JHL

JHL

ജില്ലാ ആശുപത്രിയെ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയാക്കി മാറ്റുന്നു; 15 കോടി ചെലവിട്ട് മാസ്റ്റർ പ്ലാൻ.

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ജില്ലാ ആശുപത്രിയെ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയാക്കി മാറ്റാൻ 15 കോടി ചെലവിട്ടു മാസ്റ്റർ പ്ലാൻ തയാറാക്കുന്നു. ജില്ലാ ജയിൽ നിർമാണത്തിനു വേണ്ടി വിട്ടു നൽകിയ ഒരേക്കർ സ്ഥലം കൂടി ഉൾപ്പെടുത്തിയാകും മാസ്റ്റർ പ്ലാൻ തയാറാക്കുക. നിലവിൽ ജില്ലാ ആശുപത്രി വികസനത്തിന് ആവശ്യമായ സ്ഥലമില്ല. ജയിലിനു നൽകിയ സ്ഥലം തിരികെ കിട്ടിയാൽ മാത്രമേ ജില്ലാ ആശുപത്രിയുടെ പൂർണ തോതിലുള്ള  വികസനം സാധ്യമാകൂ.  നിലവിൽ ജില്ലാ ആശുപത്രിയിലെത്തുന്ന മുഴുവൻ പേർക്കും മതിയായ ചികിത്സ നൽകാൻ കഴിയാത്ത സ്ഥിതിയാണ്.

സ്ഥല പരിമിതിയാണു പ്രധാന കാരണം. നിലവിൽ 3 നിലയാണു ജില്ലാ ആശുപത്രി കെട്ടിടത്തിനുള്ളത്. അശാസ്ത്രീയമായ നിര്‍മിച്ച കെട്ടിടങ്ങള്‍ ആയതിനാല്‍ മുകൾ നിലയിലേക്കു കൂട്ടിയെടുക്കാനും‍ കഴിയില്ല. ഇതുകാരണം പുതിയ സ്ഥലം കണ്ടെത്തി മാത്രമേ കെട്ടിടം നിർമിക്കാൻ കഴിയൂ. നിലവിൽ ജില്ലാ ആശുപത്രിയുടെ 90% സ്ഥലവും ഉപയോഗിച്ചു കഴിഞ്ഞെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു. പൊയിനാച്ചിയിൽ അനുവദിച്ച സ്ഥലത്തേക്കു ജയിൽ മാറുന്നതോടെ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം നടപ്പാക്കുകയാണു ലക്ഷ്യം.

ജില്ലയുടെ ചികിത്സാ കേന്ദ്രം

സർക്കാർ മേഖലയിൽ ജില്ലയിൽ വിദഗ്ധ ചികിത്സ ലഭിക്കുന്ന ഏക ആശുപത്രിയാണു ജില്ലാ ആശുപത്രി. പ്രവർത്തന മികവിനു ദേശീയ അംഗീകാരം നേടിയ കേരളത്തിലെ ഏക ജില്ലാ ആശുപത്രിയെന്ന പെരുമയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കുണ്ട്. അതിനാൽ പരിമിതികളെ മറികടന്നുള്ള വികസനം ജില്ലാ ആശുപത്രിക്ക് ആവശ്യമാണ്.

മാസ്റ്റർ പ്ലാൻ തയാറായാല്‍ ഇതിനു പരിഹാരമാകുമെന്നാണു പ്രതീക്ഷ. നിലവിൽ സ്ഥലപരിമിതി കാരണമുള്ള അസൗകര്യങ്ങളാണു ജില്ലാ ആശുപത്രിയുടെ പരാധീനത.  ഇതു മറികടക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ആശുപത്രിയെ സൂപ്പർ സ്പെഷ്യൽറ്റി നിലവാരത്തിലേക്ക് ഉയർത്താനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്.

ലക്ഷ്യം മികവിന്റെ കേന്ദ്രം 

സൂപ്പർ സ്പെഷ്യൽറ്റി സൗകര്യങ്ങളായ കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകൾ, മറ്റു സ്പെഷ്യൽറ്റി സേവനങ്ങൾ, രോഗികളുടെ കൂട്ടിരിപ്പുകാർക്കു വിപുലമായ സൗകര്യങ്ങൾ എന്നിങ്ങനെ ആശുപത്രിയുടെ സമഗ്രമായ പ്രവർത്തന മികവിന് ഉതകുന്ന മാസ്റ്റർ പ്ലാന്‍ ആണ് തയാറാക്കുന്നതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു.  മെഡിക്കൽ കോളജുകൾക്ക് ഉൾപ്പെടെ മാസ്റ്റർ പ്ലാൻ തയാറാക്കി പ്രവർത്തന പരിചയമുള്ള അംഗീകൃത ഏജൻസിയായ കിഡ്കോ ആണ് ഈ മാസ്റ്റർ പ്ലാനും തയാറാക്കുന്നത്.

ജയിൽ സ്ഥലം ലഭിച്ചാൽ ഇവിടെ ഐപി ബ്ലോക്ക് നിർമിക്കുകയാണു ലക്ഷ്യം. കൂടാതെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വേണ്ടിയുള്ള ഡോർമെട്രി സൗകര്യവും ഒരുക്കും. പാർക്കിങ്ങിന് ആവശ്യമായ സ്ഥലവും ഇവിടെ കണ്ടെത്തും. ഇതിനു പുറമേ കാത്ത് ലാബിനു വേണ്ട കെട്ടിട സംവിധാനങ്ങൾ, രോഗികൾക്കും ജീവനക്കാർക്കും വേണ്ടിയുള്ള കന്റീൻ, 2 കോടിയുടെ മരുന്ന് സൂക്ഷിക്കാനുള്ള മോഡേൺ ഡ്രഗ് സ്റ്റോർ എന്നിവയും ആശുപത്രി വികസനത്തിന് അത്യാവശ്യമാണ്. 

മാസ്റ്റർ പ്ലാൻ തയാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ ആശുപത്രിയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ , ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്.എൻ.സരിത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി.പ്രകാശ്, ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ ഡോ. റിജിത് കൃഷ്ണൻ, ജില്ലാ ആശുപത്രി ആർഎംഒ ഡോ. ശ്രീജിത്ത് മോഹൻ എന്നിവർ പങ്കെടുത്തു.




No comments