അധ്യാപകനെതിരെ പോക്സോ കേസ് കൊടുക്കാൻ വിദ്യാർത്ഥിനികളെ നിർബന്ധിപ്പിച്ചതായി പരാതി.
എം.പി.ടി.എ പ്രസിഡൻ്റ് വിനീഷ ഷാജിയുടെ നേതൃത്വത്തിൽ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
പത്താം തരത്തിലെ രണ്ട് വിദ്യാത്ഥിനികളെ കൗൺസിലിംഗ് മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് വെള്ളക്കടലാസിൽ ഒപ്പിടിപ്പിച്ചു വാങ്ങിയത്.
പ്രധാന അധ്യപകൻ്റെ താൽകാലിക ചുമതലയുള്ള അധ്യാപിക, സീനിയർ അസിസ്റ്റൻ്റ്, കൗൺസിലിംഗ് അധ്യാപിക, എന്നിവർ ചേർന്ന് നിർബന്ധിച്ച് ഒപ്പിടിപ്പിച്ചെന്നാണ് പറയുന്നത്.
ഇതേ തുടർന്ന് മക്കളുടെ രണ്ട് മോഡൽ പരീക്ഷ നഷ്ട്ടപ്പെട്ടുവെന്നും ഇതിനുത്തരവാദികൾ മൂന്ന് അധ്യാപികമാരാണെന്നും ഇക്കാര്യത്തിൽ വലിയ ഗൂഡലോചന നടന്നതായും ഇവർ അരോപിച്ചു.
എസ്.എസ്.എൽ.സി മോഡൽ പരീക്ഷ നടക്കുന്ന സമയത്താണ് കുട്ടികളെ കൊണ്ട് വെള്ള പേപ്പറിൽ ഒപ്പിടിപ്പിച്ചു വാങ്ങിയത്.
എന്തിനാണ് ഒപ്പിടുന്നതെന്ന് ചോദിച്ചപ്പോൾ പരീക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിനാണെന്നും അധ്യാപകർ പറഞ്ഞുവെത്രേ.
പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വിളി വന്നപ്പോഴാണ് കേസിന്റെ കാര്യം തന്നെ കുട്ടികൾ അറിയുന്നത്.പിന്നീട് കുട്ടികളെ ആശുപത്രിയിൽ കൊണ്ട് പോയി വൈദ്യ പരിശോധന നടത്തുകയും മജിസ്‌ട്രേറ്റിന്റെ മുന്നിൽ മൊഴിയെടുക്കാൻ കൊണ്ടുപോവുകയും ചെയ്തു. അധ്യാപകനെതിരെ യാതൊരു പരാതിയും ഇല്ലാത്ത കുട്ടികളെ നിർബന്ധിച്ച് കൊണ്ടുപോയതിനെത്തുടർന്ന് കുട്ടികൾ മാനസികമായി തകർന്നതായി രക്ഷകർത്താക്കൾ പറഞ്ഞു. മാനസിക സംഘർഷത്തെ തുടർന്ന് കുട്ടികൾക്ക് എസ്.എസ്.എൽ.സി പരീക്ഷ നല്ല നിലയിൽ എഴുതാൻ കഴിഞ്ഞില്ലെന്നും ഇത് കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയത്തിലാണെന്നും അവർ പറഞ്ഞു.
മക്കളുടെ ഭാവിയെ തന്നെ തകർക്കാൻ കൂട്ടുനിന്ന അധ്യാപകർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി, ഡി.പി.ഒ, ചൈൽഡ് ലൈൻ എന്നിവർക്കും പരാതി നൽകിയതായും രക്ഷിതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പി.ടി.എ എക്സിക്യൂട്ടീവ് അംഗം സഹീറ ലത്തീഫും സംബന്ധിച്ചു.
Post a Comment