JHL

JHL

ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച; കുമ്പളയിൽ വിജയ പ്രതീക്ഷയിൽ മുന്നണികൾ.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ  ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച.  സംസ്ഥാന തലത്തിൽ ഏറെ ശ്രദ്ധേയമായ ഉപതെരഞ്ഞെടുപ്പിൽ ഏറെ വിജയപ്രതീക്ഷയിലാണ് മുന്നണികൾ. എൽ ഡി എഫ്, യു ഡി എഫ്, മുന്നണികൾക്കൊപ്പം കടുത്ത മത്സരം  കാഴ്ചവെക്കാനാണ് ബി ജെ പിയുടെയും എസ് ഡി പി ഐ യുടെയും നീക്കം. ഇപ്രാവശ്യം വിജയം തട്ടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഈ പാർട്ടികളും.

 ബിഎംഎസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പഞ്ചായത്ത് അംഗം കൊഗ്ഗുവിന് ജയിൽശിക്ഷ ലഭിച്ചതിനെത്തുടർന്നാണ്  പെർവാഡ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

 മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എ.കെ. എം. അഷ്റഫ് എംഎൽഎ, മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, ഡിസിസി നിർവാഹക സമിതി അംഗങ്ങളായ സുന്ദര അരിക്കാടി, മഞ്ചുനാഥ ആൾവ, ലക്ഷ്മണ പ്രഭു, രവി പൂജാരി, നാസർ മൊഗ്രാൽ എന്നിവരാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കു വേണ്ടി പ്രചാരണത്തിന് എത്തിയത്. എംജി നാസറാണ്  യുഡിഎഫ് സ്ഥാനാർത്ഥി.

 ഉദുമ എംഎൽഎ അഡ്വ. സി. എച്ച്. കുഞ്ഞമ്പു, മുൻ എം എൽ എ കെ.പി. സതീഷ് ചന്ദ്രൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.വി. രമേശൻ, ശങ്കർ റൈ മാസ്റ്റർ, ഏരിയ കമ്മിറ്റി സെക്രട്ടറി സി.എ. സുബൈർ, രഘു ദേവൻ മാസ്റ്റർ, പഞ്ചായത്തംഗം റിയാസ് മൊഗ്രാൽ, എൽഡിഎഫ് ഘടകകക്ഷി നേതാക്കളായ അഹമ്മദലി കുമ്പള, ജയപ്രകാശ്, താജുദ്ദീൻ എന്നിവരാണ് സി പി എം സ്ഥാനാർത്ഥിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങിയത്. എസ്. അനിൽകുമാറാണ്  സ്ഥാനാർത്ഥി.

 ബിജെപി കുമ്പള ഗ്രാമ പഞ്ചായത്തിലെ ഒമ്പത് അംഗങ്ങളെയാണ് പ്രചാരണത്തിന് നിയോഗിച്ചത്. പഞ്ചായത്തിലെ അംഗസംഖ്യ പത്തായി ഉയർത്തി പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയാണ് ബിജെപി ലക്ഷ്യം. കേന്ദ്ര സർക്കാർ പദ്ധതികൾ കൊണ്ടു വരുമെന്നാണ് ബിജെപി വോട്ടർമാർക്ക് നൽകിയിട്ടുള്ള വാഗ്ദാനം. മുരളി യാദവാണ് സ്ഥാനാർഥി.

 ചിട്ടയായ പ്രവർത്തനവുമായാണ് എസ്ഡിപിഐ കളത്തിലിറങ്ങിയത്. കുമ്പള ഗ്രാമ പഞ്ചായത്തിലെ ഏക എസ്ഡിപിഐ അംഗം അൻവർ ആരിക്കാടിയാണ് നേതൃത്വം നൽകിയത്. ക്യാമ്പസ് ഫ്രണ്ട് മുൻ ജില്ല പ്രസിഡണ്ട് ഷാനിഫ് മൊഗ്രാലാണ് എസ്ഡിപിഐ സ്ഥാനാർഥി.

 സി പി എമ്മിന് സീറ്റ് നില നിർത്താനുള്ള പോരാട്ടമാണെങ്കിൽ യു ഡി എഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം സി പി എം, ബി ജെ പിയുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന് ചുട്ട മറുപടി നൽകുകയാണ് ലക്ഷ്യം. ബി ജെ പിയുമായുള്ള സി പി എം കൂട്ടുകെട്ട് ഭരണകക്ഷിയായ ലീഗിന് ഒരു സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പദവി പോലും ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കിയിരുന്നു.

 നിലവിൽ ഒമ്പതു സീറ്റുകളുള്ള ബി ജെ പി, ഒരു സീറ്റ് വർദ്ധിപ്പിച്ച് ഭരണം കൈക്കലാക്കാനുള്ള ശ്രമത്തിലാണ്.

23 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യു ഡി എഫ് - 10, ബിജെപി- 9, സി പി എം (സ്വതന്ത്രരുൾപ്പെടെ) - 3, എസ് ഡി പി ഐ - 1 എന്നിങ്ങനെയാണ് കക്ഷിനില.


No comments