JHL

JHL

സിവില്‍ എക്‌സൈസ് ഓഫീസറുടെ അപകടമരണം; കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്


 കാഞ്ഞങ്ങാട്: ദേശീയപാതയില്‍ പെരിയ നവോദയ നഗറില്‍ കാറും ബൈക്കും കുട്ടിയിടിച്ച് സിവില്‍ എക്സൈസ് ഓഫീസര്‍ മരണപ്പെട്ട സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥന്‍ പെരിയ ആലക്കോട് മളിയങ്കാലിലെ എ. ദിപി(32)ന്റെ അപകടമരണവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ തമ്പാനെതിരെയാണ് 304 എ വകുപ്പ് പ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കുണ്ടൂര്‍ റോഡ് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ദിപിനെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ തമ്പാനും പരിക്കേറ്റിട്ടുണ്ട്. തമ്പാന്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. പള്ളിക്കര പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എ.ഇന്ദിരയുടെയും പരേതനായ എ. കുമാരന്റെയും മകനാണ് ദിപന്‍. കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ മുന്‍ ജില്ലാകമ്മിറ്റി അംഗമായിരുന്നു. ഭാര്യ: അഞ്ജു. സഹോദരന്‍: ദിലീപ്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

No comments