JHL

JHL

പുനർഗേഹം പദ്ധതി; 144 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കൂടി വീട് നിർമിക്കും.

കുമ്പള(www.truenewsmalayalam.com) :  സംസ്ഥാന സർക്കാരിന്റെ 'പുനർഗേഹം' പദ്ധതിയിൽ ജില്ലയിലെ 144 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കൂടി ഭവന സമുച്ചയം നിർമിക്കുന്നു. വേലിയേറ്റ പരിധിയായ 50  മീറ്ററിനുള്ളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും പുനർഗേഹം പദ്ധതിയിലൂടെയാണ് വീട് നിർമിച്ചു നൽകുന്നത്.

 കോയിപ്പാടി വില്ലേജിൽ നാരായ മംഗലത്താണ്  ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ  കേരള സർക്കാരും ഫിഷറിസ് ഡിപ്പാർട്ട്‌മെന്റ്  ചേർന്ന് 22.05 കോടി  ചെലവിലാണ് ഭവന  സമുച്ചയം പണിയുന്നത്.  480 ചതുരശ്ര അടി വിസ്തൃതിയിൽ 2 കിടപ്പുമുറി, അടുക്കള, ഹാൾ, ബാത്ത് റൂം സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സമുച്ചയത്തിന്റെ തൊട്ടടുത്തായി ആശുപത്രി സൗകര്യവും അങ്കണവാടി  സൗകര്യവും ഒരുക്കുന്നുണ്ട്.

കൂടാതെ മനോഹരമായ പൂന്തോട്ടം, കളിസ്ഥലം, വായനശാല തുടങ്ങിയ സൗകര്യങ്ങളും ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒന്നര വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ ജീവിത സാഹചര്യവും നിലവാരവും ഉയർത്തുക എന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ജില്ലയിൽ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിനു കീഴിൽ 1169 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് വേലിയേറ്റ രേഖയിൽ ഉൾപ്പെടുന്നത്. അതിൽ 536 കുടുംബങ്ങളാണ് മാറ്റി താമസിപ്പിക്കുവാൻ തയാറായിട്ടുള്ളത്. കുടുംബങ്ങളുടെ പുനർഗേഹം പദ്ധതി പ്രകാരമുള്ള റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി.  12 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പുനർഗേഹം പദ്ധതി പ്രകാരമുള്ള വീടുകളിൽ താമസം തുടങ്ങി.

നിർമാണം ഉദ്ഘാടനം ചെയ്തു

കുമ്പള∙ മത്സ്യത്തൊഴിലാളി  പുനരധിവാസ പദ്ധതിയായ പുനർഗേഹം പദ്ധതി പാർപ്പിട സമുച്ചയത്തിന്റെ നിർമാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എ.കെ.എം.അഷ്‌റഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.  രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ,  കാസർകോട് ബ്ലോക്ക് പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷൻ  അഷ്‌റഫ് കർള, ജില്ലാ പഞ്ചായത്ത് അംഗം  ജമീല സിദ്ദിഖ്, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി  അധ്യക്ഷരായ   എം.സബൂറ,  ബി.എ.റഹ്‌മാൻ ആരിക്കാടി, പഞ്ചായത്ത് അംഗം കെ.സുലോചന,പഞ്ചായത്ത് പ്രസിഡന്റ് യു.പി.താഹിറ യൂസഫ്, ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ ജോമോൻ കെ ജോർജ്, പുനർ ഗേഹം സംസ്ഥാന കോ ഓർഡിനേറ്റർ  സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

No comments