JHL

JHL

മൈല്‍സ്; ജനകീയ യജ്ഞം നാളെ.

മഞ്ചേശ്വർ(www.truenewsmalayalam.com) : മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിന്റെ വികസന സാധ്യതകളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാനായി സംഘടിപ്പിക്കുന്ന ജനകീയ വികസന പരിപാടി നാളെ മൊര്‍ത്തണ എ.എച്ച് പാലസില്‍.

 മഞ്ചേശ്വരം ഇനീഷ്യേറ്റീവ് ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് (മൈല്‍സ്) എന്ന് പേരിട്ട പദ്ധതിയിലൂടെ കോവിഡ് പ്രതിസന്ധിയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യേക സാഹചര്യത്തില്‍ നൂതന വഴികളിലൂടെ ജനങ്ങളെയാകെ ആസൂത്രണ-വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. 

ദീര്‍ഘവീക്ഷണത്തോടെ മണ്ഡലത്തിന്റെ വികസനം ഉറപ്പുവരുത്തുന്നതിനായി വികസന സാധ്യതകളും പിന്നോക്കാവസ്ഥയും സംബന്ധിച്ച് ഒരു വര്‍ഷക്കാലം  കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി. നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും വിലയിരുത്താനും അവസരമാക്കുന്ന തരത്തിലാണ് ജനകീയ വികസന പരിപാടി നടക്കുക. 

വികസന പരിപാടിയുടെ ഉദ്ഘാടനം മുന്‍ കേന്ദ്രമന്ത്രി എം. വീരപ്പമൊയ്‌ലി ജൂലൈ 23(ശനി) രാവിലെ 9.30ന് മൊര്‍ത്തണ എ.എച്ച് പാലസില്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. സബ്കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖ്യാതിഥിയാകും. ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ രമിത്ത് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തും.

ഉദ്ഘാടന ദിവസം ആരോഗ്യം, വിദ്യാഭ്യാസം, കായികം, ടൂറിസം രംഗങ്ങളിലെ വികസന സാധ്യതകള്‍ ചര്‍ച്ചയാകും. ഉദ്ഘാടന ദിവസം മണ്ഡലത്തിന്റെ പരിധിയിലുള്ള തൃതല പഞ്ചായത്തുകളിലെ വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും ഭാഗമാകും. 

ഉദ്ഘാടനത്തിന് ശേഷം തുടര്‍ച്ചയായ ഇടവേളകളില്‍ വിവിധ മേഖലകളിലെ വികസന സാധ്യതകളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനായി ജനകീയ വികസന പരിപാടി സംഘടിപ്പിക്കുമെന്ന് എ.കെ.എം അഷറഫ് എം.എല്‍.എ അറിയിച്ചു.


No comments