നാട് പനിച്ചു വിറക്കുമ്പോഴും അടിസ്ഥാന സൗകര്യ വികസനമില്ലാതെ കുമ്പള സിഎച്ച്സി; അഞ്ചരക്കോടിയുടെ പദ്ധതി കടലാസിൽ
കുമ്പള(www.truenewsmalayalam.com) : പനിച്ച് വിറച്ച് ദിവസേന കുമ്പള സ ർക്കാർ ആശുപത്രിയിൽ എത്തുന്നത് 400ലേറെ രോഗികൾ. അടിസ്ഥാന സൗകര്യ വികസനം ഇല്ലാതെ വീർപ്പുമുട്ടുകയാണ് ഈ ആരോഗ്യ കേന്ദ്രം.
കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നതാണ് കുമ്പളയിലെ സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രം. പഴകി ദ്രവിച്ച കെട്ടിടങ്ങൾക്ക് 6 പതിറ്റാണ്ട് കാലത്തെ കാലപ്പഴക്കമുണ്ട്.
1962 കാലഘട്ടത്തിൽ നിർമ്മിച്ച കെട്ടിടം 2024 ലും അടിസ്ഥാന സൗകര്യ വികസനം ഒരുക്കാതെ അതേപടി നിലനിൽക്കുന്നു. ഒരുപക്ഷേ ജില്ലയിലും, സംസ്ഥാനത്തും ഇങ്ങനെയൊരു കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഏക സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രം കുമ്പളയിലേ തായിരിക്കുമെന്ന് നാട്ടുകാർ പറയുന്നു.
സിഎച്ച്സിയുടെ നവീകരണത്തിന് ബ്ലോക്ക് പഞ്ചായത്ത് 10കോടിയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിന്റെ ഇടപെടലിലൂടെ അഞ്ചരക്കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞവർഷം സർക്കാർ അനുമതി ലഭിച്ചിരുന്നു. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും പദ്ധതി കടലാസിലൊതുങ്ങുന്നതായാണ് ആക്ഷേപം.
കുമ്പളയിലെ മത്സ്യത്തൊഴിലാളികളും, പരിസര ഗ്രാമപഞ്ചായത്തുകളിലെ കൃഷിക്കാർ അടക്കമുള്ള സാധാരണക്കാരായ രോഗികളാണ് കുമ്പള സി.എസ്.സിയെ ആശ്രയിക്കുന്നത്.
ഒപ്പം കുമ്പളയിലെ തന്നെ സർക്കാർ സ്കൂൾ കോളേജുകളിലെയും സ്വകാര്യ കോളേജുകളിലെയും ആയിരക്കണക്കിന് വിദ്യാർത്ഥികളും ഏറെ ആശ്രയിക്കുന്നതും ഈ സർക്കാർ ആശുപത്രിയെ തന്നെയാണ്.
അതുകൊണ്ടുതന്നെ കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾക്ക് പകരം പുതിയ കെട്ടിടം നിർമ്മിക്കാനുള്ള പദ്ധതി യുദ്ധ കാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒപ്പം മറ്റുള്ള അടിസ്ഥാന സൗകര്യ വികസനവും സിഎച്ച്സി യിൽ ഒരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Post a Comment