JHL

JHL

മഞ്ചേശ്വരം ചര്‍ച്ച് ആക്രമണം ശക്തമായ നടപടി ; ഉപ്പള പോലീസ് സ്റ്റേഷന്‍ അടുത്ത സാമ്പത്തിക വര്‍ഷം യാഥാത്ഥ്യമാക്കും. ഡിജിപി


കാസര്‍കോട് (True News 20 August 2019) : കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ പരിധിയിലെ ക്രിമിനല്‍ കേസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും ക്രിമിനല്‍ കേസ് പ്രതികളെ പിടികൂടുന്നതിനുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതി 15 ദിവസത്തിനകം ആരംഭിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന അതിര്‍ത്തികള്‍ കടന്നുള്ള കുറ്റകൃത്യങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മൂന്ന് സംസ്ഥാനങ്ങളുടെ ഏകീകൃത സംവിധാനം സഹായകരമാവുമെന്നും വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നവരെ വലയിലാക്കാന്‍ ആവശ്യമാണെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നുംഅദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരം  ഔർ ലേഡി ഓഫ് മേഴ്‌സി ചര്‍ച്ചില്‍ ആക്രമണം നടത്തിയവര്‍ക്കെതിരേ അന്വേഷണം ഊര്‍ജിതമാക്കിയതായും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ഡിജിപി അറിയിച്ചു. ചര്‍ച്ചിനെ പ്രതിനിധീകരിച്ചെത്തിയ ഫാദര്‍ വിന്‍സെന്റിന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു പോലീസ് മേധാവി. നാട്ടുകാരുടെ പൂര്‍ണമായ സഹകരണത്തോടെ നൂറു വര്‍ഷത്തോളമായി സമാധാനാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് ആക്രമിക്കപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്നും പരമാവധി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ഡിജിപി ഉറപ്പു നല്‍കിയതായും ഫാദര്‍ വിന്‍സെന്റ് പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ പോലീസ് സേനാംഗങളുടെ എണ്ണം കൂട്ടണം, ജില്ലയില്‍ സബ് ഡിവിഷന്‍ മൂന്നാക്കണം എന്നീ ആവശ്യങ്ങള്‍ വളരെ ഗൗരവത്തോടെ പരിഗണിക്കുമെന്ന് ഡി ജി പി പറഞ്ഞു. 2020, 2025, 2030 വരെ ജില്ലയില്‍ ആവശ്യമായി വരുന്ന പോലീസ് സേനയുടെ രൂപരേഖ തയ്യാറാക്കാന്‍ ഉത്തരമേഖല ഡിഐജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കണ്ണൂര്‍, കാസര്‍കോട് ജില്ലാ പോലീസ് മേധാവികള്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. ഉപ്പള പോലീസ് സ്റ്റേഷന്‍ അടുത്ത സാമ്പത്തിക വര്‍ഷം യാഥാത്ഥ്യമാക്കും. വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ക്ക് ഭൂമി ലഭ്യമായാല്‍ ഉടന്‍ കെട്ടിടം നിര്‍മിക്കും.

ഭൂമി ലഭ്യമല്ലാത്തതിനാല്‍ നാല്‍പതോളം പോലീസ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് വാടകക്കെട്ടിടത്തിലാണ്. ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ക്രിമിനലുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്ന് രക്ഷപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. കാസര്‍കോട്ടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പലതും സംഘടിതമാണ്. കുറ്റകൃത്യം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡി ജി പി പറഞ്ഞു. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ രണ്ടുപേരെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. കാസര്‍കോട് ജില്ലയില്‍ പോലീസ് വാഹനങ്ങള്‍ കൂടുതല്‍ അനുവദിക്കുന്നതിന് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


No comments