കോഴിക്കോട് ട്രെയിൻ ആക്രമണം; പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ.
മഹാരാഷ്ട്ര രത്നഗിരിയിൽവെച്ച് കേരളപൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. അക്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രതി പിടിയിലായെന്ന വിവരം പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല.
രത്നഗിരി സിവിൽ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയ ഷാറൂഖ് ആശുപത്രിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ട്.
പ്രതിയെ പിടികൂടിയത് മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകളുടെ വിവരങ്ങൾ ബന്ധുക്കൾ ഇന്റലിജൻസ് ബ്യൂറോക്ക് നൽകിയിരുന്നതായാണ് പറയുന്നത്. ഇവയിൽ ഒന്നിന്റെ സിഗ്നൽ ഇന്ന് പുലർച്ചെ 1.30ന് രത്നഗിരിയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇന്റലിജൻസ് ബ്യൂറോ രത്നഗിരി പൊലീസിനും മഹാരാഷ്ട്ര എ.ടി.എസിനും റെയിൽവേ പൊലീസിനും വിവരം കൈമാറി.
വിവരം ലഭിച്ചത് പ്രകാരം രത്നഗിരി പൊലീസ് അവിടുത്തെ സർക്കാർ ആശുപത്രിയിൽ എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പൊള്ളലേറ്റ പ്രതി ചികിത്സ പൂർത്തിയാക്കാതെയാണ് ആശുപത്രിയിൽനിന്ന് മുങ്ങിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രത്നഗിരി റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു. അജ്മീറിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.
നിലവിൽ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതി. മറ്റാരോ ആവശ്യപ്പെട്ടത് പ്രകാരമാണ് കേരളത്തിലെ ട്രെയിനിൽ തീവെച്ചതെന്നാണ് പ്രതി പറഞ്ഞതെന്ന് എ.ടി.എസ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല.
Post a Comment