JHL

JHL

പൈക്കയിൽ പുലിയിറങ്ങിയെന്ന അഭ്യൂഹം; പേടി വേണ്ടെന്ന് വനംവകുപ്പ്.

ചെർക്കള(www.truenewsmalayalam.com) : പൈക്കയിൽ പുലിയിറങ്ങിയെന്ന അഭ്യൂഹത്തെ തുടർന്നു വനപാലകർ പരിശോധന നടത്തി. കാൽപാടുകൾ പരിശോധിച്ചതിൽ നിന്നു അത് പട്ടിപ്പുലി ആകുമെന്ന നിഗമനത്തിലാണ് അധികൃതർ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒട്ടേറെ കോഴികളെയും ഒരു പശുക്കുട്ടിയെയും ഇതു കൊന്നൊടുക്കി. ഏറ്റവും ഒടുവിൽ പൈക്ക സ്കൂളിനു സമീപത്തെ കുഞ്ഞികൃഷ്ണന്റെ  4 മാസത്തോളം പ്രായമായ പശുക്കുട്ടിയെയാണു കൊന്നത്.

തൊഴുത്തിനു പുറത്തു കെട്ടിയിട്ട പശുക്കുട്ടി രാവിലെ ആയപ്പോഴേക്കും ചത്ത നിലയിലായിരുന്നു. കാലിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തി. അതിനിടെ ചിലർ ഒരു ജീവിയെ കാണുകയും ചെയ്തു. ഒറ്റ നോട്ടത്തിൽ പുലിയോടു സാമ്യമുണ്ടെന്നാണ് ഇവർ വനംവകുപ്പിനെ അറിയിച്ചത്. കാട്ടുപൂച്ചയേക്കാൾ അൽപം ഉയരം കൂടിയ പട്ടിപ്പുലി ആകാനാണു സാധ്യതയെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ പ്രദേശത്തൊന്നും മുൻപ് പുലിയെ കണ്ടിട്ടില്ല.

കാസർകോട് വനത്തിൽ പുലിയുള്ളതു പാണ്ടി വനത്തിൽ മാത്രമാണ്. ‌ഇവിടെ നിന്ന് 30 കിലോമീറ്ററോളം ദൂരെയുള്ള പൈക്കയിലേക്ക് അത് എത്താനുള്ള സാധ്യത വിരളമാണ്. അതിനിടയിലുള്ള ഒരു സ്ഥലത്തും പുലിയുടെ ആക്രമണമുണ്ടായിട്ടുമില്ല. പൈക്ക സ്കൂളിനോടു ചേർന്നുള്ള ഈ പ്രദേശം വലിയ കാട് നിറഞ്ഞതാണ്. പന്നിയും കാട്ടുപൂച്ചയുമൊക്കെ ഇവിടെയുണ്ടെങ്കിലും ഇത്തരം ഒരു ജീവിയെ കാണുന്നത് ആദ്യമാണെന്നു നാട്ടുകാർ പറയുന്നു. ഇതിന്റെ ആക്രമണം ഭയന്ന് ഇന്നലെ മദ്രസയ്ക്കുൾപ്പെടെ അവധി നൽകിയിരുന്നു.

പേടി വേണ്ടെന്ന് വനംവകുപ്പ്

ഇത് പട്ടിപ്പുലി തന്നെ ആകാനാണു സാധ്യതയെന്നു വനംവകുപ്പ് പറയുന്നു. ഇത് ആളുകളെ ആക്രമിക്കില്ലെന്നതിനാൽ പേടിക്കേണ്ട കാര്യമില്ല. കാട്ടുപൂച്ചയുടെ വർഗത്തിൽപ്പെട്ട നാടൻ പട്ടിയോളം ഉയരമുള്ള ജീവിയാണിത്. കോഴി, ആട്, പട്ടി, പശുക്കുട്ടികൾ തുടങ്ങിയവയെ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ അൽപം ജാഗ്രത പാലിക്കണം. കൂടിന്റെ സമീപത്തു രാത്രി ബൾബ് കത്തിച്ചാൽ ഇതു വരാൻ സാധ്യതയില്ലെന്നും വനപാലകർ പറയുന്നു.





No comments