14 കോടിയുടെ വികസനം മുടങ്ങി കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം ; ഇമെയിൽ സന്ദേശത്തിന് മറുപടി നൽകാത്തതാണ് കാരണമെന്ന് അധികൃതർ
കുമ്പള : ദശാബ്ദങ്ങളായി വികസനം മുരടിച്ച കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് വന്ന മെയിൽ സന്ദേശം ഉദ്യോഗസ്ഥർ ശ്രദ്ധിക്കാതെ പോയതിനാൽ 14 കോടിയുടെ വികസന പദ്ധതി തടസ്സപ്പെട്ടതായി ആസ്പത്രി വികസന സമിതി യോഗത്തിൽ ആരോപണം.ആയുഷ്മാൻ ഭാരത് വകുപ്പിൽനിന്നായിരുന്നു ആസ്പത്രി വികസന പദ്ധതിയുടെ
വിശദാംശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് മെയിൽ സന്ദേശം വന്നത്. ഈ സന്ദേശം
ഉദ്യോഗസ്ഥരോ ആസ്പത്രി അധികൃതരോ കണ്ടില്ല. വിശദാംശങ്ങൾ സമർപ്പിക്കേണ്ട തീയതി
കഴിഞ്ഞിട്ടും ആരും ഇതറിഞ്ഞതേയില്ല.
കുമ്പള സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ വികസനത്തിനുള്ള വലിയൊരു സാധ്യതയില്ലാതാക്കിയെന്ന് ആരോപിച്ച് യോഗത്തിൽ ഏറെനേരം ഒച്ചപ്പാടും ബഹളവുമുണ്ടായി.
29-ന് നടന്ന എച്ച്.എം.സി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എ.സൈമയാണ് പ്രശ്നം ഉന്നയിച്ചതെന്ന് അംഗങ്ങൾ പറയുന്നു. തുടർന്ന് ബന്ധപ്പെട്ട ക്ലാർക്കിനെ യോഗത്തിലേക്ക് വിളിപ്പിച്ചുവെങ്കിലും താൻ മെയിൽ സന്ദേശം കണ്ടില്ലെന്നും എല്ലാവരും മെയിൽ നോക്കാറുണ്ടെന്നുമാണ് അറിയിച്ചത്. ഉദ്യോഗസ്ഥന്റെ മറുപടി യോഗത്തിൽ ഏറെനേരം വിമർശനത്തിനിടയാക്കി.
ആസ്പത്രിവികസനത്തിന് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും പദ്ധതിനിർദേശങ്ങളും സമർപ്പിക്കാനുള്ള കാര്യങ്ങളാണ് മെയിൽ സന്ദേശത്തിലുണ്ടായിരുന്നതെന്ന് എച്ച്.എം.സി. അംഗങ്ങൾ പറയുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലുള്ള ആസ്പത്രിക്ക് ലഭിക്കേണ്ടിയിരുന്ന വലിയൊരു തുകയാണ് നഷ്ടപ്പെടുത്തിയതെന്നാണ് ആരോപണം.
ഏറെ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിലാണ് സാമൂഹികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. നിന്നുതിരിയാൻ സ്ഥലമില്ലാത്ത മുറികളിലിരുന്നാണ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്. നിത്യേന 300-നും 400-നും ഇടയിൽ രോഗികളെത്താറുണ്ടിവിടെ.
നിലവിൽ മൂന്ന് ഡോക്ടർമാരാണ് മിക്ക ദിവസങ്ങളിലുമുണ്ടാകുന്നത്. ലബോറട്ടറിയിലാണെങ്കിൽ രക്തം മാത്രമാണ് പരിശോധിക്കുന്നത്. മൂത്രം പരിശോധിക്കാൻ പുറത്തെ ലാബുകളിലേക്കാണ് രോഗികളെ വിടുന്നത്.
Post a Comment