അപകടകരമായ ദേശിയ പാത യാത്ര ; അധികാരികൾ ശ്രദ്ധിച്ചില്ലെങ്കിൽ ഷിരൂർ മോഡൽ തെക്കിൽ വളവിലും ഉണ്ടാവും
കാസർകോട്: ഏത് സമയത്തും ഇടിഞ്ഞു വീഴാറായി നിൽക്കുകയാണ് ദേശീയപാത വികസനം നടക്കുന്ന ജില്ലയിലെ കുന്നുകൾ. ചെത്തി നീക്കിയ ഒരു വശം. അഗാധമായ കൊക്കയോ, താഴ്‌വരയോ ആയിക്കിടക്കുന്ന മറുവശം. എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാൻ വെമ്പിനിൽക്കുന്ന മണ്ണും വലിയ കല്ലുകളുമുള്ള, മീറ്ററുകൾ ഉയരത്തിലുള്ള തിട്ടകൾ. പലയിടങ്ങളിലായി പലപ്പോഴും മണ്ണിടിഞ്ഞു. അപ്പോഴൊക്കെ ഗതാഗതം തടസ്സപ്പെട്ടു.
ബേവിഞ്ച സ്റ്റാർ നഗർ, വികെ പാറ, തെക്കിൽ കാനത്തുകുണ്ട് പ്രദേശങ്ങൾ അപായ മുനമ്പാണ്. റോഡിന് താഴേക്ക് വലിയ താഴ്ചയാണ്. വാഹനങ്ങളും യാത്രക്കാരും കരുതലോടെ മുന്നോട്ട് പോയില്ലെങ്കിൽ ഏതു നിമിഷവും അത്യാഹിതം ഉണ്ടായേക്കുമെന്ന ആശങ്കയിലാണ്. വാഹനഗതാഗതം മാത്രമല്ല സമീപത്തെ വീടുകൾക്കുള്ള മണ്ണിടിച്ചിൽ ഭീഷണിയും ചെറുതല്ല. വലിയ പാറകളിൽ പലതും പൊട്ടിച്ചതും മണ്ണിടിച്ചിൽ സാധ്യത വർധിപ്പിക്കുന്നു. 3 കിലോമീറ്ററിനുള്ളിൽ നടക്കുന്ന ദേശീയപാത വികസനം പൂർത്തിയായെങ്കിൽ മാത്രമേ സുരക്ഷാഭീഷണിയും ഒഴിയൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്.അതിതീവ്ര മഴയിൽ കൂടിയ അളവ് വെള്ളം ഇറങ്ങുമ്പോൾ കോൺക്രീറ്റ് കവർ ഉൾപ്പെടെ തകർന്ന് മണ്ണിടിച്ചിൽ സാധ്യത പലയിടത്തും നിലനിൽക്കുന്നുണ്ടെന്നും പരമ്പരാഗത തണ്ണീർത്തടങ്ങൾ മണ്ണിട്ട് മൂടി അതിനു മുകളിൽ നടക്കുന്ന നിർമാണത്തിൽ പരിസ്ഥിതി സംരക്ഷണം പോലും പാലിക്കുന്നില്ലെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നുണ്ട്.
Post a Comment