമീപത്തെ കുഴികൾ നികത്തിയിരുന്നു.

 എന്നാൽ മഴ ശക്തമാവുകയും ഉറവ രൂപപ്പെടുകയും ചെയ്തതോടെ കുഴി വലുതാകുകയാണ്. നേരത്തേ ഇന്റർലോക്ക് ചെയ്ത ഭാഗത്തെ ചിലയിടങ്ങളിലെ കട്ടകൾ ഇളകി കുഴി രൂപപ്പെട്ടിട്ടുണ്ട്.

 ഇന്റർലോക്കുകൾ ഉ‍ടൻ നന്നാക്കിയില്ലെങ്കിൽ പൂർണമായി അടർന്ന്, പാതയിലൂടെയുള്ള ഗതാഗതം കൂടുതൽ ദുസ്സഹമാകും.

 ഇതിനു സമീപത്തെ ഓടയിൽ മണ്ണ് നിറഞ്ഞിരിക്കുന്നതിനാൽ മഴ വെള്ളം മുഴുവൻ റോഡിലൂടെയാണ് ഒഴുകുന്നത്. റോഡിൽ കോൺക്രീറ്റ് റിങ് വച്ചിതോടെ ഗതാഗതക്കുരുക്ക് പതിവായിട്ടുണ്ട്.

No comments