JHL

JHL

ഒന്നരവർഷത്തിനുശേഷം സ്കൂളുകൾ തുറന്ന ആഹ്ലാദത്തിൽ ദക്ഷിണ കന്നഡ ജില്ലയിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ

മംഗളൂരു(www.truenewsmalayalam.com) : ഇതുവരെ മൊബൈൽ സ്ക്രീനിൽ കണ്ട സഹപാഠികളെ നേരിട്ടുകണ്ട ആഹ്ലാദത്തിലായിരുന്നു ദക്ഷിണ കന്നഡ ജില്ലയിലെ ഒന്നാംക്ലാസിലെ കുഞ്ഞുങ്ങൾ. ഒന്നരവർഷത്തിനുശേഷം പ്രൈമറി സ്കൂളുകൾ തുറന്നപ്പോൾ ആ കുരുന്നുകളും മൊബൈൽ ക്ലാസിൽനിന്ന് വിട്ട് നേരിട്ട് ക്ലാസ് മുറികളിലെത്തിയ സന്തോഷം പ്രകടിപ്പിച്ചു.
സ്വന്തം കൂട്ടുകാരെ കണ്ടെത്തിയ സന്തോഷവും പങ്കുവെച്ചു. ജൂണിലെ പ്രവേശനോത്സവ മാതൃകയിലായിരുന്നു സ്കൂളുകൾ വിദ്യാർഥികളെ വരവേറ്റത്. ഒന്നരവർഷമായി അടഞ്ഞുകിടന്ന സ്കൂളുകൾ പ്രവേശനോത്സവംപോലെ പെയിന്റടിച്ചും പരിസരം ശുചീകരിച്ചും ഒരുങ്ങിയിരുന്നു.

കർശന കോവിഡ് നിയന്ത്രണങ്ങളോടെയാണ് സ്കൂളുകൾ പ്രവർത്തനമാരംഭിച്ചത്. അധ്യാപകരും വിദ്യാർഥികളും പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ ഡോ. കെ.വി.രാജേന്ദ്ര നിർദേശങ്ങൾ നേരത്തേ നൽകിയിരുന്നു. ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഡെപ്യൂട്ടി കമ്മിഷണറുടെയും നിർദേശമനുസരിച്ച് ക്ലാസ് മുറിയിൽ വിദ്യാർഥികളെ സാമൂഹിക അകലം പാലിച്ചാണ് ഇരുത്തിയത്. വിദ്യാർഥികൾ ചൂടുവെള്ളം, ലഘുഭക്ഷണം, മാസ്ക്, സാനിറ്റൈസർ എന്നിവയുമായാണ് എത്തിയത്. നവംബർ രണ്ടുമുതൽ പൂർണസമയ ക്ലാസുകളുണ്ടാവും. നിലവിൽ രാവിലെ 10 മുതൽ 1.30 വരെയാണ് ക്ലാസുകളുണ്ടാവുക. ശനിയാഴ്ചകളിൽ എട്ടുമുതൽ 11.40 വരെയായിരിക്കും. നവംബർ രണ്ടുമുതൽ 10.30 മുതൽ 4.30 വരെയും ശനിയാഴ്ചകളിൽ എട്ടുമുതൽ 11.40 വരെയുമായിരിക്കും പ്രവർത്തനം.




No comments