JHL

JHL

കാർ തടഞ്ഞു നിർത്തി 65 ലക്ഷം രൂപ കൊള്ളയടിച്ച കേസ്; 9 പവൻ സ്വർണാഭരണവും 5.20 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.

കാസർകോട്(www.truenewsmalayalam.com) : കാർ തടഞ്ഞു നിർത്തി സ്വർണ വ്യാപാരിയുടെ ഡ്രൈവറെ തട്ടിക്കൊണ്ടു പോയി 65 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ വീട്ടിൽ നിന്നു 5.20 ലക്ഷം രൂപയും 9 പവൻ സ്വർണാഭരണവും പൊലീസ് കണ്ടെടുത്തു. ഇതോടെ കേസിൽ ആകെ 27.50 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. വയനാട് പനമരം നടവയൽ കായക്കുന്ന് കിഴക്കേ തുമ്പത്തുഹൗസിൽ അഖിൽ ടോമിയുമായി നടത്തിയ തെളിവെടുപ്പിലാണു പണവും സ്വർണവും കണ്ടെടുത്തത്.

കാസർകോട് ഇൻസ്പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 2 ലക്ഷം രൂപയും 9 പവൻ സ്വർണവും കണ്ടെത്തി. കവർച്ചാപ്പണം ഉപയോഗിച്ച് വാങ്ങിയ 77,000 രൂപ വിലയുള്ള മൊബൈൽ, രണ്ടായിരം രൂപയുടെ മോഡം എന്നിവയും വീട്ടിൽ നിന്നു കണ്ടെത്തി. ഹോംസ്റ്റേ ബിസിനസ് പങ്കാളിയാവാൻ സുഹൃത്തിനു നൽകിയ 2 ലക്ഷം രൂപയും മറ്റൊരു സുഹൃത്തിനു സഹായമായി നൽകിയ 1.20 ലക്ഷം രൂപയും തെളിവെടുപ്പിൽ കണ്ടെത്തി.

3.50 ലക്ഷം രൂപ വിലവരുന്ന 4 വളയും ഒരു മാലയും കണ്ടെടുത്തിട്ടുണ്ട്. കൊള്ളയ്ക്കു ശേഷം അഖിലും കൂടെയുള്ളവരും താമസിച്ച പയ്യന്നൂരിലെ റിസോർട്ടിൽ നിന്ന് വ്യാജ നമ്പർ പ്ലേറ്റുകളും കണ്ടെത്തി. കവർച്ചയ്ക്ക് എത്തുന്നതിന് മുൻപ് സംഘം കണ്ണൂർ നഗരത്തിലെയും പുതിയതെരുവിലെയും ഹോട്ടലുകളിലുമാണു മുറിയെടുത്തിരുന്നത്. ഇവിടെയും പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി.മഹാരാഷ്ട്ര സ്വദേശിയായ രാഹുൽ മഹാദേവ് ജാവിറാണു മൊഗ്രാൽപുത്തൂരിൽ ദേശീയപാതയിൽ കവർച്ചയ്ക്ക് ഇരയായത്.

കവർച്ച നടന്ന കഴിഞ്ഞ 22നു തലേന്നു സംഘം മൊഗ്രാൽപുത്തൂരിലെ ഒരു വീട്ടിൽ ഒത്തുകൂടിയിരുന്നു. ഇവിടേക്ക് വഴികാട്ടിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതു കവർച്ചയിൽ നേരിട്ട് പങ്കുള്ള മൊഗ്രാൽപുത്തൂർ സ്വദേശിയുടെതാണ്. ഇയാളടക്കം കേസിൽ നേരിട്ടു പങ്കുള്ള 9 പ്രതികളെ ഇനിയും പിടികൂടാനുണ്ട്. കസ്റ്റഡിയിലുള്ള അമൽ ടോമിനെ ഇന്നു കോടതിയിൽ ഹാജരാക്കും.

കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി അനു ഷാജുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലാണ്. അറസ്റ്റിലായ ബിനോയ് സി.ബേബിയുമായി തൃശൂരിൽ നടത്തിയ തെളിവെടുപ്പിൽ 14.80 ലക്ഷം രൂപയും പിടിയിലാവാനുള്ള പ്രതി എഡ്വിന്റെ വീട്ടിൽ നിന്നു 7,50 ലക്ഷം രൂപയും പിടികൂടിയിരുന്നു.





No comments