അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് തസ്തിക സൃഷ്ടിക്കണം; കെ.ജി.എം.ഒ.എ.
കാസർകോട്(www.truenewsmalayalam.com) : കഴിഞ്ഞയാഴ്ച പ്രവർത്തനം ആരംഭിച്ച കാഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ഡോക്ടർമാരുടെ തസ്തികകളും മറ്റു ജീവനക്കാരുടെ തസ്തികകളും സൃഷ്ടിക്കണമെന്ന് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിൽ ഒരു ഡോക്ടറുടെ തസ്തിക പോലും സൃഷ്ടിക്കാതെ മറ്റ് ആശുപത്രികളിൽ നിന്നും ജോലി ക്രമീകരണം നടത്തിയാണ് അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഇത് ജില്ലയിലെ മറ്റു ആശുപത്രികളുടെ പ്രവർത്തനത്തെ താളം തെറ്റിക്കും.ജില്ലയിലെ ഭൂരിഭാഗം ആശുപത്രികളിലും ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ തസ്തികകൾ കുറവാണ്. ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി എന്നിങ്ങനെ രണ്ട് ആശുപത്രികളിൽ മാത്രമാണ് പ്രസവ ചികിത്സാ സൗകര്യമുള്ളത്. അഞ്ച് താലൂക്കാശുപത്രികൾ ഉണ്ടെങ്കിലും ഒന്നിൽ പോലും നിലവിൽ പ്രസവ ചികിത്സയില്ല. മഞ്ചേശ്വരം സിഎച്ച്സിയിലെയും നീലേശ്വരം താലൂക്ക് ആശുപത്രിയിലെയും ഗൈനക്കോളജിസ്റ്റിനെ ജില്ലാശുപത്രിയിലേക്ക് ജോലി ക്രമീകരണത്തിൽ നിയമിച്ചാണ് അവിടെ 24 മണിക്കൂറും പ്രസവ ചികിത്സാ വിഭാഗം പ്രവർത്തിക്കുന്നത്.
തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ ഒരു ഗൈനക്കോളജി ഡോക്ടറുണ്ട്. ഇവരെയും അമ്മയും കുഞ്ഞും ആശുപത്രിയിലേക്കു മാറ്റി.വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി പൂടംകല്ല്, നീലേശ്വരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രസവ ചികിത്സയ്ക്കു വേണ്ടി കെട്ടിടം നിർമാണം തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല.അമ്മയും കുഞ്ഞും ആശുപത്രി തുറക്കുന്നതിനായി എട്ട് തസ്തികകളാണ് നിലവിൽ സൃഷ്ടിച്ചിരിക്കുന്നത്. സൂപ്രണ്ട് ഒഴിച്ച് ഒരു ഡോക്ടറുടെ തസ്തിക പോലുമില്ല. ടാറ്റ ട്രസ്റ്റ് ആശുപത്രിയിലെ ജോലിക്രമീകരണത്തിൽ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പന്ത്രണ്ടോളവും, മറ്റു സ്ഥാപനങ്ങളിലെ മൂന്ന് ഡോക്ടർമാരെയുമാണ് ഇപ്പോൾ അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. 9 ഗൈനക്കോളജിസ്റ്റുകൾ മാത്രമാണ് ജില്ലയിൽ ആകെ ഉള്ളത്. പുതിയ പോസ്റ്റുകൾ സൃഷ്ടിക്കാതെ ഇവരിൽ നിന്ന് വീണ്ടും പുതിയ അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റുന്നത് ഗുരുതരമായ പ്രതിസന്ധിക്കിട വരുത്തുമെന്ന് കെജിഎംഒഎ ജില്ലാ കമ്മിറ്റി പറഞ്ഞു.
Post a Comment