JHL

JHL

മൊഗ്രാൽ പുഴയോരത്ത് വ്യാപകമായി മാലിന്യം തള്ളുന്നു; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്


മൊഗ്രാൽ(www.truenewsmalayalam.com) : കേരളം പെരിയാർ നദിയിലേക്ക് വിഷം ഒഴുക്കി മത്സ്യ ക്കുരുതി നടത്തിയതും, ആമയിഴഞ്ചൻ തോട് മാലിന്യം ഏറെ ചർച്ചപ്പെടുകയും,ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് കൊലപാതകത്തിന് തുല്യമെന്ന് ഹൈക്കോടതി നിരീക്ഷിക്കുമ്പോഴും മൊഗ്രാൽ പുഴയോരത്ത് കണ്ടൻ കാടുകൾക്കിടയിൽ വലിച്ചെറിയുന്ന മാലിന്യത്തിന് ഒരു കുറവുമില്ല. 

രാത്രിയുടെ മറവിലാണ് പുഴയോരത്ത് പ്ലാസ്റ്റിക് മാലിന്യവും മറ്റും വലിച്ചെറിയുന്നത്. ഇത് പോരാത്തതിന് പോലീസ് വക "തോണി മാലിന്യവും''' മൊഗ്രാൽ പുഴയിൽ തന്നെയാണുള്ളത്.

 വർഷങ്ങൾക്കു മുമ്പ് അറവ്ശാലകളിൽ നിന്നും മറ്റുമുള്ള വലിയ തോതിലുള്ള മാലിന്യങ്ങൾ ദേശീയപാതയോരത്തും, പുഴയിലേക്കും വലിച്ചെറിയുന്നത് നിത്യസംഭവമായിരുന്നു. 

സഹികെട്ട നാട്ടുകാർ മൊഗ്രാൽ ദേശീയ വേദിയുടെ നേതൃത്വത്തിൽ വേറിട്ട തുടർച്ചയായ സമരപരിപാടികൾ കൊണ്ട് അധികൃതരുടെ കണ്ണുതുറപ്പിക്കുകയും ഒരു പരിധിവരെ മാലിന്യം വലിച്ചെറിയുന്നത് നിയന്ത്രിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.ഇന്നിപ്പോൾ കൊപ്പളം തീരദേശ ലിങ്ക് റോഡിലൂടെയാണ് മാലിന്യം പുഴയിലേക്ക് വലിച്ചെറിയുന്നത്.

 മണൽ കടത്തിന് ഉപയോഗിക്കുന്ന ഫൈബർ വള്ളങ്ങളും, തോണികളും പിടികൂടി പോലീസ് തകർത്ത് പുഴയിൽ തന്നെ ഉപേക്ഷിക്കുന്നതും പുഴ മലിനമാകാൻ കാരണമാകുന്നുണ്ട്. 

ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വള്ളങ്ങളും, തോണികളും പോലീസ് പിടിച്ചെടുത്ത് അത് ലേലം വിളിച്ചു വിൽക്കുകയാണെങ്കിൽ സർക്കാറിന് വരുമാനം ഉണ്ടാക്കാനാവുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

 ആമഴയിഞ്ചൻ തോട് വിഷയം വഷളായതിന് ശേഷം പൊതു നിരത്തുകളിലെ മാലിന്യ നിക്ഷേപത്തിനെതിരെ പടപ്പുറപ്പാടാണ് സർക്കാർ നടത്തുന്നത്. 

നിരോധിച്ച പ്ലാസ്റ്റിക് കാരിബാഗുകൾ ഉപയോഗിക്കുന്നവർക്കെതിരായ കർശന നടപടി, മാലിന്യം പൊതുവിടങ്ങളിലും, ജലാശയങ്ങളിലും നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യൽ തുടങ്ങിയ നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്.

കനാലുകളിൽ മാലിന്യം വലിച്ചെറിയുന്നത് ചിലർക്ക് വിനോദമാണെന്നും, ഇവരെ വെറുതെ വിടരുതെന്നും ആമയിഴഞ്ചൻ വിഷയത്തിൽ കോടതി നിരീക്ഷിച്ചിരുന്നു.

 പരിസ്ഥിതിക്ക് വൻ ആഘാതമാണ് നിരോധിത പ്ലാസ്റ്റിക് മാലിന്യം കൊണ്ടുണ്ടാകുന്നത്.

 2020 ജനുവരിയിൽ തന്നെ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചിരുന്നു. എന്നാൽ ഈ നിരോധന ഉൽപ്പന്നം ഇപ്പോഴും സുലഭമാണ്. 

ജില്ലയിലെ വിവിധ ഭാഗങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാൽ കാണാൻ കഴിയുന്നത് മാലിന്യ കൂമ്പാരങ്ങളാണ്.

 ഇവ കൊണ്ട് തന്നെ കൊതുക് ശല്യം വർദ്ധിച്ചു, ആശുപത്രികളിൽ രോഗികളെ കൊണ്ട് നിറഞ്ഞു കവിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

 പരിസര ശുചീകരണവും,മാലിന്യ സംസ്കരണവും വേണ്ട രീതിയിൽ നടത്താത്തത് ഈ കാലവർഷക്കാലത്ത് വലിയ ദുരിതമാണ് സമ്മാനിച്ചത്. മാലിന്യ വിഷയത്തിൽ കർശനമായ നിലപാട് സ്വീകരിക്കണമെന്ന് തന്നെയാണ് പൊതുജന അഭിപ്രായംവും.

No comments