JHL

അധ്യാപക അവാർഡ് ;ജില്ലക്ക് അഭിമാനമായി പ്രൈമറി വിഭാഗത്തിൽ വി.മോഹനൻ, ഹൈസ്കൂൾ വിഭാഗത്തിൽ വെള്ളിക്കോത്ത് വിഷ്ണുഭട്ട്, വിഎച്ച്എസ്എസ് വിഭാഗത്തിൽ പി.സത്യൻ

കാസറഗോഡ് (True News 31 August 2019):വിദ്യാർഥികളുടെയും നാട്ടുകാരുടെയും  മുഴുവൻ സ്നേഹവും ഏറ്റുവാങ്ങിയ ഈ അധ്യാപകരെ തേടി അർഹിച്ച അംഗീകാരമെത്തിയപ്പോൾ ജില്ലയ്ക്ക് തന്നെ അഭിമാന നേട്ടമായി. പ്രൈമറി വിഭാഗത്തിൽ വി.മോഹനൻ, ഹൈസ്കൂൾ വിഭാഗത്തിൽ വെള്ളിക്കോത്ത് വിഷ്ണുഭട്ട്, വിഎച്ച്എസ്എസ് വിഭാഗത്തിൽ പി.സത്യൻ എന്നിവരാണ് ജില്ലയില്‍ നിന്നു സംസ്ഥാന അധ്യാപക അവാർഡ് നേടിയവ.


വി.മോഹനൻ

77 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ച അജാനൂർ ഗവ.ഫിഷറീസ് യുപി സ്കൂളിന് അജാനൂർ പഞ്ചായത്തിന്റെയും പൊതു സമൂഹത്തിന്റെയും സഹായത്തോടെ സ്വന്തം സ്ഥലവും കെട്ടിടവും ഒരുക്കിയതാണ് വി.മോഹനൻ എന്ന അധ്യാപകന്റെ നേട്ടം. 3 വർഷം നീണ്ട പ്രയത്നത്തിനൊടുവിലാണ് സ്ഥലും കെട്ടിടവും ഗവർണറുടെ പേരിൽ റജിസ്റ്റർ ചെയ്തു സർക്കാരിലേക്ക് മുതൽക്കൂട്ടിയത്. 2014 ൽ വായനാവാരത്തിന്റെ ചുവടു പിടിച്ച് 25 വർഷമായി പൂട്ടിക്കിടന്ന വായനശാലയെ പുനരുദ്ധരിച്ചതും ഇദ്ദേഹത്തിന്റെ മറ്റൊരു നേട്ടമാണ്.

ഗ്രന്ഥാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരുമാറ്റി വായശാലമുക്ക് എന്നു പുനർനാമകരണം ചെയ്തതും ഏറെ ശ്രദ്ധ നേടി. യുവ എഴുത്തുകാരൻ അഷ്റഫ് അഡൂരിന് ചികിത്സ സഹായം നൽകാനായി അദ്ദേഹത്തിന്റെ തന്നെ പുസ്തകങ്ങൾ വിറ്റു കുട്ടികള്‍ പണം സ്വരൂപിച്ച് നൽകിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോൾ മൊഗ്രാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണ്. ‍ഭാര്യ കെ.ടി.റീന (മലയാളം അധ്യാപിക, ജിഎച്ച്എസ്എസ് ഉദിനൂർ). മക്കൾ: അമൽ മാധവ്, ഗൗരി നന്ദ.വിഷ്ണുഭട്ട്

ജനകീയ സംഗീത പ്രസ്ഥാനം രൂപീകരണമാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്. കാസർകോട് നെല്ലിക്കുന്ന് ഗേൾസ് ഹൈസ്‌കൂളിൽ സംഗീതാധ്യാപകനായിരിക്കെ 2008 ൽ ആണു ജനകീയ സംഗീത പ്രസ്ഥാനമെന്ന ആശയം പിറന്നത്. മുൻപ് നീലേശ്വരം രാജാസ് സ്‌കൂളിൽ അധ്യാപകനായിരുന്നു ‌1987ൽ മുഖ്യമന്ത്രിയുടെ വരൾച്ചാ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന സ്വരൂപിക്കാൻ സംഗീതക്കച്ചേരി നടത്തി ശ്രദ്ധേയനായിരുന്നു.

ദേശീയോദ്ഗ്രഥന സന്ദേശവുമായി നടത്തിയ സംഗീതയാത്രയായിരുന്നു പിന്നീട്. 36-ാം വയസിലാണ് ദേശീയ അധ്യാപക അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തിയത്. സാധാരണ സംഗീതാധ്യാപകർക്ക് ഈ അവാർഡ് കൊടുക്കുന്ന പതിവുമില്ല. എന്നാൽ വിഷ്ണുഭട്ടിന്റെ കാര്യത്തിൽ ഈ പതിവുകളെല്ലാം തെറ്റുകയായിരുന്നു. 2017 സെപ്റ്റംബർ 28 നാണ് നാട്ടിലെ വിദ്യാലയമായ വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷൻ ഹയർസെക്കൻഡറി സ്കൂളിലെത്തുന്നത്. ചേർന്ന് ദിവസങ്ങൾക്കകം ഗാന്ധി ജയന്തി ദിനത്തിൽ സംഗീത പരിപാടിയോടെ തുടക്കം കുറിച്ചു.

നെല്ലിക്കുന്ന സ്‌കൂളിൽ തുടക്കമിട്ട ജനകീയ സംഗീത പ്രസ്ഥാനത്തിന്റെ തുടർ പ്രവർത്തനങ്ങളും വെള്ളിക്കോത്ത് തുടങ്ങി. 2018 ജനുവരി 26 നു 1111 കുട്ടികളെ അണിനിരത്തി സ്‌കൂളിൽ ദേശഗീതിക പരിപാടി നടത്തി. 2018 ലെ ലോക സംഗീത ദിനത്തിൽ സപ്തതാള നൃത്താവിഷ്‌കാരവും കായിക പ്രകടനവും നടത്തി.  അതേ ദിവസം മതസൗഹാർദ സംഗീതയാത്രയ്ക്കും തുടക്കം കുറിച്ചു.

15 വിദ്യാർഥികളുടെ മിമിക്രി ട്രൂപ്പ്, കേരളപ്പിറവി ദിനത്തിൽ ഭരണഭാഷാ പ്രതിജ്ഞയ്ക്ക് സംഗീതാവിഷ്‌കാരം നൽകി ഒരുക്കിയ പാട്ടു പ്രതിജ്ഞ, സ്‌കൂളിലെ പൂർവ വിദ്യാർഥികളായ അധ്യാപകർ ചേർന്നു പാടിയ പ്രാർഥന.അങ്ങനെ തുടരെയുള്ള സംഗീത പരിപാടികള്‍ക്കാണ് സ്കൂള്‍ സാക്ഷ്യം വഹിച്ചത്. ഒടുവില്‍ സംഗീതത്തെ ജനകീയമാക്കിയ വിഷ്ണുഭട്ടിനെ തേടി സംസ്ഥാന പുരസ്കാരവും എത്തുകയായിരുന്നു. ഭാര്യ: പി.ജ്യോതി.  മകൾ ശ്രീഗൗരി.വി.ഭട്ട്.

പി.സത്യൻ
സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും സ്മാർട്ടാക്കുന്നതിന് മുൻകൈയെടുത്ത അധ്യാപകനാണ് കാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശിയായ പി.സത്യൻ. പരിയാരം കെകെഎൻപിഎംജിവിഎച്ച്എസ്എസിലെ പ്രിൻസിപ്പലാണ്. ‍മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഹരിത വിദ്യാലയ പുരസ്കാരം തുടർച്ചയായി 3 വർഷം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാലയം നേടി. കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച കരിയർ ഗൈഡൻസ് യൂണിറ്റിനുള്ള അവാർഡും ഇദ്ദേഹത്തിന്റെ കീഴിൽ സ്കൂളിനെ തേടിയെത്തി. 
സ്കൂളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെ നേതൃത്വത്തിൽ പ്രളയ ദുരിതബാധിതർക്ക് നേരിട്ട് സഹായമെത്തിച്ചതും ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ഒന്നാണ്. സ്കൂളിന്റെ മികച്ച വിജയ നിലവാരവും ഇദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയതിലെ പ്രധാന ഘടകമാണ്. 4.73 കോടിയുടെ ദേശീയ നിലവാരത്തിലുള്ള പുതിയ സ്കൂൾ കെട്ടിടത്തിനുള്ള അനുമതി കിട്ടിയതിനു പിന്നിലും ‌ഇദ്ദേഹത്തിന്റെ പ്രവർത്തനമുണ്ട്. ഭാര്യ: ഒ.ലജിന. മകൻ: സ്വസ്തിക് സത്യൻ. 

No comments