JHL

പദ്ധതി വിഹിതം സമയബന്ധിതമായി ചെലവഴിക്കണം: ജില്ലാ വികസന സമിതി

കാസർഗോഡ്(True News 31 August 2019): പദ്ധതി വിഹിതം സമയബന്ധിതമായി ചെലവഴിക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ വികസന സമിതി നിര്‍ദേശിച്ചു. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതുവരെ പദ്ധതികള്‍ നീട്ടിക്കൊണ്ടുപോകുന്നതിന് പകരം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി ബസില്‍ മംഗലാപുരം പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നില്ലെന്നും അതേസമയം കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ   ആവശ്യപ്പെട്ടു.  നുള്ളിപ്പാടി ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയിലെയും കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെയും കുടിവെള്ളത്തില്‍ ഇരുമ്പ് അംശം കൂടുതലാണെന്നും കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ജില്ലയിലെ വിവിധ വകുപ്പുകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് പകരം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു പി എസ് സി മുഖേന നിയമനം നടത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലയിലെ യുപി സ്‌കൂള്‍ അസിസ്റ്റന്റ് ഒഴിവുകള്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് രാജഗോപാലന്‍ രാജഗോപാലന്‍ എംഎല്‍എ ആവശ്യം ഉന്നയിച്ചു.
ജില്ലയിലെ റോഡുകളില്‍ കയ്യേറ്റം ഉണ്ടോയെന്ന് പരിശോധിച്ച് അടുത്ത ഡിഡിസി യില്‍ റിപ്പോര്‍ട്ട് ചെയ്യണം. കാസര്‍കോട്   ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതിന് 4.4 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട.് കയ്യൂര്‍-ചീമേനി റോഡില്‍ ഇലക്ട്രിക്കല്‍ പോസ്റ്റ് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കല്ലുമ്മക്കായ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും രാജഗോപാലന്‍ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയില്‍ സ്‌കാനിംഗ് മെഷീന്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നും ചെറുവത്തൂര്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെറുവത്തൂര്‍ ഹാര്‍ബറില്‍ ബോട്ടുകള്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ നിലവിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് തുറമുഖ വകുപ്പിനെ ചുമതലപ്പെടുത്തി. ജില്ലയിലെ പട്ടയ പ്രശ്‌നം പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
2013 വരെ കാസര്‍കോട,് ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നല്‍കിയിരുന്ന 5 മാര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് പുനസ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.വിവിധ ഏജന്‍സികള്‍ മുഖേന ജില്ലയില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതായി ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ കുറ്റപ്പെടുത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം വരുത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ബാബു അറിയിച്ചു. കൃഷി വകുപ്പിന്റെ കീഴില്‍ 50 ലക്ഷം രൂപ മുടക്കി വാങ്ങിയ പുതിയ മൊബൈല്‍ മണ്ണ് പരിശോധന വാഹനം ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും അടിയന്തരമായി ഡ്രൈവറെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
ബദിയടുക്ക കൃഷി ഓഫീസറെ തിരിച്ചു വിളിക്കാനും യോഗം തീരുമാനിച്ചു. വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ മറ്റ് ജില്ലകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് തടയുന്നതിനു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. പിന്നാക്ക ജില്ലയായ കാസര്‍കോട് പകരം ഉദ്യോഗസ്ഥരെ നിയമിക്കാതെ നിലവിലുള്ള ഉദ്യോഗസ്ഥരെ വിടുതല്‍ ചെയ്യരുതെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ  അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, എന്‍.എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എജിസി ബഷീര്‍, റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതിനിധി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതിനിധി അഡ്വ.എ.ഗോവിന്ദന്‍ നായര്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, എഡിഎം: എന്‍.ദേവദാസ്,  ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്.സത്യപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

No comments