JHL

JHL

ഇബ്രാഹിം ചെർക്കള ; സാംസ്കാരിക കാസർകോടിൻ്റെ നിറ സാന്നിധ്യം.

അനുസ്മരണം :
തനിമ കലാ സാംസ്കാരിക വേദി കാസർകോട് ജില്ലാ പ്രസിഡൻ്റ് അബു തായ് എഴുതുന്നു.....

വല്ലാതെ തളർത്തിക്കളഞ്ഞ ഒരു വാർത്തയായിരുന്നു ഇബ്രാഹിം ചെർക്കളയുടെ വിയോഗവാർത്ത ,

കഴിഞ്ഞാഴ്ചയിൽ അദ്ദേഹം ഒരു ഡൽഹി സന്ദർശനത്തിലായിരുന്നു. അത് കഴിഞ്ഞു വന്ന് യാത്രയുടെ വിവരങ്ങളും ഡൽഹിയെ കുറിച്ചുള്ള പുതിയ അറിവുകളും പകർന്നു നൽകുമെന്ന് പ്രതീക്ഷയിലായിരുന്നു. അതിനിടെയാണ് ഈ അപ്രതീക്ഷിതമായ അന്ത്യം

കാസർകോട്ട് സാംസ്കാരികമേഖലയിലെ നിറസാന്നിധ്യമായിരുന്നു ഇബ്രാഹിം ചെർക്കള എന്ന് പറഞ്ഞാൽ, സാധാരണ നാം കേൾക്കാറുള്ളത് പോലെയുള്ള ഒരു ഭംഗി വാക്കായല്ല അദ്ദേഹത്തെ അറിയുന്നവർക്ക് അത് അനുഭവപ്പെടുക. 100% സത്യമായിരുന്നു അത്.

ചെറുതും വലുതുമായ കാസർകോട്ടെ എല്ലാ സാംസ്കാരിക കൂട്ടായ്മയിലും എപ്പോഴും കലവറയില്ലാതെ സഹകരിക്കുന്ന ഒരു എഴുത്തുകാരൻ ആയിരുന്നു ഇബ്രാഹിം ചെർക്കള .

സാഹിത്യ വേദി കാസർഗോഡ്, തനിമ കലാസാഹിത്യ വേദി, സംസ്കൃതി, പുരോഗമന കലാ സാഹിത്യ സംഘം തുടങ്ങിയ കാസർകോട്ടെ സാംസ്കാരിക സംഘടനകളിലെല്ലാം അദ്ദേഹം നിറഞ്ഞു നിന്നിരുന്നു. 

അടുത്ത കാലം വരെ പ്രവാസിയായിരുന്ന ഇബ്രാഹിമിന്റേതായി 15 ഓളം പുസ്തകങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. അധികവും കഥകൾ തന്നെയാണ്.

തനിക്ക് ചുറ്റും നടക്കുന്നത് സൂക്ഷ്മതയോടെ നിരീക്ഷിച്ചിരുന്ന ഇബ്രാഹിം ലളിത സുന്ദരമായ വാക്കുകളിൽ അത് പകർത്തുകയായിരുന്നു. എല്ലാ നിലവാരത്തിലും പെട്ട വായനക്കാർക്കും ഒഴുക്കോടെ വായിച്ചു പോകാവുന്ന ഒരു എഴുത്തു ശൈലിയായിരുന്നു ഇബ്രാഹിമിന്റെത് .

എളിമയോടെ പതിഞ്ഞ ശബ്ദത്തിൽ മാത്രം സംസാരിച്ചിരുന്ന ഇബ്രാഹിം മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിത്വമാണ്. ചുറ്റുമുള്ളവരെ കുറിച്ച് ഗുണകാംക്ഷയോട് കൂടി മാത്രം സംസാരിക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തെ എപ്പോഴും വ്യത്യസ്തനാക്കുന്നു - 

സർവ്വശക്തൻ അവൻറെ ഉന്നത സ്വർഗ്ഗങ്ങളിൽ ഉയർന്ന സ്ഥാനം നൽകി ഇബ്രാഹിം ചെർക്കളയെ അനുഗ്രഹിക്കുമാറാകട്ടെ


No comments