JHL

JHL

ജില്ലയിൽ 1054 സ്ഥിരം അധ്യാപകർ കുറവ്.

കാസർകോട്(www.truenewsmalayalam.com) : ജില്ലയിലെ സർക്കാർ–എയ്ഡഡ് വിദ്യാലയങ്ങളിലുമായി 1054 സ്ഥിരം അധ്യാപകരെ വേണം. സർക്കാർ വിദ്യാലയങ്ങളിൽ മാത്രമായി 976 സ്ഥിരം അധ്യാപകരുടെ കുറവാണുള്ളത്. എൽപിയിൽ മാത്രം 316 സ്ഥിരം അധ്യാപകരുടെ കുറവുണ്ട്. യുപിയിൽ 250, എച്ച്എസ്ടി 236, എച്ച്എസ്എസ്ടി 174 അധ്യാപകരുടെ കുറവുകൾ ഉണ്ടെന്ന്  എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ  പറഞ്ഞു.

എയ്ഡഡ് മേഖലയിൽ എൽപി 20, യുപി 34, ഹൈസ്കൂൾ 5, ഹയർസെക്കൻഡറി 19 എന്നിങ്ങനെയാണ് അധ്യാപകരുടെ കുറവ്. അതേസമയം, ഈ വിദ്യാലയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും സ്ഥിരം അധ്യാപകരുടെ കുറവുകൾ പഠന പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നു വിദ്യാഭ്യാസ അധികൃതർ പറഞ്ഞു. സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകരുടെ ഒഴിവുകൾ നികത്തുന്നതിനു നടപടി സ്വീകരിച്ചതായും എയ്ഡഡ് വിദ്യാലയങ്ങളിലെ സ്കൂൾ മാനേജർമാർ നിയമനം നടത്തുന്ന മുറയ്ക്കു ഒഴിവുകൾ നികത്തുമെന്നു മന്ത്രി അറിയിച്ചു.

എൽപി, യുപി വിഭാഗങ്ങളിലായി ആകെയുള്ള 566 ഒഴിവുകളിൽ 530 എണ്ണം പിഎസ്‍സിക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മറ്റു ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.വി.പുഷ്പ പറഞ്ഞു. യുപി, എൽപി വിഭാഗങ്ങളിൽ കന്നഡ ഭാഷ റാങ്ക് പട്ടിക നിലവിൽ ഇല്ലെന്നും യുപിഎസ്ടി മലയാളം ഉദ്യോഗാർഥികളുടെ അഭിമുഖം പൂർത്തിയായി റാങ്ക് പട്ടിക തയാറാവുകയാണെന്നും പിഎസ്‍സി ജില്ലാ ഓഫിസ് അറിയിച്ചു. എൽപിഎസ്ടി മലയാളം 149 ഒഴിവുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇതിന്റെ അടിസ്ഥാനത്തിൽ അഡ്വൈസ് മൊമോ അയയ്ക്കാൻ തുടങ്ങിയതായും അറിയിച്ചു.

ഒഴിവുകൾ പൂർണമായി റിപ്പോർട്ട് ചെയ്യുന്നില്ല: കെപിഎസ്ടിഎ 

കാസർകോട് ∙ നിയമസഭയിൽ മന്ത്രി നൽകിയ മറുപടി പ്രകാരമുള്ള ഒഴിവുകൾ അല്ല വിദ്യാഭ്യാസ അധികൃതർ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നു കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ആരോപിച്ചു. എൽപിഎസ്ടി റാങ്ക് പട്ടിക നിലവിൽ വന്നിട്ട് 2 മാസത്തോളമായിട്ടും നിയമന ശുപാർശ നൽകിയില്ല. യുപിഎസ്ടി റാങ്ക് പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ റാങ്കു പട്ടികകളിൽ നിയമനം കാത്തു കഴിയുന്ന നൂറുകണക്കിന് ഉദ്യോഗാർഥികളുണ്ട്.

അധ്യാപക ഒഴിവുകൾ പൂർണമായി റിപ്പോർട്ട് ചെയ്യാത്തത് ഉദ്യോഗാർഥികളോട് കാണിക്കുന്ന നീതി നിഷേധമാണെന്നു യോഗം കുറ്റപ്പെടുത്തി. ശക്തമായ സമരം നടത്താൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് കാനത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരിജ, ജില്ലാ സെക്രട്ടറി കെ.ശ്രീനിവാസൻ, പി.ശശിധരൻ, എ.വി.ഗിരീശൻ, ജി.കെ.ഗിരീഷ്, കെ.അനിൽകുമാർ, കെ.വി.വാസുദേവൻ നമ്പൂതിരി, ഷീല ചാക്കോ, ജോർജ് തോമസ്, അശോകൻ കോടോത്ത്, പി.എസ്.സന്തോഷ് കുമാർ, സി.കെ.വേണു, കെ.പി.രമേശൻ, പി.ചന്ദ്രമതി, ടി.രജേഷ് കുമാർ, സി.എം വർഗീസ് എന്നിവർ പ്രസംഗിച്ചു.


No comments