JHL

JHL

മഞ്ചേശ്വരം ചർച്ച് ആക്രമണ കേസിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കുന്നു: യൂത്ത് ലീഗ്


മഞ്ചേശ്വരം(True News 22 August 2019): ലേഡി ഓഫ് മെർസി ചർച്ച്  സാമൂഹ്യ ദ്രോഹികളാൽ ആക്രമിക്കപ്പെട്ടത് എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ഏക സ്വരത്തിൽ അപലപ്പിക്കുകയും ഇരകൾക്കൊപ്പം നിന്ന് ഐക്യദാർഡ്യം പ്രകടിപ്പിക്കുകയും ചെയ്തതാണ്. പക്ഷെ അതിനിടയിൽ ബി.ജെ.പി ജില്ലാ നേതാവ് നിരുത്തരവാദപരമായ പ്രസ്താവനയാണ് നൽകുന്നതെന്ന് മുസ് ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സൈഫുള്ള തങ്ങളും, ജനറൽ  സെക്രട്ടറി ഗോൾഡൻ അബ്ദുൽ  റഹ് മാനും  പ്രസ്താവനയിൽ പറഞ്ഞു. യാതൊരു തെളിവുമില്ലാതെ  മണൽ മാഫിയാ സംഘങ്ങൾക്ക് മുസ്‌ലിം ലീഗ് നേതാക്കൾ ഒത്താശ ചെയ്ത് കൊടുക്കുന്നുവെന്ന കല്ലുവെച്ച നുണയാണ് ബി. ജെ.പി. പ്രചരിപ്പിക്കുന്നത്.
മഞ്ചേശ്വരം ഭാഗത്ത് മണൽ കച്ചവടം നടത്തുന്നത് ബി.ജെ.പി മുൻ പഞ്ചായത്ത് മെമ്പറും ,മറ്റൊരു ബി.ജെ.പി. നേതാവുമാണ്. ഇവർക്ക് കീഴിൽ ചില മുസ് ലിം കുട്ടികൾ കൂലി വേല ചെയ്യുന്നു. ഇതിനെ ചൂണ്ടി കാട്ടിയാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ്
മുസ്‌ലിം ലീഗ് നേതാക്കളാണ് മണൽ മാഫിയയെ സഹായിക്കുന്നതെന്ന് ആരോപിക്കുന്നത്. ഇത് തികച്ചും പ്രതിഷേധാർഹമാണെന്നും ഒരു ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാവിൽ നിന്ന് ഉണ്ടാകാൻ  പാടില്ലാത്തതാണെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
മണൽ മാഫിയ നിയന്ത്രിക്കുന്ന ബി.ജെ.പി നേതാവ് ലക്ഷങ്ങളുടെ വരുമാനമാണ് ഉണ്ടാകുന്നത്. അതിന്റെ വിഹിതം ജില്ലാ നേതാക്കൾക്കും നൽകപ്പെടുന്നുവെന്നാണ് ജന സംസാരം .
പകരം ഉദ്യോഗസ്ഥ തലത്തിൽ വേണ്ട ഒത്താശ ചെയ്ത് കൊടുത്തിട്ടാണ്  മണൽ കടത്തൽ തകൃതിയായി നടക്കുന്നത് . യുവാക്കളുടെ ദാരിദ്ര്യം മുതലെടുത്താണ് ഇത്തരം മാഫിയാ നേതാക്കൾ തടിച്ചു വളരുന്നത്. പണവും മറ്റു പലതും നൽകി തൊഴിലില്ലാത്ത യുവാക്കളെ പ്രലോഭിപ്പിച്ച് ക്രിമിനൽ കൃത്യങ്ങൾ ചെയ്യിപ്പിച്ച് സമയവും സന്ദർഭവും വരുമ്പോൾ
കൈ ഒഴിയലാണ്  മാഫിയാ നേതാക്കളുടെ പതിവ്. മഞ്ചേശ്വരത്ത് നടന്ന വീടാക്രമണവും അതേ പ്രകാരമാണ്. അനധികൃത മണൽ കടത്തലിനെതിരെ കേസ് നൽകിയാളുടെ   വീട് കയറി അക്രമിക്കാനുള്ള ധൈര്യം ചെറുപ്പക്കാരന് നൽകിയതാരാണ്. അവൻ മുമ്പൊരിക്കലും ക്രിമിനൽ കേസിൽ പെട്ടവനല്ല. അവനെ പ്രലോഭിപ്പിച്ച് അയച്ച അവന്റെ മുതലാളിയെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം .എന്നാൽ മാത്രമേ പിന്നിലെ ഗൂഡാലോചന പുറത്ത് വരികയുള്ളു.
 ചർച്ച് ആക്രമിക്കപ്പെട്ടതിന്റെ മറ പിടിച്ച് രണ്ട് സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്തുവാനുള്ള ശ്രമം ബി.ജെ.പി നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ടെന്ന് വേണം സംശയിക്കാൻ. പക്ഷെ ചർച്ചിലെ ഫാദറിന്റെ പക്വതയോടെയുള്ള ഇടപെടൽ കുഴപ്പങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് തടസ്സമായി. അതിന്റെ നിരാശയായിരിക്കാം ബി.ജെ.പി. നേതാവ്  മുസ്‌ലിം ലീഗിനെതിരെ കള്ള ആരോപണം നടത്തുന്നത്. പക്ഷെ ഈ രിതിയിലുള്ള കള്ള പ്രചരണങ്ങൾ പ്രബുദ്ധരായ മഞ്ചേശ്വരക്കാരുടെ ഇടയിൽ വില പോവില്ല .കഴിഞ്ഞ കുറേ വർഷമായി ഇന്നാട്ടിലെ നല്ലവരായ മതേതര, ജനാധിപത്യ വിശ്വാസികളായ  ജനങ്ങളുടെ ആശീർവാദത്താലാണ്  മുസ് ലിം ലീഗ് പ്രവർത്തിക്കുന്നത്. കലക്ക വെള്ളത്തിൽ നിന്നും മീൻ  പിടിക്കാമെന്ന വ്യാമോഹം ബി.ജെ.പി നേതാവ് ഒഴിവാക്കലാണ് നല്ലതെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

No comments