JHL

JHL

ഒടുവിൽ അധികൃതർ കണ്ണ് തുറന്നു; കുമ്പള സ്കൂളിനടുത്തുള്ള അപകടാവസ്ഥയിലായ പിഡബ്ല്യുഡി കെട്ടിടം പൊളിച്ചു നീക്കി


കുമ്പള(www.truenewsmalayalam.com) : കുമ്പള ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂളിന് സമീപം പഴകി ദ്രവിച്ച് തകർന്നുവീണുകൊണ്ടിരുന്ന രണ്ട് കെട്ടിടങ്ങൾ പി ഡബ്ലിയു ഡി അധികൃതരുടെ നിർദ്ദേശപ്രകാരം ഇന്ന് രാവിലെ പൊളിച്ചു നീക്കി.

 കുമ്പള സ്കൂളിനടുത്തുള്ള ഈ പഴകി ദ്രവിച്ച കെട്ടിടങ്ങൾ വിദ്യാർത്ഥികൾക്ക് ഭീഷണിയാവുന്നുവെന്ന് പിടിഎയും, അധ്യാപകരും, നാട്ടുകാരും, ലക്കി സ്റ്റാർ ക്ലബ്‌ അംഗങ്ങളും കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ആവശ്യപ്പെട്ട് വരികയായിരുന്നു.

 രണ്ട് പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായ പിഡബ്ല്യുഡി റസ്റ്റ് ഹൗസും,അനുബന്ധ കെട്ടിടവുമാണ് വിദ്യാർത്ഥികൾക്ക് ഭീഷണിയായിട്ടുണ്ടായിരുന്നത്.സ്കൂളിലേക്ക് നേരത്തെ എത്തുന്ന വിദ്യാർത്ഥികളും, ഇടവേളകളിൽ പുറത്തിറങ്ങുന്ന വിദ്യാർത്ഥികളൊക്കെ മൈതാനത്തിന് സമീപം ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന കെട്ടിടത്തിന ടുത്തേക്കാണ് പോകുന്നത്. ഇത് രക്ഷിതാക്കളിലും പിടിഎയിലും, അധ്യാപകരിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്.

 50 വർഷത്തിലേറെ പഴക്കമുള്ളതാണ് ഇരു കെട്ടിടങ്ങൾ. പണ്ടുകാലത്ത് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വിശ്രമത്തിനൊരുക്കിയതാണ് ഈ കെട്ടിടങ്ങൾ. പിന്നീടത് പിഡബ്ല്യുഡി ഉപേക്ഷിക്കുകയായിരുന്നു. 

 രണ്ടായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന കുമ്പള ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെയും, യുപിയിലെയും വിദ്യാർത്ഥികൾ തകർച്ചയെ നേരിടുന്ന ഈ കെട്ടിടങ്ങൾക്കരികി ലൂടെയാണ് വഴി നടക്കുകയും, വിശ്രമവേളകളിൽ കളിക്കുകയും ചെയ്യുന്നത്. കളിക്കിടെ മഴപെയ്താൽ കുട്ടികൾ ഈ കെട്ടിടത്തിനുള്ളിൽ കയറിയാണ് നിൽക്കാറുള്ളതും.

  വിഷയത്തിൽ സ്കൂൾ തുറക്കുന്നതിന് മുമ്പായി അടിയന്തിര നടപടി വേണമെന്ന് നാട്ടുകാരും,പിടിഎയും ആവശ്യപെട്ടിരുന്നു. വൈകിയാണെങ്കിലും കെട്ടിടം പൊളിച്ച് മാറ്റിയത് അധ്യാപകർക്കും, രക്ഷിതാക്കൾക്കും ആശ്വാസമായി.

No comments