JHL

JHL

വിദ്യാലയങ്ങൾ തുറക്കുന്നു; വിദ്യാർഥികളുടെ ബസ് യാത്രാപ്രശ്നങ്ങൾ പരിഹരിക്കാൻ സ്റ്റുഡന്റ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.

കാസർകോട്(www.truenewsmalayalam.com) : വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ ബസ് യാത്രാപ്രശ്നങ്ങൾ പരിഹരിക്കാൻ സ്റ്റുഡന്റ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. ആദ്യ ആഴ്ചയിൽ സ്വകാര്യ ബസുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഥമാധ്യാപകൻ അല്ലെങ്കിൽ പ്രിൻസിപ്പൽ അനുവദിക്കുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്രചെയ്യാം. ഒരാഴ്ചയ്ക്ക് ശേഷം സർക്കാരിൽ നിന്ന്‌ കൃത്യമായ മാർഗനിർദേശം ലഭിച്ചാലുടൻ മോട്ടോർവാഹനവകുപ്പ് പാസനുവദിക്കും.

കർണാടകയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യാത്രാ ഇളവ് അനുവദിക്കുന്നതിന് കളക്ടർ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് കത്തയക്കും. സ്കൂൾ ബസുകൾ എത്രയെണ്ണം പ്രവർത്തനക്ഷമമാണെന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആർ.ടി.ഒ.ക്കും വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദേശം നൽകി. ജനപ്രതിനിധികളുടെ ഫണ്ടുപയോഗിച്ച് ആറുവർഷത്തിനുള്ളിൽ വാങ്ങിയ ബസുകൾ, അതിൽ എത്രയെണ്ണം ഓടുന്നുണ്ട്, അവശേഷിക്കുന്നവ എന്തുകൊണ്ട് ഓടുന്നില്ല എന്നത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് കളക്ടർക്ക് മോട്ടോർ വാഹന വകുപ്പ് നൽകണം. എല്ലാ വിദ്യാലയങ്ങൾക്ക് മുന്നിലും പോലീസുകാരെ നിർത്താൻ നിലവിൽ സാധിക്കാത്ത സാഹചര്യത്തിൽ അതത് മാനേജ്‌മെന്റുകൾ ട്രാഫിക് ഗാർഡുമാരെ നിയമിക്കണം.

ബസ് ജീവനക്കാർ കുട്ടികളോട് മോശമായി പെരുമാറുന്നത് അനുവദിക്കില്ല. ചന്ദ്രഗിരി-ദേളി ദേശസാത്കൃതറൂട്ടിൽ യാത്രാ ഇളവ് അനുവദിക്കുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. അതിനുള്ള അപേക്ഷകൾ വിദ്യാർഥികൾക്ക് സമർപ്പിക്കാം. കെ.എസ്.ആർ.ടി.സി. അനുവദിക്കുന്ന പാസുകൾ സംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് നൽകണം. പാണത്തൂർ, ബളാംതോട്, എളേരി തുടങ്ങിയ മലയോരമേഖലയിൽ യാത്രപ്രശ്നം പരിഹരിക്കണം. ഇതിനായി നിർത്തിയിട്ടിരിക്കുന്ന സ്വകാര്യ ബസുകൾ നിരത്തിലിറക്കണമെന്ന് നിർദേശം നൽകി.

സ്കൂൾ തുറക്കുന്നതിനുമുൻപ് സ്വകാര്യ ബസുടമകളും വിദ്യാർഥിസംഘടനകളും പ്രത്യേക യോഗം ചേർന്ന് സൗഹാർദ അന്തരീക്ഷത്തിൽ പ്രവർത്തിക്കുമെന്ന് യോഗത്തിൽ ഉറപ്പുനൽകി. കളക്ടർ സ്വാഗത് ആർ.ഭണ്ഡാരി അധ്യക്ഷയായിരുന്നു. ആർ.ടി.ഒ. എ.കെ.രാധാകൃഷ്ണൻ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. എം.ജെ.ഡേവിസ്, ഡി.ഡി.ഇ. കെ.വി.പുഷ്പ, കെ.ഗിരീഷ്, സത്യൻ പൂച്ചക്കാട്, ആൽബിൻ മാത്യു, ഹരിദാസ് പെരുമ്പള, ബി.നിതിൻകുമാർ, വിഷ്ണു മരക്കാപ്പ് എന്നിവർ പങ്കെടുത്തു.




No comments