JHL

JHL

കാലവർഷക്കെടുതികൾ നേരിടാൻ ജില്ല പൂർണ സജ്ജം -കളക്ടർ

കാസർകോട് : ജില്ലയിൽ രണ്ട്, മൂന്ന്, അഞ്ച് തീയതികളിൽ ഓറഞ്ച് അലർട്ടും നാലിന് റെഡ് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്തനിവാരണത്തിനും കാലവർഷക്കെടുതികൾ നേരിടാനും ജില്ല പൂർണ സജ്ജമാണെന്ന് കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി അറിയിച്ചു. കാലവർഷക്കെടുതി സംബന്ധിച്ച് വിളിച്ചുചേർത്ത ജില്ലയിലെ വിവിധ വകുപ്പ് മേധാവികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

 ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും 24 മണിക്കൂറും പ്രവർത്തിക്കുംപുല്ലൂർ പെരിയയിലും മധൂർ പഞ്ചായത്തിലുമുള്ള സൈക്ലോൺ ഷെഡുകൾ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. പ്രകൃതിക്ഷോഭമുണ്ടായാൽ പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാനുള്ള പുനരധിവാസ ക്യാമ്പുകൾക്കായുള്ള സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.

മുന്നറിയിപ്പ് ലംഘിച്ച് മത്സ്യബന്ധനത്തിനായി കടലിലിറങ്ങുന്നവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കും. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ യാനവും പുഴകളിൽ ഉപയോഗിക്കാവുന്ന ഫൈബർ ബോട്ടുകളും സജ്ജമാക്കി. മഴയുടെ തോത് കൂടുന്നതിനനുസരിച്ച് മൈനിങ് പ്രവൃത്തികൾ നിർത്തിവെക്കാൻ ജിയോളജിസ്റ്റിന് നിർദ്ദേശം നൽകി. കോടോം ബേളൂർ പഞ്ചായത്തിൽ ഗതിമാറി ഒഴുകിക്കൊണ്ടിരിക്കുന്ന തോടിനെ ശരിയായ ദിശയിലേക്ക് ഒഴുക്കിവിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മൈനർ ഇറിഗേഷൻ എക്സി. എൻജിനീയർക്ക് നിർദ്ദേശം നൽകി.

ആരോഗ്യ സേവനങ്ങൾക്കായി വിവിധ ബ്ലോക്ക് പരിധികളിൽ ആവശ്യമായ മരുന്നുകൾ ഉൾപ്പെടെ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ. (ആരോഗ്യം) എ.വി.രാംദാസ് അറിയിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൂല സാഹചര്യത്തിൽ ക്യാമ്പുകളിലേക്ക് മാറ്റേണ്ടുന്ന കുടുംബങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ തയ്യാറാക്കി രക്ഷാപ്രവർത്തന സമയത്ത് ഇവിടങ്ങളിലെ മുഴുവൻ ആളുകളെയും മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലുള്ള കന്നുകാലികളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ അതത് പഞ്ചായത്തുകളിലെ സെക്രട്ടറിമാർക്ക് നിർദേശം നൽകി.

പൊതുമരാമത്ത് റോഡുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വെള്ളക്കെട്ട് നീക്കാനും നടപടി സ്വീകരിക്കും. യോഗത്തിൽ എ.ഡി.എം. എ.കെ.രമേന്ദ്രൻ, സബ് കളക്ടർ ഡി.ആർ.മേഘശ്രീ, അഡീഷണൽ എസ്.പി. പി.കെ.രാജു, ആർ.ഡി.ഒ. അതുൽ സ്വാമിനാഥൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി.സതീശൻ അഗ്നിരക്ഷാ സേന ജില്ലാ ഓഫീസർ സി.ഹരിദാസൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു


.

No comments