JHL

JHL

ചന്ദ്രഗിരി ജംഗ്‌ഷനിൽ സിഗ്നലിലേക്ക് വാഹനം ഇടിച്ച് കയറുന്നത് പതിവാകുന്നു. തെരുവ് വിളക്ക് കത്താത്തത് ഡ്രൈവർമാരെ കുഴക്കുന്നു.

കാസർകോട്(True News 29 August 2019):ബുധനാഴ്ച പുലർച്ചെ ഹരിയാണ രജിസ്‌ട്രേഷനിലുള്ള ചരക്കുലോറി സിഗ്നലിൽ ഇടിച്ച് നിർത്താതെപോയി. സി.സി.ടി.വി. ക്യാമറ പരിശോധിച്ച് ഈ ലോറി കുമ്പളയ്ക്ക് സമീപം പോലീസ് കസ്റ്റഡിയിലെടുത്തു.
കെ.എസ്.ടി.പി. റോഡ് തുടങ്ങുന്ന ചന്ദ്രഗിരി ജങ്‌ഷനിൽ തെരുവുവിളക്കുകൾ കത്താത്തത് അപകടത്തിന് കാരണമാകുന്നു. വെളിച്ചക്കുറവ് മൂലം ചരക്കുവാഹനങ്ങൾ ട്രാഫിക് സിഗ്നൽ തൂണിലിടിച്ച് ഓഗസ്റ്റിൽ മാത്രം രണ്ട് അപകടങ്ങളാണുണ്ടായത്. അപകടത്തിൽ സിഗ്നൽ ലൈറ്റുകൾ തകരാറിലാവുന്നതോടെ ട്രാഫിക് നിയന്ത്രണവും ബുദ്ധിമുട്ടിലായി.
സമാന സംഭവമാണ് ഓഗസ്റ്റ് 15-നുണ്ടായത്. പുണെയിലേക്ക് പോവുകയായിരുന്ന കേരള രജിസ്‌ട്രേഷൻ ലോറി പുലർച്ചെ ഒന്നരയോടെ സിഗ്നൽത്തൂണിലിടിച്ച് നിർത്താതെ പോയി. ഈ വണ്ടി തിരിച്ചുവരുന്ന സമയം പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കെ കേബിൾ ലോറിയിൽക്കുരുങ്ങി ജീവനക്കാരൻ താഴെവീണ സംഭവവും ഉണ്ടായി.
തെരുവുവിളക്കുകൾക്കൊപ്പം സിഗ്നലും തകരാറിലായതോടെയാണ് മേഖല പൂർണമായും ഇരുട്ടിലായത്. ഇതോടെ സിഗ്നൽത്തൂണുകൾ വ്യക്തമായി മനസ്സിലാകാത്ത സ്ഥിതിയാണുള്ളത്.
ഓഗസ്റ്റ് 15-ന്റെ അപകടത്തിൽ തകർന്ന സിഗ്നൽലൈറ്റുകളുടെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും അപകടം. പഴകിയ കേബിളുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായിരുന്നു. ഇതിന് കണക്ഷൻ നൽകാനിരിക്കെയാണ് വീണ്ടും അപകടം. രണ്ടുതവണത്തെ അപകടങ്ങളിലായി ഒന്നരലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്.

No comments