JHL

JHL

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ സഹായിക്കാൻ ശ്രമിച്ച മലയാളി വനിത എസ്ഐക്കും ഹെഡ് കോൺസ്റ്റബിളിനും സസ്പെൻഷൻ

മംഗളൂരു(www.truenewsmalayalam.com) : വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതിയായ ലോകായുക്ത സ്പെഷൽ പ്രോസിക്യൂട്ടറെ സഹായിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് മലയാളിയായ വനിത എസ്ഐയെയും ഹെഡ് കോൺസ്റ്റബിളിനെയും സസ്‌പെൻഡ് ചെയ്തു. ഉർവ്വ പൊലീസ് സ്റ്റേഷനിലെ എസ്ഐ ശ്രീകല, ഹെഡ്കോൺസ്റ്റബിൾ പ്രമോദ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.

ഇരയായ പെൺകുട്ടിയുടെ സുഹൃത്തിനെ ഭീഷണിപ്പെടുത്തി പ്രതിക്ക് അനുകൂലമായി സത്യവാങ് മൂലം ഒപ്പിട്ടു വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണു സസ്പെൻഷൻ. ഭീഷണിപ്പെടുത്തി മൊഴി നൽകിപ്പിച്ച കേസിൽ ഇരയുടെ സുഹൃത്തായ ധ്രുവ, ധ്രുവയുടെ അമ്മ മഹാലക്ഷ്മി, മഹിളാ ജാഗ്രതെ വേദിഗെ നേതാവ് പവിത്ര ആചാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏതാനും ദിവസം മുൻപാണ് ലോകായുക്ത സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്.എൻ.രാജേഷ് ഭട്ട് ഓഫിസിൽ വച്ച് പീഡിപ്പിച്ചതായി ഇയാളുടെ കീഴിൽ ഇന്റേൺഷിപ് ചെയ്യുന്ന നിയമ വിദ്യാർഥിനി പൊലീസിൽ പരാതി നൽകിയത്. പൊലീസ് സ്റ്റേഷനിൽ തന്നെ ഭീഷണിപ്പെടുത്തി പ്രതിക്ക് അനുകൂലമായി മൊഴി എഴുതി വാങ്ങിയെന്ന് കാണിച്ച് ഇവരുടെ സുഹൃത്തായ മറ്റൊരു വിദ്യാർഥിനിയും പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണത്തിനും പൊലീസ് കമ്മിഷണർ നിർദേശം നൽകി.





No comments