JHL

JHL

ബദ്രിയാനഗറിലും, മൊഗ്രാലിലിലും തെരുവ് നായ ശല്യം രൂക്ഷം, ഭീതിയോടെ നാട്ടുകാർ.


കുമ്പള. തെരുവുനായ്ക്കളുടെ ശല്യം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചതോടെ ഭീ തിയിലാണ് ജനങ്ങൾ. മനുഷ്യരെയും വളർത്തുമൃഗങ്ങളെയും നായ്ക്കൾ കൂട്ടമായിയെത്തി ആക്രമിക്കുമ്പോൾ പ്രാദേശിക ഭരണകൂടങ്ങൾ ഇടപെടാത്തതാണ് ജനങ്ങളെ രീതിയിലാ ക്കുന്നത്.

 രാവിലെ സ്കൂൾ,മദ്രസ കളിലേക്ക് പോകുന്ന കുട്ടികളാണ് നായശല്യം മൂലം ഏറെ പ്രയാസപ്പെടുന്നത്. എല്ലായിടത്തും നായ കൂട്ടങ്ങളുടെ വിളയാട്ടമാണ്.രക്ഷിതാക്കളാകട്ടെ ആശങ്കയിലും. അനിയന്ത്രിതമായി പെരുകുന്ന തെരുവുനായ കൂട്ടങ്ങൾ പ്രഭാത നടത്തത്തിന് ഇറങ്ങുന്ന മുതിർന്നവർക്ക് പോലും ഭീഷണി സൃഷ്ടിക്കുന്നു.

 തെരുവുനായ്ക്കളുടെ പെരുപ്പം തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കിയ വന്ധ്യംകരണ പദ്ധതികളൊന്നും എങ്ങുമെത്താത്ത പോയതും, പട്ടികളെ കൊല്ലുന്നതിനെതിരായ നിയമവും നായ്ക്കളുടെ പെരുപ്പത്തിനും, വിളയാട്ടത്തിനും കാരണമായിട്ടുണ്ട്.

 മനുഷ്യ ജീവനെക്കാൾ വില നായ്ക്കൾക്ക് നൽകുന്നതിൽ നേരത്തെ കോടതി ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും സർക്കാറും,തദ്ദേശ സ്വയംഭരണ വകുപ്പും വിഷയം വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ലെന്നാണ് ആക്ഷേപം. മനുഷ്യ സുരക്ഷയ്ക്ക് ഭീഷണിയായ അക്രമകാരികളായ തെരുവുപട്ടികളെ കൊല്ലുന്നതിന് പ്രാദേശിക ഭരണകൂടങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന അനുമതി പുനഃ സ്ഥാപിക്കാനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി നിയമനിർമ്മാണം നടത്തണം, കോടതികളുടെ ഇടപെടലുകളും വേണം.

 കുമ്പളയിലെ വിവിധ ഭാഗങ്ങളിൽ നായ്ക്കളുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങളെയാണ് കടിച്ചു കൊന്നത്. ഇരുചക്രവാഹനങ്ങൾക്ക് മുന്നിലും നായ്ക്കൾ ഓടിയെത്തുന്നതും അപകടഭീഷണി ഉയർത്തുന്നുണ്ട്. നായ് കൂട്ടങ്ങൾ കൂട്ടമായി എത്തുമ്പോൾ ഒന്നും ചെയ്യാനാകാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ജനങ്ങളുടെ സഞ്ചാരത്തിനും ജീവനും ഭീഷണിയായി നിലനിൽക്കുന്ന നായ ശല്യം ഒഴിവാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാർ പറയുന്നത്.

No comments