JHL

JHL

കുമ്പള ടൗണിൽ വിദ്യാർത്ഥികൾ തമ്മിലടി തുടർക്കഥയാവുന്നു: പൊലീസ് നിസ്സംഗതയിൽ നാട്ടുകാർക്ക് അമർഷം.



കുമ്പള:കുമ്പള ടൗണിൽ വിദ്യാർത്ഥികൾ തമ്മിലടി തുടർക്കഥയാവുന്നു. വൈകുന്നേരം സ്കൂൾ വിടുമ്പോഴും ഉച്ചഭക്ഷണത്തിന് വിടുമ്പോഴുമാണ് വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടുന്നത്. നിസ്സാര പ്രശ്നങ്ങളെ ചൊല്ലിയാണ് ഏറ്റുമുട്ടൽ. ഹൈസ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ അടികൂടുമ്പോൾ ചില സന്ദർഭങ്ങളിൽ പുറത്തുനിന്നുള്ള പൂവാല സംഘങ്ങളും പങ്കു ചേരുന്നത് ദിവസവും സംഘർഷം നിലനിൽക്കാൻ കാരണമാവുന്നു.
    കഴിഞ്ഞ കുറേ ദിവസങ്ങളായി തമ്മിലടി തുടരുകയാണ്. സംഭവം കുമ്പള ടൗണിൽ ആയതിനാൽ പിടിഎയ്ക്കും, അധ്യാപകർക്കും ഇടപെടാൻ സാധിക്കുന്നില്ല. വിദ്യാർത്ഥികളെ പലപ്പോഴും വ്യാപാരികളും, ഓട്ടോഡ്രൈവർമാരുമാണ് പിടിച്ചു മാറ്റുന്നത്.

 സ്കൂൾ വിട്ടാൽ വിദ്യാർത്ഥിനികൾ ഉൾപ്പെടെ ഏറെ നേരം ടൗണിൽ തങ്ങുന്നതും വിദ്യാർത്ഥികൾ ബൈക്കുകളും കാറുകളും കൊണ്ട് വരുന്നതും സംഘർഷത്തിന് ഇടവരുത്തുന്നു. ചൊവ്വാഴ്ച രാവിലെ ഒരു വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് കുമ്പള ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിനിക്ക് പരിക്കേറ്റിരുന്നു. വിദ്യാർത്ഥിനിയെ ഇടിച്ചിട്ട ബൈക്ക് നിർത്താതെ വിദ്യാർത്ഥി രക്ഷപ്പെട്ടു. കുട്ടിയെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  
ബുധനാഴ്ച കൂട്ടത്തല്ലിൽ ഏർപ്പെട്ട വിദ്യാർത്ഥികളെ പോലീസ് എത്തി ലാത്തിവീശി ഓടിച്ചു. സംഘർഷത്തിൽ ഏർപ്പെട്ടുവെന്ന് കരുതുന്ന ഒരു വിദ്യാർത്ഥിയുടെ ബൈക്ക് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിദ്യാർത്ഥികൾ ഓടിച്ചു വരുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും സംഘർഷത്തിലേർപ്പെടുന്ന വിദ്യാർത്ഥികളെ സ്റ്റേഷനിൽ കൊണ്ടുപോയി രക്ഷിതാക്കളെ വരുത്തി താക്കീതു ചെയ്ത് അയക്കുകയും ചെയ്താൽ തന്നെ സംഘർഷം ഒഴിവാകുമെന്ന് നാട്ടുകാർ പറയുന്നു.
         അതിനായി വൈകുന്നേരം സ്കൂൾ വിടുന്ന സമയത്തും ഉച്ചയൂൺ സമയത്തും കുമ്പള ടൗണിൽ സ്ഥിരമായി പോലീസിനെ നിയമിക്കണമെന്നും നാട്ടുകാരും, വ്യാപാരികളും ആവശ്യപ്പെടുന്നു.

No comments