JHL

JHL

മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു


ന്യൂഡൽഹി(True News 24 August 2019): മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്‌ലി (66) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ആഗസ്റ്റ് ഒമ്പത് മുതൽ ഡൽഹി ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (എയിംസ്) ചികിത്സയിലായിരുന്നു. ജെയ്റ്റിലുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖർ അനുശോചിച്ചു.
1952 ഡിസംബർ 28-ന് ഡൽഹിയിൽ ജനിച്ച അരുൺ ജെയ്റ്റ്‌ലി ഡൽഹി സെന്റ് സേവിയേഴ്‌സ് സ്‌കൂളിലാണ് പ്രാഥമിക പഠനം നിർവഹിച്ചത്. ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ നിന്ന് ബികോം ഡിഗ്രിയും ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദവും സ്വന്തമാക്കി. യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1974-ൽ സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം തലവിലായിരുന്നു.
1991 മുതൽ ബി.ജെ.പിയുടെ സജീവ നേതൃത്വത്തിലേക്കു വന്ന അദ്ദേഹം 1999 പൊതുതെരഞ്ഞെടുപ്പ് കാലയളവിൽ പാർട്ടി വക്താവായി. 1999-ലെ വാജ്‌പെയ് മന്ത്രിസഭയിൽ വിവര സംപ്രേഷണ വകുപ്പിന്റെ സ്വതന്ത്ര്യ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. 2002-ൽ ബി.ജെ.പിയുടെ ദേശീയ വക്താവും ജനറൽ സെക്രട്ടറിയുമായി. 2004-ൽ ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 2014 പൊതുതെരഞ്ഞെടുപ്പിൽ അമൃത്‌സറിൽ നിന്നു മത്സരിച്ചു തോറ്റെങ്കിലും ഒന്നാം മോദി മന്ത്രിസഭയിൽ ധനകാര്യ, കോർപറേറ്റ് വകുപ്പ് മന്ത്രിയായി.
ബി.ജെ.പിയുടെ നയനിലപാടുകളുടെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള ജെയ്റ്റ്‌ലി, ഹിന്ദുദേശീയത ആയിരിക്കണം പാർട്ടിയുടെ പ്രധാന ഭാഷ്യം എന്ന ആശയക്കാരനായിരുന്നു. പാർട്ടിയെ സംബന്ധിച്ചിടത്തോളം ഹിന്ദു ദേശീയത മികച്ചൊരു അവസരമാണെന്ന് അദ്ദേഹം 2005-ൽ അമേരിക്ക നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതായി വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളിലുണ്ട്. മതാടിസ്ഥാനത്തിനുള്ള സംവരണം ശരിയല്ലെന്ന നരേന്ദ്ര മോദിയുടെ ആശയത്തെ പരസ്യമായി പിന്തുണച്ചയാൾ കൂടിയാണ് അദ്ദേഹം.
2018-ൽ വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം പിന്നീട് പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ശസ്ത്രക്രിയക്കു ശേഷം ധനകാര്യമന്ത്രി സ്ഥാനത്തുനിന്ന് ദീർഘ അവധിയെടുത്ത അദ്ദേഹം രണ്ടാം മോദി സർക്കാറിൽ തന്നെ ഉൾപ്പെടുത്തരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. പ്രമേഹ രോഗികൂടിയായ അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിലെ ഇടക്കാല ബജറ്റ് സെഷനിലും പങ്കെടുത്തിരുന്നില്ല. ജെയ്റ്റ്‌ലിയുടെ ആരോഗ്യനില തീർത്തും മോശമാണെന്ന് ഇന്നലെ എയിംസ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു.

No comments