JHL

JHL

കുമ്പളയിലെ ബി ജെ പി സി പി എം ബന്ധം ആരോപിച്ച് ബി ജെ പി പ്രവർത്തകർ ജില്ലാ ഓഫീസ് ഉപരോധിച്ചു

കാസർകോട്: കാസർകോട്ടെ ബി.ജെ.പിയിലെ കലഹം വീണ്ടും തെരുവിൽ. സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള ഏതാനും നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ ജില്ല കമ്മിറ്റി ഓഫിസ് ഉപരോധിച്ചു. ഈവർഷം ഫെബ്രുവരിയിൽ ജില്ല കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടി ഉപരോധിച്ചതിനു തുടർച്ചയായാണ് പുതിയ പ്രതിഷേധം. കുമ്പള ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി-സി.പി.എം ബന്ധത്തിൽ പ്രതിഷേധിച്ചാണ് നൂറോളം വരുന്ന ബി.ജെ.പി പ്രവർത്തകർ ജില്ല കമ്മിറ്റി ഓഫിസിലെത്തിയത്. നേതാക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. കുമ്പളയിൽ സി.പി.എം ബന്ധത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങൾ രാജിവെച്ചെങ്കിലും കാരണക്കാരായ നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഫെബ്രുവരി 20ന് നടത്തിയ സമരത്തെ തുടർന്നാണ് സി.പി.എം പിന്തുണയിൽ വിജയിച്ച ബി.ജെ.പി സ്ഥിരംസമിതി അധ്യക്ഷന്മാർ രാജിവെച്ചത്. ബി.ജെ.പി മുൻ ജില്ല പ്രസിഡന്റും ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയുമായ കെ. ശ്രീകാന്ത്, സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് കുമാർ ഷെട്ടി തുടങ്ങിയവർക്കെതിരെ നടപടി വേണമെന്നാണ് സമരക്കാരുടെ ആവശ്യം. നേതാക്കൾക്ക് മാപ്പില്ല എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാർ ഓഫിസിനു മുന്നിൽ നിലയുറപ്പിച്ചത്.

No comments