ഉയരങ്ങളിലേക്ക് പറക്കാൻ എംഎൽസി താരം മുഹമ്മദ് ദിൽഷാദ് എംഎൽ
മൊഗ്രാൽ(www.truenewsmalayalam.com) : ഇശലിന്റെയും, ഫുട്ബോളിന്റെയും നാടിന് അഭിമാനിക്കാൻ ഒരു വാർത്ത കൂടിയെത്തി.
മൊഗ്രാൽ സ്പോർട്സ് ക്ലബ് താരം(എംഎസ് സി) ദിൽഷാദ് എം.എൽ കൊൽക്കത്ത ഫുട്ബോൾ ലീഗിന്റെ പ്രീമിയർ ഡിവിഷനിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു.
കൽക്കത്ത ലീഗ് ലോകത്തിലെ തന്നെ ഏറ്റവും വാശിയേറിയ ലീഗുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്.
അതുകൊണ്ടുതന്നെയാണ് ദിൽഷാദിന് ഉയരങ്ങളുടെ താര പദവി ലഭിച്ചിരിക്കുന്നത്. കൽക്കത്ത ടീമിലെ പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കെത്താൻ കാരണമാകുന്നതും.
ഒട്ടനവധി ദേശീയ, സംസ്ഥാന, ജില്ലാ ഫുട്ബോൾ താരങ്ങൾക്ക് ജന്മം നൽകിയ നാടാണ് മൊഗ്രാൽ.
ഒപ്പം മാപ്പിള കവികളുടെയും നാട്. അതുകൊണ്ട് തന്നെയാണ് മൊഗ്രാലിനെ ഇശൽ ഗ്രാമമെന്നും, ഫുട്ബോൾ ഗ്രാമമെന്നും അറിയപ്പെടുന്നത്. ഇവിടെ നിന്നാണ് ദിൽഷാദിന്റെ ഉയർത്തെഴുന്നേൽപ്പ്.
ദിൽഷാദ് എംഎൽ ന് ചെറുപ്രായത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഫുട്ബോളിനോടാ യിരുന്നു കമ്പം.
പിന്നീട് മൊഗ്രാൽ സ്പോർട്സിന് ക്ലബ്ബിനുവേണ്ടി ജില്ലയിൽ വിവിധ ഭാഗങ്ങളിലായി നടന്ന ടൂർണമെന്റ്കളിൽ കളിക്കുകയും, പങ്കെടുത്ത മത്സരങ്ങളിലൊക്കെ എംഎസ് സിയെ വിജയിപ്പിക്കുന്നതിലും, ട്രോഫി കരസ്ഥമാക്കുന്നതിലും നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ഉയർച്ചയിൽ ഉപ്പൂപ്പയുടെ ഓർമ്മകളും,,ബാപ്പ അബ്ബാസും ഒരു നിമിത്തമായി എന്ന് പറയുന്നതാവും ശരി.
കളിക്കളത്തിൽ ചീറ്റപ്പുലിയായി മൈതാനം അടക്കിവാഴുന്ന നല്ലൊരു പ്ലേ മേക്കർ കൂടിയാണ് ദിൽഷാദ്.മത്സരിച്ച ഓരോ കളികളിലും മികച്ച ഫോർവേഡും, മികച്ച കളിക്കാരനും ഒക്കെയായി ദിൽഷാദിന്റെ പേര് വിളിച്ചു പറയുമ്പോൾ എന്തെന്നില്ലാത്ത ആവേശമായിരുന്നു മൊഗ്രാലുകാർക്ക്.
അതുകൊണ്ടുതന്നെയാണ് ദിൽഷാദിന്റെ കൊൽക്കത്ത അരങ്ങേറ്റം വളരെ ആവേശത്തോട് കൂടിയാണ് ഫുട്ബോൾ ആരാധകർ കാണുന്നത്.
ദിൽഷാദ് നേരത്തെ ബാംഗ്ലൂർ യൂണിവേഴ്സിറ്റിക്ക് വേണ്ടി മൂന്ന് തവണ ബൂട്ടണിഞ്ഞിട്ടുണ്ട്. ഒപ്പം കേരള പ്രീമിയർ ലീഗ്, ഗോകുലം എഫ്സി, ബാസ്കോ ഒത്തുകൂങ്ങൽ, റിയൽ മലബാർ എഫ്സി എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2022ൽ സന്തോഷ് ട്രോഫി ക്യാമ്പുകളിൽ പങ്കെടുത്തു.
സെവൻസ് ഫിഫ മഞ്ചേരി, എഫ് സി പെരിന്തൽമണ്ണ, റിയൽ എഫ്സി തെന്നൽ, റോയൽ ട്രാവൽ കോഴിക്കോട്, അൽ മദീന ചെറുപ്ലശ്ശേരി, എവൈസി ഉച്ചരക്കടവ് എന്നീ ടീമുകളുടെ ഭാഗമായും ദിൽഷാദ് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
മൊഗ്രാലിലെ അറിയപ്പെടുന്ന ഫുട്ബോൾ കുടുംബാംഗത്തിൽ നിന്നാണ് ദിൽഷാദിന്റെയും പിറവി.
ഉപ്പൂപ്പ മുഹമ്മദ് എം എൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ ആദ്യകാല ക്യാപ്റ്റൻമാരിൽ ഒരാളാണ്.
ദിൽഷാദിന്റെ ബാപ്പ എംഎൽ അബ്ബാസ് മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ റഫറിയും, കോച്ചും ടീം മാനേജറുമൊ ക്കെയായി ഇപ്പോഴും കളിക്കളത്തിൽ ഉണ്ട്.മൊഗ്രാലിന്റെ ഫുട്ബോൾ പാരമ്പര്യം കാത്തുസൂക്ഷിക്കാനും, ഇനിയും ദിൽഷാദ് ഉയരങ്ങളിലേക്ക് പറക്കട്ടെ എന്ന പ്രാർത്ഥനയിലുമാണ് മൊഗ്രാൽ ഫുട്ബോൾ ഗ്രാമം.
Post a Comment