JHL

JHL

കൊപ്പളം അണ്ടർ പാസ്സേജ്: ടെൻഡർ നടപടികളായിട്ടും നിർമ്മാണ പ്രവർത്തനങ്ങളില്ല ; ദേശീയ വേദി ഭാരവാഹികൾ എം പി യെ കണ്ടു

മൊഗ്രാൽ(True News 7 July 2020):: രണ്ടു പതിറ്റാണ്ടുകാലമായി മൊഗ്രാലിലെ തീരദേശ പ്രദേശവാസികൾ കാത്തിരിക്കുന്ന കൊപ്പളം  അണ്ടർപാസ്സേജിന്റെ  കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ പദ്ധതി പൂർത്തീകരിക്കാൻ വേണ്ട ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ടു റെയിൽവേ കൺസൾട്ടേറ്റീവ് അംഗം രാജ്മോഹൻ ഉണ്ണിത്താൻ എം പി യെ കണ്ട് മൊഗ്രാൽ ദേശീയവേദി  ഭാരവാഹികൾ നിവേദനം നൽകി.

 ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ ജി സി ബഷീർ വിഷയത്തിൽ സജീവമായി ഇടപെട്ടതിനെ തുടർന്ന് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാറിൽനിന്ന് രണ്ടേമുക്കാൽ കോടി രൂപയോളം റെയിൽവേയ്ക്ക്  കൈമാറിയിരുന്നു. പിന്നീട് പദ്ധതിക്ക് കേന്ദ്ര സർക്കാർ ഭരണാനുമതി നൽകുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും പ്രദേശം നിർമാണ കമ്പനി അധികൃതർ സന്ദർശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആറ് മാസമായി നിർമ്മാണവുമായി ബന്ധപ്പെട്ട യാതൊരു തുടർനടപടികളും ഉണ്ടായിട്ടില്ല.

 റയിൽവേ ഇരട്ടപാത  വന്നതോടുകൂടി ട്രെയിൻ ഇടിച്ചു അപകടമരണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നാട്ടുകാർ മൊഗ്രാൽ പടിഞ്ഞാറ് പ്രദേശത്തേക്ക് റെയിൽവേ അണ്ടർ പാസ്സേജ് അനുവദിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നത്. ഈ ആവശ്യത്തിന് 2 പതിറ്റാണ്ടുകാലത്തെ പഴക്കമുണ്ട്. പ്രദേശവാസികളുടെയും, സന്നദ്ധസംഘടനകളുടെയും നിരന്തരമായ ഇടപെടലിനെത്തുടർന്ന് 2013 നവംബറിൽ ഇതുമായി ബന്ധപ്പെട്ട് കുമ്പള ഗ്രാമ പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും യോഗം വിളിച്ചു ചേർക്കുകയും പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് കുമ്പള  ഗ്രാമപഞ്ചായത്ത് മൂന്ന് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പിന്നീട് പദ്ധതിക്ക് ഫണ്ട്‌ ലഭ്യമാക്കാനുള്ള കാലതാമസം തടസ്സമായി. ഇതേ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഇടപെട്ട് സംസ്ഥാന സർക്കാർ ഫണ്ട് പദ്ധതിക്ക് ലഭ്യമാക്കിയത്.

 ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടും നിർമാണ പ്രവർത്തികൾ തുടങ്ങാത്തതിൽ  പ്രദേശവാസികൾക്കുള്ള പ്രതിഷേധം ദേശീയ വേദി ഭാരവാഹികൾ രാജ്മോഹൻ ഉണ്ണിത്താൻ എംപി യെ അറിയിക്കുകയും ചെയ്തു.


No comments