ജെയിംസ് വെബ് സ്പേസ് ദൂരദർശിനിയും അഞ്ചു ചിത്രങ്ങളും
ജെയിംസ് വെബ് സ്പേസ് ദൂരദർശിനി
നെക്സ്റ്റ് ജനറേഷൻ സ്പേസ് ടെലിസ്കോപ് എന്നറിയപ്പെട്ടിരുന്ന ദൂരദർശിനിക്ക് നാസ അഡ്മിനിസ്ട്രേറ്ററായിരുന്ന ജെയിംസ് ഇ. വെബിനോടുള്ള ആദര സൂചകമായാണ് ഈ പേരു നൽകിയത്. 1996ലായിരുന്നു ദൂരദർശിനിയുടെ നിർമാണവുമായി ബന്ധപ്പെട്ട ആദ്യചർച്ചകൾ നടക്കുന്നത്. പിന്നീട് മൂന്നു പതിറ്റാണ്ട് നീണ്ട ഗവേഷണത്തിലൂടെയാണ് ഈ ടെലിസ്കോപ്പിന്റെ നിർമാണം.
ഹബിൾ ആയിരുന്നു ജെയിംസ് വെബിന് മുമ്പുണ്ടായിരുന്ന ഏറ്റവും വലിയ സ്പേസ് ടെലിസ്കോപ്. എന്നാൽ, ഹബിളിനേക്കാൾ 100 മടങ്ങ് ശക്തമായ ചിത്രങ്ങളെടുക്കാൻ സാധിക്കുന്നതാണ് ജെയിംസ് വെബ്.
ഇൻഫ്രാറെഡ് സാങ്കേതികവിദ്യയിൽ നിർമിച്ച ടെലിസ്കോപ്പിലെ കണ്ണാടിയുടെ വ്യാസം 6.5 മീറ്ററാണ്. അൾട്രാലൈറ്റ് വെയ്റ്റ് ബെറിലിയം കൊണ്ടാണ് കണ്ണാടിയുടെ നിർമാണം. ഒരു ടെന്നിസ് കോർട്ടിന്റെ വലുപ്പമുള്ള അഞ്ച് പാളികളുള്ള സൺഷീൽഡാണ് വെബിന്റെ പ്രധാന പ്രത്യേകത. സൂര്യനിൽനിന്നുള്ള താപം കുറക്കാൻ ഇതിലൂടെ സാധിക്കും.
2021 ഡിസംബറിലായിരുന്നു ദൂരദർശിനിയുടെ വിക്ഷേപണം. നാസ, ഇ.എസ്.എ (യൂറോപ്യൻ ബഹിരാകാശ ഏജൻസി), സി.എസ്.എ (കനേഡിയൻ ബഹിരാകാശ ഏജൻസി) എന്നിവയുടെ അന്താരാഷ്ട്ര സഹകരണത്തോടെയാണ് നിർമാണം. 17 രാജ്യങ്ങളുടെ സംയുക്ത സംരംഭം. മഹാവിസ്ഫോടനം, ആദ്യ നക്ഷത്രങ്ങളുടെ ഉത്ഭവം, ആദ്യ ക്ഷീരപഥം, ക്ഷീരപഥങ്ങളിലെ തമോഗർത്തം, നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉത്ഭവം, നക്ഷത്ര രൂപവത്കരണം, ജീവന്റെ ഉത്ഭവം എന്നിവ ജെയിംസ് വെബിലൂടെ കണ്ടെത്തുകയാണ് ലക്ഷ്യം.
കാരിന നെബുല
നാസയുടെ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ് പകർത്തിയ പുതിയ ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 'കാരിന നെബുല'യുടെ ചിത്രം. ഭൂമിയിൽനിന്ന് 7600 പ്രകാശവർഷം അകലെയാണ് കാരിന. 'നക്ഷത്രങ്ങൾ ജനിക്കുന്നിടം' എന്നാണ് നാസ കാരിന നെബുലക്ക് വിശേഷണം നൽകിയിരിക്കുന്നത്.
എൻ.ജി.സി 3324 എന്നപേരിലും ഈ നെബുല അറിയപ്പെടുന്നു. നൂറുകണക്കിന് പുതിയ നക്ഷത്രങ്ങളോടൊപ്പം പുതിയ നക്ഷത്രങ്ങളുടെ പിറവികൂടി കാണിക്കുന്നതാണ് കാരിന. ഇത് അമ്പരപ്പിക്കുന്ന വിവരമാണെന്ന് നാസ തന്നെ വ്യക്തമാക്കിയിരുന്നു.
തിളങ്ങുന്ന നക്ഷത്രങ്ങളും പർവതരൂപങ്ങളും താഴ്വര രൂപങ്ങളുമുള്ള ഇടമാണിത്. കോസ്മിക് ക്ലിഫ്സ് എന്ന് വിളിക്കപ്പെടുന്ന കാരിനയുടെ ചിത്രം വെബ് ടെലിസ്കോപ്പിന്റെ ത്രിമാന കണ്ണിലുടെ കാണുമ്പോൾ ചന്ദ്രപ്രകാശമുള്ള സായാഹ്നത്തിൽ പാറകൾ നിറഞ്ഞ പർവതക്കൂട്ടം പോലെയാണ് കാണപ്പെടുന്നത്. യഥാർഥത്തിൽ ഇത് എൻ.ജി.സി 3324നുള്ളിലെ ഭീമാകാരമായ വാതക അറയുടെ അരികാണ്. ഈ ചിത്രത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്തിന് ഏകദേശം ഏഴു പ്രകാശവർഷം ഉയരമുണ്ട്.
സതേൺ റിങ് നെബുല
എൻ.ജി.സി 3132 അല്ലെങ്കിൽ, സതേൺ റിങ് നെബുല എന്നറിയപ്പെടുന്ന പ്ലാനറ്ററി നെബുലയുടെ ചിത്രമാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ് പകർത്തിയ ചിത്രങ്ങളിൽ മറ്റൊന്ന്. 2500 പ്രകാശവർഷം അകലെയാണ് സതേണ് റിങ് നെബുലയുടെ സ്ഥാനം.
തെക്കൻ ആകാശത്തിലെ നക്ഷത്രസമൂഹത്തിലെ മനോഹരമായ തിളങ്ങുന്ന വാതക ഭാഗമാണിത്. ഇതിന്റെ മധ്യത്തിലായി രണ്ട് നക്ഷത്രങ്ങളുണ്ട്. ഇതിൽ തിളക്കം കുറഞ്ഞ ഒരെണ്ണം വെള്ള കുള്ളനാണ്. മരിക്കുന്ന നക്ഷത്രങ്ങൾ പുറന്തള്ളുന്ന വാതകത്തിന്റെയും പൊടിപടലങ്ങളും നിറഞ്ഞതാണ് സതേൺ റിങ് നെബുല.
സ്റ്റെഫാന്സ് ക്വിന്ററ്റ്
അഞ്ച് ഗാലക്സികളുടെ കാഴ്ച വിസ്മയംതന്നെയാണ് സ്റ്റെഫാന്സ് ക്വിന്ററ്റ്. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഈ ഗാലക്സിക്കൂട്ടങ്ങളുടെ പുതിയ വെളിച്ചത്തിലേക്കാണ് ചെന്നെത്തിയിരിക്കുന്നത്. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ് പകർത്തിയ ഏറ്റവും വലിയ ചിത്രംകൂടിയാണിത്. 150 ദശലക്ഷത്തിലധികം പിക്സലുകൾ ഈ ചിത്രത്തിൽ മാത്രം അടങ്ങിയിട്ടുണ്ട്. ഏകദേശം 1000 വ്യത്യസ്ത ഇമേജ് ഫയലുകളിൽനിന്നാണ് ഈ കാഴ്ചവിസ്മയം തയാറാക്കിയിരിക്കുന്നത്.
വെബിലൂടെ ലഭിച്ച വിവരങ്ങൾ പ്രപഞ്ചത്തിന്റെ ആദ്യഘട്ടവും ഗാലക്സിയുടെ പരിണാമങ്ങളും സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് നാസ വ്യക്തമാക്കുന്നത്. അതിശക്തമായ ഇൻഫ്രാറെഡ് റേഡിയേഷനടക്കം ഉള്ളതിനാൽ ഈ ഗാലക്സി ഗ്രൂപ്പിലെ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിരുന്നില്ല. ദശലക്ഷക്കണക്കിന് പുതിയ നക്ഷത്രങ്ങളുടെ മിന്നുന്ന കൂട്ടവും പുത്തൻ നക്ഷത്രങ്ങൾ പിറവിയെടുക്കുന്നതിന്റെ അടയാളപ്പെടുത്തലുകളും ഈ ചിത്രത്തെ മനോഹരമാക്കുന്നുണ്ട്.
SMACS 0723
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി നിർമിച്ചെടുത്ത വിദൂര പ്രപഞ്ചത്തിലെ ഏറ്റവും ആഴമേറിയതും വ്യക്തതയുള്ളതുമായ ഇൻഫ്രാറെഡ് ചിത്രമാണ് SMACS 0723. ടെലിസ്കോപ് വഴി നാസക്ക് ഏറ്റവും കൂടുതൽ വിശദാംശങ്ങൾ ലഭിച്ചതും ഇതിന്റെ തന്നെയാണ്.
ആയിരക്കണക്കിന് ഗാലക്സികൾ ഉൾപ്പെടുന്ന, ഇൻഫ്രാറെഡിൽ ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മങ്ങിയ വസ്തുക്കൾ വരെ ഉൾക്കൊള്ളിച്ച ചിത്രംകൂടിയാണിത്.
വാസ്പ് -96 ബി
ഭൂമിക്കപ്പുറം ജലത്തിന്റെ സാന്നിധ്യമുണ്ടോ എന്ന അന്വേഷണത്തിന് വലിയൊരു ഉത്തരം കിട്ടിയ കണ്ടുപിടിത്തമായിരുന്നു 'വാസ്പ് 96 ബി'യുടേത്. ജെയിംസ് വെബ് ടെലിസ്കോപ്പിലൂടെ വിദൂരഗ്രഹത്തിലെ ജലസാന്നിധ്യവും തിരിച്ചറിഞ്ഞിരിക്കുന്നു നാസ. 1150 പ്രകാശവർഷം അകലെയാണ് വാസ്പ് -96 ബി. ഇവിടെയാണ് ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. മേഘക്കൂട്ടങ്ങളും ധൂളീപടലങ്ങളും ദൃശ്യമാകുന്ന ഇടംകൂടിയാണ് ഇവിടം. കഠിനമായ ചൂടുള്ള അന്തരീക്ഷത്തിൽ വാതകങ്ങളുമുണ്ട്. സൂര്യനെപ്പോലെ തോന്നിപ്പിക്കുന്ന നക്ഷത്രത്തെ ഇത് വലംവെച്ചുകൊണ്ടേയിരിക്കുകയാണെന്ന് നാസ പറയുന്നു. ഭീമൻ ഗ്രഹത്തിന് ചുറ്റുമുള്ള അന്തരീക്ഷത്തിൽ മേഘങ്ങൾക്കും മൂടൽമഞ്ഞിനുമുള്ള തെളിവുകൾ സഹിതം ജലത്തിന്റെ സാന്നിധ്യം ജെയിംസ് വെബ് ടെലിസ്കോപ് കണ്ടെത്തിയിരിക്കുന്നു.
വ്യാഴം, ശനി, നെപ്റ്റ്യൂൺ, യുറാനസ് എന്നീ ഗ്രഹങ്ങളെപ്പോലെ കട്ടിയേറിയ ഉൾക്കാമ്പും അതിനെ പൊതിഞ്ഞുനിൽക്കുന്ന വാതക ഉപരിതലവുമുള്ള ഗ്രഹമാണ് വാസ്പ് 96 ബി. ഭൂമിക്കപ്പുറത്തുള്ള വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഒരു വലിയ കുതിച്ചുചാട്ടമാണ് ജെയിംസ് വെബിന്റെ നിരീക്ഷണങ്ങളെന്ന് നാസ അവകാശപ്പെടുന്നുണ്ട്.
നെബുല
മേഘം (Cloud) എന്ന അർഥം വരുന്ന ലാറ്റിൻ പദത്തിൽനിന്നാണ് നെബുല എന്ന വാക്കുണ്ടായത്. മലയാളത്തിൽ ഇതിനെ നീഹാരിക എന്നും പറയും. പ്രപഞ്ചത്തിൽ ഏറ്റവും സൗന്ദര്യം കൂടിയത് എന്ന വിശേഷണം കൂടിയുണ്ട് നെബുലക്ക്. വാതകങ്ങളും പൊടിപടലങ്ങളുമെല്ലാം കൂടിക്കലർന്ന് ഗാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിൽ പ്രകാശവർഷങ്ങളോളം വിസ്തൃതിയിൽ കാണപ്പെടുന്ന വാതക ധൂളി മേഘ പടലക്കൂട്ടമാണ് നെബുലകൾ. പുതിയ നക്ഷത്രങ്ങളിൽ അധികവും രൂപപ്പെടുന്നത് നെബുലകളിലാണ്. നക്ഷത്രങ്ങളുടെ നഴ്സറിയെന്നും നെബുലകളെ വിളിക്കും.
Post a Comment