JHL

JHL

ചന്ദനമരങ്ങൾ മുറിച്ചു കടത്താൻ ശ്രമം;നാട്ടുകാർ കണ്ടതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു

ബോവിക്കാനം(True News 30August 2019):  മുളിയാർ കുണിയേരി വനത്തിൽ നിന്നു ചന്ദനമരങ്ങൾ മുറിച്ചു കടത്താൻ ശ്രമം. നാട്ടുകാർ കണ്ടതോടെ നീക്കം ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും കാട് വളഞ്ഞ് മോഷ്ടാക്കൾക്കു വേണ്ടി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് സംഭവം. റോഡിൽ കൂടി നടന്നു പോകുകയായിരുന്നവർ കാട്ടിൽ നിന്നു ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മരം മുറിക്കുന്നത് കണ്ടത്. മുറിച്ചെടുത്ത മരങ്ങൾ ചെത്തിയെടുത്ത് മുട്ടികളാക്കി മാറ്റുകയായിരുന്നു അപ്പോൾ.2 പേരാണ് ഉണ്ടായിരുന്നത്. ആൾക്കാർ വരുന്നത് കണ്ടപ്പോൾ വാളും ചെരുപ്പും ഉപേക്ഷിച്ച് ഇവർ ഓടി മറഞ്ഞു. വിവരം അറിഞ്ഞ് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ. ജയകുമാരൻ, എൻ.വി.സത്യൻ, ഒ.സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും സ്ഥലത്തെത്തി.  യുവചേതന ക്ലബ് പ്രവർത്തകരും ഇവർക്കൊപ്പം ചേർന്നു തിരച്ചിൽ ആരംഭിച്ചു.  രാത്രി 10 വരെ കാട്ടിൽ അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.  വനംവകുപ്പ് കേസെടുത്തു. അടുത്ത കാലത്തായി കാസർകോട് റേഞ്ച് പരിധിയിലെ വനത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ ഗൂഡാലോചനയുണ്ടോയെന്ന് സംശയം. നേരത്തെ കാറഡുക്കയിൽ സിനിമാ ചിത്രീകരണത്തിനു മുൻപ് ഡിഎഫ്ഒ നേരിട്ട് പരിശോധന നടത്തി കേസെടുത്തിരുന്നു. കാതൽ ഇല്ലാത്ത ചെറിയ വണ്ണം മാത്രമുള്ള മരങ്ങളാണ് നഷ്ടപ്പെട്ടത്. മോഷ്ടാക്കൾ ചെറിയ മരങ്ങൾ മുറിക്കാനുള്ള സാധ്യത കുറവാണ്. അതുപോലെ കഴിഞ്ഞ വേനൽക്കാലത്ത് നിരവധി തീപിടിത്തങ്ങളും ഉണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജാഗ്രത കൊണ്ടാണ് തീ പെട്ടെന്ന് അണയ്ക്കാൻ കഴിഞ്ഞത്.
മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 2 മരങ്ങൾ നഷ്ട്ടപ്പെട്ടതായാണ് കണ്ടെത്തിയത്. ഒരെണ്ണം മുറിച്ചും മറ്റേത് വേരോടെ പിഴുതും എടുക്കുകയുമായിരുന്നു.  റോഡരികിൽ ആയതിനാലാണ് ഒരെണ്ണത്തിന്റെ കുറ്റി ബാക്കിയായത്.  ഒരു മരം പകുതി മുറിച്ച് കാതൽ ഇല്ലാത്തതുകൊണ്ട് ഉപേക്ഷിച്ചതായും കണ്ടെത്തി. 

No comments