JHL

JHL

സ്‌കൂൾ തുറക്കാൻ ഇനി ഒരാഴ്ച്ച മാത്രം; കുമ്പള സ്‌കൂൾ പരിസരം കാടുപിടിച്ച നിലയിൽ.



കുമ്പള(www.truenewsmalayalam.com) : സ്കൂളുകൾ തുറക്കാൻ സർക്കാർ പ്രഖ്യാപനം വന്നതിന് ശേഷം സ്കൂളും പരിസരവും വൃത്തിയാക്കുന്ന തിരക്കിലാണ് സ്കൂൾ അധികൃതരും പി ടി എ യും നാട്ടുകാരും. എന്നാൽ സ്കൂൾ തുറക്കാൻ കേവലം ഒരാഴ്ച മാത്രം ബാക്കിയിരിക്കെ കുമ്പള ഗവണ്മെൻറ് ഹയർ സെക്കൻററി സ്കൂൾ പരിസരം കാടുപിടിച്ച് കിടക്കുകയാണ്.

ഒന്നര വർഷങ്ങൾക്കു മുമ്പ് സ്കൂൾ അടച്ചിടുമ്പോൾ ഉണ്ടായിരുന്ന അവസ്ഥയിലല്ല സ്കൂൾ പരിസരം. എല്ലാ നല്ല പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി, മറ്റുള്ളവർക്ക് മാതൃകയാകേണ്ട പൊലീസാണ് സ്കൂൾ പരിസരം കാടുപിടിപ്പിച്ച് മലിനമാക്കുന്നതിന് നേതൃത്വം നൽകിയിരിക്കുന്നത്. മൈതാനത്ത് സ്കൂൾ മതിലിനോട് ചേർന്ന് കസ്റ്റഡി വാഹനങ്ങളും പിടിച്ചെടുത്ത തോണികളും കൊണ്ടിട്ട് സ്കൂൾ പരിസരം കാടാക്കി മാറ്റിയതിന്റെ പൂർണ ഉത്തരവാദിത്തം കുമ്പള പൊലീസിനാണ്. സ്കൂൾ മൈതാനത്ത് കൊണ്ടിട്ട വാഹനങ്ങളിലൊന്നിൽ കടന്നൽ കൂടുള്ളതായും പുറത്ത് സംസാരമുണ്ട്.

രണ്ടാഴ്ച മുമ്പ് ഇതുവഴി നടന്നു പോയ ഒരാൾക്ക് കടന്നലിന്റെ കുത്തേറ്റിട്ടുണ്ടത്രേ.

         സ്കൂൾ കോമ്പൗണ്ടിനകം ഒരാഴ്ച മുമ്പ് പ്രദേശത്തെ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചിട്ടുണ്ട്. കൂടാതെ കോമ്പൗണ്ടിനകവും ക്ലാസ് മുറികളും ശുചീകരിക്കാൻ പി ടി എ യും മറ്റും മുമ്പോട്ട് വന്നിട്ടുണ്ട്. എന്നാൽ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളെ തൊടാൻ പൊലീസിനല്ലാതെ അധികാരമില്ലാത്ത സാഹചര്യത്തിൽ സ്കൂൾ പരിസരത്തു നിന്നും വണ്ടികൾ മാറ്റാനും ശുചീകരിക്കാനും പൊലീസ് തന്നെയാണ് മുമ്പോട്ട് വരേണ്ടത്.

       പതിറ്റാണ്ടുകൾ പഴക്കമുള്ള സർക്കാരിന്റെ ടൂറിസ്റ്റ് ബംഗ്ലാവ് സ്കൂൾ പരിസരത്ത് ഭാഗികമായി പൊളിഞ്ഞ് കിടക്കുന്നു. ഓടുമേഞ്ഞുണ്ടാക്കിയ കെട്ടിടത്തിന്റെ ഓടുകളും മേൽക്കൂരയും തകർന്ന് പട്ടികകളും മരങ്ങളും ശേഷിച്ച ഓടുകളും ഏത് സമയത്തും കുട്ടികളുടെ ദേഹത്ത് പൊഴിഞ്ഞു വീഴാൻ പാകത്തിൽ തൂങ്ങിക്കിടപ്പുണ്ട്. കെട്ടിടത്തോട് ചേർന്ന് നിറയെ പഴങ്ങൾ കായ്ക്കുന്ന രണ്ട് ബൊഗിരി മരങ്ങളുണ്ട്. സാധാരണ സ്കൂളുള്ള ദിവസങ്ങളിൽ പ്രത്യേകിച്ച് തൊട്ടടുത്ത ജി.എസ്.ബി.എസിലെ കുട്ടികൾ പഴം പറിക്കാൻ ഈ മരത്തിനടിയിൽ എത്തുക പതിവായിരുന്നു. ഇനിയും ഈ കെട്ടിടത്തെ ഇവിടെ നിലനിർത്തുന്നത് വലിയ അപകടങ്ങളായിരിക്കും ക്ഷണിച്ചു വരുത്തുക. ഈ കെട്ടിടം പൊളിച്ചു മാറ്റണമെന്ന് വർഷങ്ങളായി രക്ഷിതാക്കൾ നിരന്തരം ആവശ്യപ്പെട്ടു വരുന്നുണ്ട്.

         സ്കൂൾ മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന പതിനഞ്ചോളം വരുന്ന വാഹനങ്ങളും തോണിയും അവിടെ നിന്നും മാറ്റി വൃത്തിയാക്കുന്നതിനും അപകടാവസ്ഥയിലായ ടി.ബി. കെട്ടിടം പൊളിച്ചുമാറ്റുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാൻ എം എൽ എ യും ജില്ലാ കളക്ടറും ഇടപെട്ട് നിർദ്ദേശം നൽകണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.





No comments