JHL

JHL

നിർധന കുടുംബത്തിന് പുതുവെളിച്ചമേകാൻ സ്നേഹപാഠമൊരുക്കി നന്മ മനസ്സുകൾ;സീതാംഗോളിയിൽ കെ എസ് ഇ ബി ജീവനക്കാരും,ജെസിഐ യും പിടിഎ യും അധ്യാപകരും കൈകോർത്തപ്പോൾ വീട്ടിലേക്ക് വൈദ്യുതിയും ടെലിവിഷനുമെത്തി, ഈ കുട്ടികൾക്കിനി വൈദ്യുതി വെളിച്ചത്തിൽ ടെലിവിഷനിലൂടെ പഠനം നടത്താം


കുമ്പള (True News. July 4.2020): കോവിഡ് -19 രോഗവ്യാപന സാഹചര്യം മുൻനിർത്തി വിദ്യാലയങ്ങൾ അടച്ചിട്ടപ്പോളും അധ്യയനം മുടങ്ങാതിരിക്കാൻ സംസ്ഥാനമൊട്ടാകെ ഓൺലൈൻ ക്ലാസ്സിലേക്ക് ചുവടുമാറ്റി. അപ്പോളും മഴച്ചാറ്റലിന്റെ തണുപ്പിലൂടെ  ചിമ്മിനികൂടിന്റെ അരണ്ട വെളിച്ചത്തിൽ അക്ഷരങ്ങൾ പെറുക്കിയെടുത്തു വാക്കുകൾ കൂട്ടിവായിക്കുകയായിരുന്നു ഒന്നാം ക്ലാസുകാരനായ കീർത്തൻ. കൂട്ടിന് സഹോദരങ്ങളായ കൃതികും കീർത്തനയും. 
ഓൺലൈൻ പഠന സാഹചര്യങ്ങൾ ഒന്നുമില്ലാത്ത  ഒരു കൊച്ചുവീട്ടിൽ സ്വപ്നങ്ങൾ മെനഞ്ഞ ഈ കുരുന്നുകൾ ഇന്ന് ഏറെ സന്തോഷത്തിലാണ്. സീതാംഗോളി കോടിമൂലയിലുള്ള അവരുടെ വീട്ടിലേക്ക് ഇന്നലെ വൈദ്യുതിയുടെ  വെള്ളിവെളിച്ചമെത്തി. ടെലിവിഷനിലെ നിറമുള്ള കാഴ്ചകൾ കണ്മുന്നിൽ മിന്നിമറഞ്ഞു... സന്തോഷവും സങ്കടവും ആ കുഞ്ഞുമുഖങ്ങളിൽ നിഴലിച്ചു. നന്മയുള്ള ഒരുകൂട്ടം ആളുകൾ ഒത്തുചേർന്നപ്പോൾ തിരിച്ചുകിട്ടിയത് ഒരു നിർധന  കുടുംബത്തിന്റെ നഷ്ടപ്പെട്ട സന്തോഷമാണ്. പുത്തിഗെ എ.ജെ.ബി സ്കൂളിലെ വിദ്യാർത്ഥികളാണ് കൃതികും, കീർത്തനയും കീർത്തനും. അച്ഛൻ സോമയ്യയും അമ്മ ഭഗീരഥിയും കൂലിവേല ചെയ്യന്നു. പഠന പുരോഗതി വിലയിരുത്താൻ ചെന്ന സ്കൂൾ അധ്യാപകരാണ് ഈ വീടിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ തിരിച്ചറിഞ്ഞത്. സർക്കാർ പദ്ധതിയിൽ പാതിവഴിയിൽ പൂർത്തിയായ ഒരു വീട്. വാതിലോ ജനലോ ഇല്ല. വൃത്തിയുള്ള ശൗചാലയമില്ല. ഇരുട്ട് നിറഞ്ഞ മുറികൾ. സ്കൂൾ പ്രധാനാധ്യാപിക ആർ. സിന്ധു, അധ്യാപകൻ ടി.എൻ ഉണ്ണികൃഷ്ണൻ എന്നിവർ അന്ന് തന്നെ ആവശ്യമായ ഇടപെടലുകൾക്ക് വഴിയൊരുക്കി. സ്കൂൾ അധ്യാപകർ തൊട്ടടുത്ത ദിവസം തന്നെ വീടിന്റെ വാതിലുകൾ നിർമ്മിച്ചു നൽകി. കെഎസ്ഇബിയെ ബന്ധപ്പെട്ട് വൈദ്യുതി നൽകുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കാനുള്ള ശ്രമം ആരംഭിച്ചു. കെഎസ്ഇബി സീതാംഗോളി ഓഫീസിലെ സബ് എൻജിനീയർ എം.എസ് ആദർശിന്റെ അഭ്യർത്ഥനയിൽ ജെസിഐ  കാസർഗോഡ് ഹെറിറ്റേജ് സിറ്റി വീടിന്റെ വയറിംഗ് ജോലികൾ പൂർത്തിയാക്കാൻ മുന്നോട്ടുവന്നു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ടെലിവിഷനും സ്കൂൾ പിടിഎ പ്രസിഡന്റ്‌ അബൂബക്കർ ഉറുമി ഡിജിറ്റൽ ടിവിയും സംഭാവനയായി നൽകി. നന്മ മനസ്സുകൾ കൂടിചേർന്ന്  വീടിനും വീട്ടുകാർക്കും പ്രതീക്ഷയുടെ വെളിച്ചമേകി. ജെസിഐ കാസർഗോഡ് ഹെറിറ്റേജ് സിറ്റി പ്രസിഡന്റ്‌ സതി.കെ.നായർ വൈദ്യുതിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി ജയകൃഷ്ണൻ  ടെലിവിഷനും അബൂബക്കർ ഉറുമി ഡിഷ്‌ ടിവിയും കൈമാറി. ജെസിഐ ഭാരവാഹികളായ  സെൽവരാജ് കെ.കെ,   രാജേഷ് കെ.നായർ,  പ്രസീഷ് കുമാർ.എം, 
കെഎസ്ഇബി സീതാംഗോളി സബ് എഞ്ചിനീയർ ആദർശ്.എം.എസ്, ഓഫീസേഴ്‌സ് അസോസിയേഷൻ പ്രതിനിധി മനോജ്‌, വർക്കേഴ്സ് അസോസിയേഷൻ പ്രതിനിധി ജിജേഷ്, പൊതുപ്രവർത്തകരായ സുബ്ബണ്ണ ആൾവ, പി. ഇബ്രാഹിം, എസ്എസ്ജി അംഗം സിദ്ദിഖ് കയ്യാംകൂടൽ, 
സ്കൂൾ പ്രധാനാധ്യാപിക ആർ. സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.


No comments