JHL

JHL

ജില്ലയിൽ 3.36 ലക്ഷം ഓണക്കിറ്റ് ഒരുങ്ങുന്നു

കാഞ്ഞങ്ങാട് : പൊതുവിതരണകേന്ദ്രങ്ങൾ വഴിയുള്ള സൗജന്യ ഓണക്കിറ്റുകൾ തയ്യാറായിത്തുടങ്ങി. ജില്ലയിൽ 3,36,324 കിറ്റുകളാണ് വേണ്ടത്. എ.പി.എൽ-ബി.പി.എൽ. വ്യത്യാസമില്ലാതെ എല്ലാവർക്കും ലഭ്യമാകുന്ന കിറ്റിൽ 13 ഇനങ്ങളാണ് ഉള്ളത്. സപ്ലൈകോ ആണ് കിറ്റുകൾ തയ്യാറാക്കുന്നത്. ഓരോ സപ്ലൈകോയുടെയും പരിധിയിൽ പത്തുമുതൽ പതിനഞ്ചുവരെ റേഷൻകടകളുണ്ട്. ഓരോ റേഷൻ കടകളിൽനിന്നും അതതിടത്തെ സപ്ലൈകോയിൽനിന്ന്‌ നേരിട്ട് ഈ ഭക്ഷ്യക്കിറ്റുകളെത്തിക്കും. ഇതനുസരിച്ച് ഓരോ സപ്ലൈകോ കേന്ദ്രങ്ങളിലും 5,000 മുതൽ 13,000 വരെ കിറ്റുകൾ തയ്യാറാക്കുന്നു. ഈ മാസം ഒന്നുമുതൽ തുടങ്ങിയ പായ്ക്കിങ് 30-നുള്ളിൽ പൂർത്തീകരിക്കും.

ജില്ലയിൽ 49 സപ്ലൈകോ കേന്ദ്രങ്ങളിലായാണ് ഓണക്കിറ്റൊരുക്കുന്നത്. 300-ലധികം പേർ പണിയെടുക്കുന്നു. ഓരോ കേന്ദ്രത്തിലും നാലോ അഞ്ചോ അധിക ജോലിക്കാരെയും ഏർപ്പെടുത്തിയിട്ടുണ്ട്. അതതിടത്തെ സപ്ലൈകോ വെയർഹൗസിൽനിന്ന്‌ 50 കിലോയുടെ ചാക്കുകളിലായാണ് സാധനങ്ങൾ എത്തുന്നത്. ഇത്‌ ഓരോന്നും കണക്കുപ്രകാരമുള്ള ചെറു പായ്ക്കറ്റുകളിലാക്കി അടുക്കിവെക്കും. 13 ഇനങ്ങളും തുണിസഞ്ചിയിലാക്കി കെട്ടിവെക്കും. അതത്‌ സപ്ലൈകോ മാനേജർമാർ ഈ കിറ്റുകൾ അവരുടെ പരിധിയിൽ വരുന്ന റേഷൻകടകളിലെത്തിച്ച്‌ കൊടുക്കും. അവധിദിവസങ്ങളിലുൾപ്പെടെ പാക്കിങ് കേന്ദ്രങ്ങൾ സജീവമാണെന്ന് സപ്ലൈകോ മാനേജർമാർ പറയുന്നു.

No comments