JHL

JHL

കർണാടക യാത്രാ നിയന്ത്രണം: ഇളവ് ആവശ്യപ്പെട്ട് ടി. സിദ്ദിഖ്

കാസർഗോഡ്(www.truenewsmalayalam.com) : കർണാടകയിലേക്ക് യാത്ര ചെയ്യാൻ 2 വാക്സീൻ പൂർത്തീകരിച്ചവർക്ക് ഉൾപ്പെടെ ആർടിപിസിആർ നിർബന്ധമാക്കിയ നടപടി പിൻവലിക്കണമെന്നും വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ ക്വാറന്റീൻ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎ കർണാടക ചീഫ് സെക്രട്ടറി പി. രവികുമാറുമായി ചർച്ച നടത്തി. അതിർത്തി പങ്കിടുന്ന വയനാട്, കാസർകോട് ജില്ലകളിലെ കർഷകരും വിദ്യാർഥികളും സാധാരണക്കാരായ ആളുകളും ഇതുകാരണം ബുദ്ധിമുട്ടുകയാണ്. കർഷകർക്ക് കർണാടകയിലെ അവരുടെ കൃഷിയിടങ്ങളിലേക്കു പോകുന്നതിനു സാധിക്കുന്നില്ല.
ആർടിപിസിആർ നിർബന്ധമാക്കിയതു സാമ്പത്തിക ബുദ്ധിമുട്ടും സമയ നഷ്ടവും വരുത്തി. കർണാടക ചെക്പോസ്റ്റുകളിലെ ദുരിത സമാനമായ സാഹചര്യങ്ങളെ കുറിച്ചും എംഎൽഎ നിവേദനവും നൽകി. ഉടൻ പ്രശ്ന പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് കർണാടക ചീഫ് സെക്രട്ടറി ഉറപ്പു നൽകിയതായി ടി. സിദ്ദിഖ് അറിയിച്ചു. വയനാട്ടിലെ മഴക്കെടുതിയിൽ ആവശ്യമായ സഹായം നൽകാമെന്നും അറിയിച്ചു. എംഎൽഎയ്ക്കൊപ്പം മലയാളി കർഷകരുടെ കൂട്ടായ്മയായ എൻഎഫ്പിഒ പ്രതിനിധികളായ ഫിലിപ് ജോർജ്, എസ്.എം. റസാഖ്, ബി.എൽ. അജയ് കുമാർ, തോമസ് മിറർ, ജോർജ് മണിമല, കെ.ജെ. ഷാജി, ബിനേഷ് ഡൊമിനിക്, ബോബി ഏബ്രഹാം, എം. സിനു, സിബി മാത്യു, പി. സന്ദീപ് എന്നിവരും ഉണ്ടായിരുന്നു.




No comments