JHL

JHL

ചെങ്കളയിലെ ആഫ്രിക്കൻ ഒച്ച് ശല്യം; പരിഹാരവുമായി ആരോഗ്യവകുപ്പ്

ചെർക്കള(True News 31 August 2019)  :ചെങ്കള ഗ്രാമപഞ്ചായത്തിലെ സന്തോഷ്‌നഗർ ,മാര ,ചെങ്കള തുടങ്ങിയ സ്ഥലങ്ങളിലെ നൂറോളം വീടുകളിൽ കാണപ്പെടുന്ന ആഫ്രിക്കൻ ഒച്ച് നശിപ്പിക്കാൻ ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചേർന്ന നാട്ടുകാരുടെ യോഗം തീരുമാനിച്ചു .

ഇതിനായി പത്തംഗ ടീമിനെ രൂപം നൽകി
പച്ചക്കറി മാലിന്യം നനഞ്ഞ ഉള്ളി ചാക്കിൽ നിക്ഷേപിച്ചു മെറ്റാൽഡിഹൈഡ് എന്ന രാസവസ്തു വിതറി ഇതിലേയ്ക്ക് ഒച്ചിനെ ആകർഷിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത് .

പകൽ സമയത്തു വിശ്രമിക്കുകയും രാത്രി കാലങ്ങളിൽ സഞ്ചരിക്കുന്ന ഈ ഒച്ചുകളെ കെണിയിൽ പെടുത്തി സംഭരിച്ചു നശിപ്പിക്കണം .ഒച്ച് കാണപ്പെടുന്ന പ്രദേശങ്ങളിലെ വീട്ടുകാർ വീടിന് ചുറ്റും ഇത്തരത്തിൽ കെണികൾ ഒരുക്കി നശിപ്പിക്കുന്ന പ്രവർത്തനം ഒരു മാസം തുടരേണ്ടതാണ് .

കാർഷിക വിളകളുടെ നാശം മാത്രമല്ല ,ഒച്ചിന്റെ ദുർഗന്ധം മൂലമുള്ള കാഷ്ടം ,സ്രവം എന്നിവ മൂലം കുടിവെള്ള സ്രോതസ്സ് മലിനമാകാൻ സാധ്യത ഉണ്ട് .
കൈകൊണ്ടു സ്പർശിച്ചാൽ ഇതിന്റെ വിരകൾ ശരീരത്തിൽ കയറി കുട്ടികളിൽ ഇസ്നോഫീലിക് മെനഞ്ചൈറ്റിസ് എന്ന രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ് .

ഇത്തരം ഒച്ചുകൾ അഞ്ചുമുതൽ പത്തു വർഷം വരെ ജീവിച്ചിരിക്കും .ഒരു ഒച്ച് ഒരു പ്രാവശ്യം അൻപതു മുതൽ ഇരുന്നൂറ് വരെ മുട്ടകൾ ഇടും .15ദിവസത്തിനകം ഈ മുട്ട വിരിഞ്ഞു ഒച്ചുകൾ ഉണ്ടാകുന്നു .

വിവിധ സസ്യങ്ങളുടെ ഏത് ഭാഗവും കടിച്ചു വിഴുങ്ങി ജീവിക്കുന്നു .മണൽ ,എല്ല് ,കോൺക്രീറ്റ് വരെ ഇവ ഭക്ഷിക്കാറുണ്ട് .പ്രതികൂല കാലാവസ്ഥയിൽ തോടിനുള്ളിൽ മൂന്ന് മാസം വരെ സമാധി ഇരിക്കാൻ കഴിവുണ്ട് .

യോഗത്തിൽ മെഡിക്കൽ ഓഫീസർ ഷമീമ തൻവീർ അധ്യക്ഷൻ വഹിച്ചു .ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബി അഷ്‌റഫ്‌ ഒച്ചുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു .ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ ഹഫീസ് ഷാഫി ,രാജേഷ് .കെ .എസ് ,നാട്ടുകാരായ സിദ്ധിക്ക്  സന്തോഷ്‌ നഗർ ,സുനൈഫ് ,ജലിൽ ബദ്രിയ ,ഷിബിലി മാര ,ഹമീദ് നെക്കര ,നൗഷാദ് എം  കെ ,അർഷാദ് ,അബ്ദുള്ള ബോംബെ ,ഷാഹുൽ ഹമീദ് ആശ പ്രവർത്തകർ ആയ ശശികല ,ശർമ്മിള തുടങ്ങിയവർ സംസാരിച്ചു.

No comments