JHL

JHL

ലുലു മാളിലെ നമസ്‌കാരം ആസൂത്രിത ഗൂഢാലോചനയെന്ന് സൂചന; സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് കൈമാറി

ലഖ്നൗ(www.truenewsmalayalam.com) : പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട ലഖ്‌നൗ ലുലു മാളിൽ ഒരു സംഘം ആളുകൾ നമസ്‌കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട വിവാദം ആസൂത്രിത ഗൂഢാലോചനയെന്ന് സംശയം.

 ഇവർ നമസ്‌കരിക്കാൻ വേണ്ടി മാത്രമാണ് മാളിലെത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാവുന്നത്.

 എട്ടുപേർ മാളിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഒന്നാം നിലയിൽ നിന്ന് നിസ്‌കരിക്കാൻ ആദ്യം ശ്രമം നടത്തുകയും അവിടെ നിന്നും പറ്റാതായപ്പോൾ മുകളിലെ നിലയിലേക്ക് കയറി.

 ആറു പേർ ഉടൻ തന്നെ നമസ്‌കരിക്കാൻ തുടങ്ങി. ബാക്കിയുള്ള രണ്ടു പേർ വീഡിയോ റെക്കോർഡുചെയ്യാനും ഫോട്ടോ എടുക്കാനും തുടങ്ങി. ഇത് മനപ്പൂർവം വിഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് കരുതുന്നത്. 'നാഷണൽ ഹെറാൾഡ്' ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

മാളിലെത്തിയ സംഘം ഷോപ്പിങ് നടത്തുകയോ മാൾ ചുറ്റിക്കാണുകയോ ചെയ്യുന്നില്ല. മാളിലെത്തിയ ഉടൻ തന്നെ നമസ്‌കരിക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്.

 ഗൂഢാലോചന സംബന്ധിച്ച് അഡീഷനൽ ഡെപ്യൂട്ടി കമ്മിഷണർ രാജേഷ് കുമാർ ശ്രീവാസ്തവയും സൂചന നൽകി. സാധാരണ നിസ്‌കാരത്തിന്റെ ചെറിയ രൂപമായ രണ്ടു റക്അത്ത് നിർവഹിക്കാൻ ചുരുങ്ങിയത് രണ്ട് മൂന്ന് മിനിറ്റ് സമയമെങ്കിലും വേണ്ടതാണ്. എന്നാൽ ഇവർ 18 സെക്കന്റ് കൊണ്ട് നിസ്‌കാരം പൂർത്തിയാക്കി. നമസ്‌കരിക്കുമ്പോൾ മക്കയിലെ കഅ്ബയ്ക്ക് നേരെയാണ് തിരിയേണ്ടതെങ്കിലും ഇവർ അങ്ങനെ ചെയ്തില്ലെന്ന് ലഖ്നൗവിലെ ആക്ടിവിസ്റ്റ് താഹിറ ഹസൻ ചൂണ്ടിക്കാട്ടി.

സോഷ്യൽ മീഡിയയിൽ ഇത് പ്രചരിപ്പിച്ചതിനുപിന്നാലെ പ്രകോപിതരായ ഹിന്ദു സംഘടനകൾ മുസ്‌ലിംകളെ മാളിൽ പ്രാർത്ഥിക്കാൻ അനുവദിച്ചാൽ അതുപോലെ ഹിന്ദു ആചാരങ്ങൾ ആചരിക്കാനും അവകാശമുണ്ടെന്ന വാദവുമായി മുന്നോട്ട് വരുകയും ലുലുമാളിനുമുന്നിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

 നമസ്‌കാര വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ഇതേതുടർന്ന് ഹിന്ദുത്വ സംഘടനകൾ ഹനുമാൻ ചാലിസ ചൊല്ലാൻ ശ്രമിച്ചതുമാണ് പുതിയ വിവാദങ്ങളുടെ തുടക്കം. കൂടാതെ മാളിനെതിരേ വർഗീയപ്രചാരണങ്ങളും കൊഴുക്കുകയാണ്. നമസ്‌കാരം നിർവഹിച്ചവർക്കെതിരെ യു.പി പൊലിസ് കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പക്ഷെ ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.


No comments